കണ്ണൂർ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളം കണ്ടു കൊണ്ടിക്കുകയാണ് കേരള വൈദ്യുതി ബോര്‍ഡും മോട്ടോര്‍വാഹന വകുപ്പും തമ്മിലുള്ള പോര്. അത് നാടാകെ ചർച്ചയാകുന്നതിനിടയിലാണ് ട്രോളുമായി മിൽമ രംഗത്ത് എത്തിയിരിക്കുന്നത്. ഫൈൻ അടച്ച് ക്ഷീണമായെങ്കിൽ ഇനിയൽപ്പം മിൽമ ജ്യൂയി ആവാമെന്നാണ് ട്രോൾ. കെ.എസ്.ഇ.ബി, എം.വി.ഡി. ലോഗോയും സ്കോർബോർഡും അതിനടിയിൽ മിൽമയുടെ ഉത്പന്നമായ ജ്യൂയിയുടെ ചിത്രവുമുണ്ട്.
നിയമവും നിയന്ത്രണവും ഏവർക്കും ബാധകമാകുന്ന ഈ മത്സരത്തിൽ പങ്കെടുക്കുന്നവർക്കും കാഴ്ചക്കാർക്കും ക്ഷീണമായെങ്കിൽ ഒരൽപ്പം മിൽമ ജ്യൂയി ആകാം എന്ന അടിക്കുറിപ്പോടെയാണ് മലബാർ മിൽമയുടെ ഫെയ്‌സ് ബുക്ക് പേജിൽ ട്രോൾ പോസ്റ്റ് ചെെയ്തിട്ടുള്ളത്. നിരവധി പേരാണ് ഇതിന് കമ്മന്റുകളുമായി എത്തുന്നത്. ഇങ്ങനെ പരസ്യമായി ട്രോളേണ്ടിയിരുന്നില്ല., നന്ദിനി പാൽ ആയാലും മതി, അപ്പനിട്ട് തന്നെ താങ്ങണം, വില കുറവിൽ നന്ദിനി ഉള്ളപ്പോൾ ഫൈനടിച്ചു പോക്കറ്റ് കാലിയായ സമയം എന്തിനു ഒരു പരീക്ഷണം എന്നിങ്ങനെ പോകുന്നു ആളുകളുടെ പ്രതികരണം. ഈ പോസ്റ്റിന് താഴെ മിൽമയെയും ആളുകൾ നന്നായി ട്രോളികൊണ്ടിരിക്കുകയാണ്.
ALSO READ: നായകനായി കെൽട്രോൺ...കെ.എസ്.ഇബിയുടെ പകയിൽ നിന്നും എം.വി.ഡിയെ ഇവർ രക്ഷിക്കും
അതേസമയം രണ്ടു വകുപ്പുകൾ തമ്മിലുള്ള പോരിന് വിരാമമിടാനായി കെൽട്രോൺ രംഗപ്രവേശം നടത്തിയിട്ടുണ്ട്. സേഫ് കേരള ഓഫീസുകളുടെ വൈദ്യുതിച്ചെലവ് ഇനിമുതല്‍ കെല്‍ട്രോണ്‍ വഹിക്കും. എന്‍ഫോഴ്സ്മെന്റ് ഓഫീസുകളുടെ പരിപാലന ചുമതല എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയതോടെ മോട്ടോര്‍വാഹനവകുപ്പ് കെല്‍ട്രോണിന് കൈമാറിയിരുന്നു. തീര്‍ക്കാനുള്ളത് നിലവിലെ കുടിശ്ശിക മാത്രമാണ്.
റോഡ് സുരക്ഷാഫണ്ടില്‍ ഇത് അടയ്ക്കും. ആര്‍.ടി.ഒ.മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് റോഡ് സുരക്ഷാ ഫണ്ടില്‍നിന്നു തുക അനുവദിക്കുന്ന രീതിയാണ് ഇതുവരെയുണ്ടായിരുന്നത്.
എന്നാൽ ഇതിന് കാലതാമസം ഉണ്ടായതാണ് വൈദ്യുതി ബില്‍ കുടിശ്ശികയാകുന്ന സാഹചര്യം ഉണ്ടായത്. സംസ്ഥാനത്തെ 14 ജില്ലയിലെയും എന്‍ഫോഴ്സ്മെന്റ് ഓഫീസുകളും ക്യാമറ കണ്‍ട്രോള്‍റൂമുകളായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കേണ്ടത് കെല്‍ട്രോണിന്റെ ചുമതലയാണ്. അതിനായി ചിലവാകുന്ന തുക റോഡ് സുരക്ഷാ അതോറിറ്റിയില്‍നിന്നും പിന്നീട് നൽകും. ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴയുടെ 50 ശതമാനം റോഡ് സുരക്ഷാ അതോറിറ്റിക്ക് കൈമാറുന്നുണ്ട്. റോഡ് സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...