ഹൈദരാബാദ്: Operation Kamal In Telegana: തെലങ്കാനയിലെ ടിആർസ് നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ കമല’യ്ക്കു പിന്നിൽ ബിഡിജെസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുമുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ (കെസിആർ) വെളിപ്പെടുത്തൽ. എംഎൽഎമാരെ ബിഡിജെസ് പാളയത്തിലെത്തിച്ച് സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കം തെലങ്കാന പോലീസ് തകർത്തതിന് പിന്നാലെയാണ് ഗുരുതര ആരോപണവുമായി കെസിആർ രംഗത്തെത്തിയത്.
ഗുവാല ബാലരാജു, ബീരം ഹർഷവർധൻ റെഡ്ഡി,രെഗകന്തറാവു, പൈലറ്റ് രോഹിത് റെഡ്ഡി എന്നീ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിച്ച രാമചന്ദ്ര ഭാരതി എന്ന സതീഷ് ശർമ, നന്ദകുമാർ, സിംഹയാജി സ്വാമിത് എന്നിവരെ കോടിക്കണക്കിനു രൂപയുമായി തെലങ്കാന പോലീസ് അറസ്റ്റുചെയ്തിരുന്നു. എംഎൽഎമാർക്ക് നൂറു കോടി രൂപ നൽകി ബിജെപി പാളയത്തിലെത്തിക്കാനായിരുന്നു ഏജന്റുമാരുടെ ശ്രമം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേരിട്ടുള്ള നോമിനിയാണ് തുഷാർ വെള്ളാപ്പള്ളിയെന്നും ഏജന്റുമാർ തുഷാറിനെയാണ് ബന്ധപ്പെട്ടതെന്നും കെസിആർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
എംഎൽഎമാരെ സ്വാധീനിക്കാൻ നടത്തുന്ന ദൃശ്യങ്ങളും ടെലഫോൺ സംഭാഷണങ്ങളുടെ ശബ്ദരേഖകളും വാർത്താ സമ്മേളനത്തിൽ തെളിവായി കെസിആർ ഉയർത്തിക്കാട്ടി. തെലങ്കാനയ്ക്കു പുറമെ, ആന്ധ്രപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെയും അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച കെസിആർ,\ എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവിട്ടു. ഇതുവരെ എട്ട് സർക്കാരുകളെ വീഴ്ത്തിയെന്ന് വീഡിയോയിൽ ഏജൻറുമാർ പറയുന്നുണ്ട്. എല്ലാ ഓപ്പറേഷനുകൾക്ക് പിന്നിലും ഒരേ ടീമാണെന്നും ആരോപിക്കുന്നുണ്ട്. ഇക്കാര്യം ഏജൻറുമാർ ടിആർഎസ് എംഎൽഎമാരോട് വെളിപ്പെടുത്തുന്ന വീഡിയോ തെളിവായി
കെസിആർ പുറത്തുവിട്ടിട്ടുണ്ട്.
Also Read: അമ്മയുടെ പരാതി ടീച്ചറോട് പറയുന്ന കുട്ടി..! രസകരമായ വീഡിയോ വൈറലാകുന്നു
ഓപ്പറേഷൻ കമലയിലുടെ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി ലക്ഷ്യമിട്ട മുഖ്യമന്ത്രിമാർക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതികളിലെ ഉന്നത ജഡ്ജിമാർക്കും പ്രതിപക്ഷ നേതാക്കൾക്കും തെളിവുകൾ ഉൾക്കൊള്ളുന്ന ഈ വീഡിയോ ദൃശ്യങ്ങളും ശബ്ദരേഖകളും അടങ്ങുന്ന കത്ത് എഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും തെളിവുകൾ കൈമാറിയിട്ടുണ്ട്. വാർത്താ സമ്മേളനത്തിൽ വൈകാരികമായിട്ടായിരുന്നു കെസിആറിന്റെ പ്രതികരണം. പ്രധാനമന്ത്രിയായ താങ്കളും മുഖ്യമന്ത്രിയായ ഞാനും ഭരണഘടനാ പദവിയിൽ ഇരിക്കുന്നവരാണ്. താങ്കളുടെ അറിവോടെയാണ് ഈ കുതിരകച്ചവടമെങ്കിൽ അത് ജനാധിപത്യത്തിന് ഭൂഷണമല്ല. താങ്കളുടെ യശസിനെ അത് തകർക്കും. നൂറുവയസുവരെ ജീവിക്കാനാകില്ല ജീവിക്കുന്നിടത്തോളം കാലം തലയുയർത്തി നിൽക്കണം. ഇതായിരുന്നു കെസിആറിന്റെ വൈകാരികമായ പ്രതികരണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...