Viral Video: ഇവന്‍ രാജവെമ്പാലയല്ല, അതുക്കും മേലെ! മരപ്പൊക്കത്തിൽ നിവർന്ന് നിൽക്കുന്ന പാമ്പ്... വീഡിയോ വൈറല്‍

King Cobra Viral Video: ഒരു മനുഷ്യന്റെ ഉയരത്തിൽ 'നിവർന്ന് നിൽക്കാൻ' കഴിയും രാജവെമ്പാലകൾക്ക്. ഒറ്റ കടിയിൽ ഒരു ആനയെ കൊല്ലാൻ മാത്രം വിഷം പുറന്തള്ളാനും ഇവയ്ക്ക് കഴിയും

Written by - Zee Malayalam News Desk | Last Updated : Mar 1, 2023, 12:10 PM IST
  • സാധാരണ ഗതിയിൽ ആക്രമണകാരികളല്ല രാജവെമ്പാലകൾ
  • ആക്രമിക്കാൻ ഒരുങ്ങിയാൽ ശരീരത്തിന്റെ മൂന്നിലൊന്ന ഭാഗവും ഉയർത്തി നിൽക്കാൻ ഇവയ്ക്ക് കഴിയും
  • മറ്റുപാമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം
Viral Video: ഇവന്‍ രാജവെമ്പാലയല്ല, അതുക്കും മേലെ! മരപ്പൊക്കത്തിൽ നിവർന്ന് നിൽക്കുന്ന പാമ്പ്... വീഡിയോ വൈറല്‍

വിഷപ്പാമ്പുകളില്‍ വലിപ്പം കൊണ്ടും വിഷത്തിന്റെ അളവുകൊണ്ടും മുമ്പില്‍ നില്‍ക്കുന്നത് രാജവെമ്പാലയാണ്. ഇംഗ്ലീഷില്‍ കിങ് കോബ്ര എന്ന് വിളിക്കും. പാമ്പുകള്‍ക്കിടയിലെ രാജാവ് തന്നെയാണ് രാജവെമ്പാല എന്ന് പറയാം. സാധാരണ ഗതിയില്‍ മനുഷ്യവാസമുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുന്നവയാണ് ഇവ. തണുപ്പുള്ള കാട്ടുപ്രദേശങ്ങളാണ് മിക്കപ്പോഴും ഇവരുടെ താവളങ്ങള്‍. ചിലപ്പോഴെല്ലാം മനുഷ്യവാസമുള്ള ഇടങ്ങളിലും രാജവെമ്പാലകളെ കാണാറുണ്ട്. മൂര്‍ഖന്‍ അടക്കമുള്ള പാമ്പുകളെ വിശപ്പടക്കാന്‍ അകത്താക്കുന്നവരാണ് ഇവര്‍.

അങ്ങനെയുള്ള രാജവെമ്പാലയുടെ ഒരു രസികന്‍ വീഡിയോ ഇപ്പോള്‍ വൈറല്‍ ആയിരിക്കുകയാണ്. ഒരു മണ്‍തിട്ടയോട് ചേര്‍ന്ന് നിവര്‍ന്ന് നില്‍ക്കുന്ന പാമ്പിന്റെ വീഡിയോ ആണിത്. അക്ഷരാര്‍ത്ഥത്തില്‍ നിവര്‍ന്ന് നില്‍ക്കുകയാണ് എന്ന് തോന്നിപ്പോകും. ഒരു മരത്തിന്റെ അത്രയും ഉയരത്തിലാണ് എന്ന് കൂടി ഓര്‍ക്കണം. താഴേക്ക് വാല്‍ഭാഗം പിന്നേയും നീണ്ടുകിടക്കുന്നുണ്ട്.

 

ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ ആണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. 'ഒരു രാജവെമ്പാലയ്ക്ക് അക്ഷരാര്‍ത്ഥത്തില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയും. പൂര്‍ണവളര്‍ച്ചയെത്തിയ ഒരു മനുഷ്യന്‍ഖെ കണ്ണിലേക്ക് മുഖത്തോട് മുഖം നോക്കാനും കഴിയും. അക്രമോത്സുകമാകുന്ന ഘട്ടങ്ങളില്‍ ഇവയ്ക്ക് ശരീരത്തിന്റെ മൂന്നിലൊന്ന് ഭാഗവും നിലത്ത് നിന്ന് ഉയര്‍ത്താന്‍ കഴിയും.'- ഇങ്ങനെ ഒരു കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലേറെ ആളുകളാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്. അത്ഭുതം കൂറുന്ന ഒരുപാട് കമന്റുകളും വീഡിയോക്ക് താഴെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജവെമ്പാലകളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും വീഡിയോകളും മറ്റ് ചിലര്‍ ഇതിന് താഴെ പങ്കുവയ്ക്കുന്നുണ്ട്. ചിലര്‍ രാജവെമ്പാലയുമായി ബന്ധപ്പെട്ട അവരുടെ ഓര്‍മകളും പങ്കുവയ്ക്കുന്നു. വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട് ഒട്ടേറെ വീഡിയോകള്‍ സുശാന്ത നന്ദ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവയ്ക്കാറുണ്ട്.

