കൊച്ചി: കൊല്ലം അഞ്ചലിൽ യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതികൾ പിടിയിൽ. മുൻ സൈനികരായ പ്രതികളെ പിടികൂടി. സൈബർ കോമിങ്ങിലൂടെയാണ് ഇവരെ പിടികൂടിയത്. കൊല്ലം അലയമൺ ചന്ദ്രവിലാസത്തിൽ ദിവിൽകുമാർ (41), കണ്ണൂർ ശ്രീകണ്ഠപുരം കൈതപ്രം പുതുശേരി വീട്ടിൽ രാജേഷ് (46) എന്നിവരെയാണ് പിടികൂടിയത്.
ഇവരിലേക്ക് എത്തുന്നതിനായി അന്വേഷണ സംഘം 10,000 സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചു. 18 വർഷത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതികൾ. ഇവരെ കണ്ടെത്താൻ സിബിഐയും കേരള പോലീസും മൂന്ന് മാസമായി നടത്തിവന്ന സൈബർ കോമിങ്ങാണ് പുതുച്ചേരിയിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്.
പ്രതികളിൽ ഒരാളുടെ ജീവിതപങ്കാളിയായ അധ്യാപിക സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് പ്രതികളിലേക്ക് അന്വേഷണ സംഘത്തെ എത്തിച്ചത്. കേരള പോലീസിന്റെ സഹായത്തോടെ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രതികളുടെ പുതിയ ചിത്രങ്ങൾ തയ്യാറാക്കിയത്. ഒളിവിൽ പോകുന്ന സമയം ദിവിൽകുമാറിന് 23 വയസും രാജേഷിന് 28 വയസും ആയിരുന്നു പ്രായം.
ഇവരുടെ അന്നത്തെ പ്രായത്തിലെ ചിത്രങ്ങൾ ശേഖരിച്ച ശേഷം ഓരോ അഞ്ച് വർഷം കഴിയുമ്പോഴും ഇവരുടെ രൂപത്തിലുണ്ടാകുന്ന മാറ്റം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ അന്വേഷണ സംഘം രൂപീകരിച്ചു. ഇരുവരുടെയും ഇത്തരത്തിലുള്ള 20 ചിത്രങ്ങളാണ് തയ്യാറാക്കിയത്. ഈ ചിത്രങ്ങളുമായി സാദൃശ്യമുള്ള ചിത്രങ്ങൾ നിരീക്ഷണത്തിലുള്ള സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്താൽ പോലീസിന് മുന്നറിയിപ്പ് ലഭിക്കുമായിരുന്നു.
പോലീസിന്റെ സൈബർ കുറ്റാന്വേഷണ വിഭാഗത്തിനാണ് മുന്നറിയിപ്പ് ലഭിക്കുക. ഇത്തരത്തിൽ കഴിഞ്ഞ രണ്ട് മാസങ്ങൾക്കിടയിൽ പത്തിലധികം മുന്നറിയിപ്പുകൾ പോലീസിന് ലഭിച്ചു. ഇതിനിടെയാണ് അധ്യാപിക ഒരു യാത്രയിലെടുത്ത ഇവരുടെ കുടുംബ ചിത്രം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ചത്. ചിത്രത്തിലെ യുവാവിന് പ്രതികളിൽ ഒരാളുടെ എഐ ചിത്രവുമായി സാദൃശ്യമുണ്ടായിരുന്നു.
ഇതോടെ അന്വേഷണ സംഘം രണ്ടാഴ്ചയോളം അധ്യാപികയുടെ സമൂഹ മാധ്യമ അക്കൗണ്ടിലെ പോസ്റ്റുകൾ നിരീക്ഷിച്ചു. ഇവർ നേരത്തെ പോസ്റ്റ് ചെയ്ത ചിത്രങ്ങളും പരിശോധിച്ചു. ഇതിന് ശേഷം യുവാവിനെ പുതുച്ചേരിയിൽ എത്തി നേരിട്ട് നിരീക്ഷിക്കാൻ ആരംഭിച്ചു. ഇയാൾ നടത്തുന്ന സ്ഥാപനത്തിൽ എത്തിയ മറ്റൊരാളുമായി രണ്ടാമത്തെ പ്രതിയുടെ ചിത്രത്തിനും സാദൃശ്യം കണ്ടെത്തി. ഇതോടെ സിബിഐ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തും.
ആദ്യഘട്ടത്തിൽ പ്രതിരോധത്തിന് ശ്രമിച്ച പ്രതികൾ പിന്നീട് കുറ്റസമ്മതം നടത്തി. രഞ്ജിനിയെയും 17 ദിവസം പ്രായമായ ഇരട്ടക്കുഞ്ഞുങ്ങളെയും രണ്ടാം പ്രതിയായ രാജേഷാണ് കൊലപ്പെടുത്തിയതെന്ന് ഒന്നാം പ്രതി ദിവിൽകുമാർ മൊഴി നൽകി. രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാൻ നിർദേശിച്ചതും രാജേഷ് ആണെന്ന് മൊഴിയിൽ പറയുന്നു.
ഇരട്ടക്കുഞ്ഞുങ്ങളുടെ ജനനത്തിന് മുൻപേ തന്നെ പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. രഞ്ജിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ രാജേഷ് അവിടെയെത്തി കുടുംബവുമായി പരിചയം സ്ഥാപിക്കുകയായിരുന്നു. ഇവരെ വാടക വീട്ടിലേക്ക് മാറ്റിയത് ഉൾപ്പെടെ കൊലപാതകം നടത്തണമെന്ന ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
ALSO READ: ഉമാ തോമസ് എം എൽ എയുടെ ആരോഗ്യനിലയിൽ മികച്ച പുരോഗതി; ആരോഗ്യനിലയിൽ തൃപ്തിയുണ്ടെന്ന് ഡോക്ടർമാരുടെ സംഘം
കുഞ്ഞുങ്ങളുടെ പിതൃത്വം ദിവിൽകുമാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതോടെയാണ് കൊല നടത്തിയത്. രഞ്ജിനിയെ പീഡിപ്പിച്ചാണ് ഗർഭിണിയാക്കിയതെന്ന് യുവതിയുടെ അമ്മ പറഞ്ഞു. കൊല നടത്തിയതിന് ശേഷം 18 വർഷത്തോളമാണ് പ്രതികൾ ഒളിവിൽ കഴിഞ്ഞത്. 2008ലാണ് പോണ്ടിച്ചേരിയിൽ എത്തിയത്. കൊലപാതകത്തിന് ശേഷം രണ്ട് വർഷം ഇന്ത്യ മുഴുവൻ സഞ്ചരിച്ചു. പിടിക്കപ്പെടാതിരിക്കാൻ ബന്ധുക്കളുമായുള്ള ബന്ധം വിച്ഛേദിച്ചു.
സൈന്യത്തിലുണ്ടായിരുന്ന സമയത്ത് ശമ്പളത്തിൽ നിന്ന് മിച്ചം പിടിച്ച തുക കൊണ്ടാണ് യാത്രകൾ നടത്തിയത്. നേരത്തെ തന്നെ ഇരുവരും ഇന്റീരിയർ ഡിസൈനിങ്ങ് പഠിച്ചിരുന്നു. പോണ്ടിച്ചേരിയിൽ എത്തി വിഷ്ണുവെന്നും പ്രദീപെന്നും പേര് മാറ്റി. പോണ്ടിച്ചേരി സ്വദേശിനിയായ അധ്യാപികയെ വിവാഹം കഴിച്ചതോടെ പിടിക്കില്ലെന്നായിരുന്നു കരുതിയതെന്നും പ്രതികൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.