തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊറോണ (Covid19)സ്ഥിരീകരിച്ചത് 5375 പേർക്കാണ്. 4596 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 617 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 6151 പേർ രോഗമുക്തരായിട്ടുണ്ട്.
കൊറോണ ബാധമൂലമുള്ള 26 മരണങ്ങൾകൂടി (Covid death) ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം ഊക്കോട് സ്വദേശിനി ശാലിനി റാണി, കൊഞ്ചിറ സ്വദേശി സുബൈദ ബീവി, പുല്ലമ്പാറ സ്വദേശിനി ബേബി, കളത്തറ സ്വദേശി പൊന്നമ്മ, കൊല്ലം മാങ്കോട് സ്വദേശിനി അമ്മിണി, കൊട്ടാരക്കര സ്വദേശിനി വരദായനി, തട്ടമല സ്വദേശി സൈനുദ്ദീന്‍, കലയനാട് സ്വദേശി പൊടിയന്, ആലപ്പുഴ തോട്ടവതല സ്വദേശിനി രാധാമ്മ, കോട്ടയം പാക്കില്‍ സ്വദേശി ചാക്കോ, വൈക്കം സ്വദേശി സുകുമാരന്‍, എറണാകുളം നെല്ലിക്കുഴി സ്വദേശി സി. മുഹമ്മദ്, പോത്തനിക്കാട് സ്വദേശിനി സൈനബ ഹനീഫ, തൃശൂര്‍ നെല്ലങ്കര സ്വദേശി അജികുമാര്‍, ചൊവ്വൂര്‍ സ്വദേശി ജോഷി, കുന്നംകുളം സ്വദേശി ചിന്നസ്വാമി, കോടന്നൂര്‍ സ്വദേശി അന്തോണി, മലപ്പുറം കരുവാമ്പ്രം സ്വദേശി അലാവിക്കുട്ടി, വേങ്ങര സ്വദേശി ഇബ്രാഹീം, കോഴിക്കോട് ബേപ്പൂര്‍ സ്വദേശി അലി, ഇരിഞ്ഞല്‍ സ്വദേശി തങ്കച്ചന് , ഇടിയാങ്കര സ്വദേശി ഇ.വി. യഹിയ, പേരാമ്പ്ര സ്വദേശിനി പാറു അമ്മ, വയനാട് ചേറായി സ്വദേശി സുബ്രഹ്മണ്യന്, കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിനി ബീവി, പൂക്കോട് സ്വദേശി ശ്രിധരന്‍ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2270 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,809 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്ത് ഇന്ന് 3 പുതിയ ഹോട്ട്സ്പോട്ടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 6 പ്രദേശങ്ങളെ ഹോട്ട്സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിൽ 501 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്.