രാജവെമ്പാലകള്‍ ശരിക്കും വിഷപ്പാമ്പുകളില രാജാക്കന്‍മാര്‍ തന്നെയാണ്. ഒറ്റ കടി കൊണ്ട് ഒരാനയെ വരെ കൊല്ലാന്‍ ഇവര്‍ക്ക് കഴിയും എന്നാണ് പറയുന്നത്. സാധാരണ മൂര്‍ഖന്‍ പാമ്പുകള്‍ ഒരു കടിയില്‍ പരമാവധി 0.25 മില്ലീഗ്രാം വിഷമാണ് പുറത്ത് വിടുക. എന്നാല്‍ രാജവെമ്പാലകളില്‍ ഇത് 7 മില്ലീഗ്രാം വരെയാണ്. 20 മനുഷ്യരെ കൊല്ലാന്‍ ഈ വിഷം തന്നെ ധാരാളമാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും രാജവെമ്പാലയുടെ വിഷത്തിന്റെ തീവ്രത കുറവാണ്. കടിക്കുമ്പോള്‍ വിഷത്തിന്റെ നിര്‍ഗമനം നിയന്ത്രിക്കാനുള്ള കഴിവും ഇവയ്ക്കുണ്ട്. രാജവെമ്പാലയുടെ കടിയേറ്റുള്ള മരണങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.

മറ്റ് ചെറിയ പാമ്പുകളെ അപേക്ഷിച്ച് നോക്കിയാല്‍ ശാന്തിപ്രിയരാണ് രാജവെമ്പാലകള്‍ എന്ന് പറയാം. പരമാവധി മനുഷ്യവാസമുള്ള സ്ഥലത്തേക്ക് വരാതിരിക്കുക എന്നതാണ് ഇവരുടെ രീതി. ആക്രമിക്കപ്പെടും എന്ന് തോന്നിയാല്‍ മാത്രമാണ് ഇവ അക്രമാസക്തമാകാറുള്ളത്. എന്നാല്‍ മുട്ടയിട്ടിരിക്കുന്ന രാജവെമ്പാലകള്‍ ശരിക്കും അപകടകാരികളാണ്. ആ സമയത്ത് ആരേയും പരിസരത്തേക്ക് അടുപ്പിക്കുക പോലും ഇല്ല. 

മൂര്‍ഖന്‍ പാമ്പ് ഉള്‍പ്പെടെയുള്ള പാമ്പുകളാണ് രാജവെമ്പാലകളുടെ പ്രധാന ഭക്ഷണം എന്ന് പറഞ്ഞല്ലോ. ഉടുമ്പുകളേയും ഇവ ഇരയാക്കാറുണ്ട്. ചില സാഹചര്യങ്ങളില്‍ രാജവെമ്പാലകള്‍ പരസ്പരം കൊന്നുതിന്നാറും ഉണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. പൊതുവേ രാജവെമ്പാല എന്ന ഒറ്റ പേരിലാണ് അറിയപ്പെടുന്നത് എങ്കിലും, നാല് ഉപവിഭാഗങ്ങള്‍ ഇവയ്ക്കിടയില്‍ ഉണ്ട്. 

ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പ് എന്നാണ് രാജവെമ്പാല അറിയപ്പെടുന്നത്. ഇംഗ്ലീഷിൽ കിങ് കോബ്ര എന്ന് വിളിക്കുന്നതുകൊണ്ട് ഇവ മൂർഖൻ വിഭാഗത്തിൽ വരുന്ന പാമ്പാണെന്ന് കരുതരുത്. പത്തിവിടർത്താനുള്ള കഴിവ് മാത്രമാണ് മൂർഖൻ പാമ്പുമായുള്ള സാമ്യം. ഇന്ത്യയുടെ ദേശീയ ഉരഗം കൂടിയാണ് രാജവെമ്പാല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News