Thiruvananthapuram : സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ അനുമതി നൽകി എൽഡിഎഫ് യോഗം. മിനിമം നിരക്ക് നിലവിലെ 8 രൂപയിൽ നിന്ന് 10 രൂപയായി ആണ് വർധിപ്പിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ തള്ളി. വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിരക്ക് വർധിപ്പിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. എകെജി സെൻററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്.
ബസ് ചാർജ് മിനിമം 12 രൂപയാക്കണമെന്നായിരുന്നു ബസ് ഉടമകളുടെ ആവശ്യം. ഇതിന് മുമ്പ് ബസ് ചാർജ്ജ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ്സുടമകൾ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയിൽ വിഷയത്തിൽ അന്തിമ തീരുമാനത്തിൽ എത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ച് സ്വകാര്യ ബസ്സുടമകൾ സമരവുമായി മുന്നോട്ടു പോവുകയും ചെയ്തിരുന്നു.
ALSO READ: Fuel Price Hike: ഇന്ധനവില ഉയർന്ന് തന്നെ; ഒൻപത് ദിവസത്തിനിടെ കൂടിയത് ആറ് രൂപയിലധികം
ഇപ്പോൾ നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതികരണവുമായി ബസ് ഉടമകൾ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം, കൺസഷൻ നിരക്ക് കൂട്ടാതെ ചാർജ് വർധന ഫലപ്രദമല്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. നിരക്ക് വർധനവിലും ബസ്സുടമകൾ അതൃപ്തി പ്രകടിപ്പിച്ചു. തീരുമാനം സ്വീകാര്യമല്ലെന്നാണ് ഭൂരിഭാഗം ബസ്സുടമകളും വ്യക്തമാക്കുന്നത്. സർക്കാർ ഉത്തരവ് പുറത്തിറങ്ങുന്നതോടെ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.