പ്രീ മെൻസ്ട്രൽ സിൻഡ്രോം അഥവാ പിഎംഎസ് എന്ന് എത്ര പേർ കേട്ടിട്ടുണ്ടാകും? ആർത്തവത്തെക്കുറിച്ച് തുറന്നു സംസാരിക്കാൻ തുടങ്ങിയിട്ട് അധികകാലം ഒന്നും ആയിട്ടില്ലാത്ത സമൂഹത്തിലേക്കാണ് ലിവിങ് വിത്ത് പിഎംഎസ് എന്ന ഹാഷ്ടാഗുകൾ എത്തിയത്. ആർത്തവകാലത്ത് സ്ത്രീകൾക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ ചില ലക്ഷണങ്ങളെ ചേർത്തുപറയുന്നതാണ് പിഎംഎസ്. ഇതൊക്കെ എല്ലാവർക്കും ഉള്ളതല്ലേ, ഇത് ഇത്ര വലിയ പ്രശ്നമാണോ എന്നൊക്കെ ചോദിക്കുന്നവർക്ക് മുന്നിലേക്ക് ഒരു കഥയുമായാണ് ലിവിങ് വിത്ത് പിഎംഎസ് എന്ന സോഷ്യൽ മീഡിയ ക്യാംപയിൻ എത്തിയത്. അത് ഒരു സ്ത്രീയുടെ അനുഭവക്കുറിപ്പായിരുന്നു.
"എന്റെ അമ്മ ആത്മഹത്യ ചെയ്തത് അവരുടെ പിഎംഎസ് ദിനങ്ങളിലാണ്. അമ്മ അനുഭവിച്ച അതേ മാനസിക സംഘർഷങ്ങളിലൂടെയാണ് ഇപ്പോൾ ഞാനും ഓരോ മാസവും കടന്നുപോകുന്നത്", ഈ കുറിപ്പ് പങ്കുവച്ചുകൊണ്ട് ഒട്ടേറെ സ്ത്രീകളും സ്ത്രീകളെ അടുത്തറിയുന്നവരും അവരുടെ അനുഭവം കുറിച്ചു. പിഎംഎസിനെക്കുറിച്ചുള്ള തുറന്നെഴുത്തുകൾക്ക്, തുറന്ന ചർച്ചകൾക്ക് വഴിതെളിച്ചത് ചിനാർ ഗ്ലോബൽ അക്കാദമിയുടെ ഫൗണ്ടറും ഡയറക്ടറുമായ നിഷ രത്മയാണ്.
ആർത്തവവും അതുമായി ബന്ധപ്പെട്ട ശാരീരിക മാനസിക പ്രശ്നങ്ങളും ഒക്കെ കുറെയൊക്കെ ചർച്ചചെയ്യപ്പെടാൻ പല ക്യാംപയിനുകളിലൂടെയും ഇതിനകം സാധിച്ചിട്ടുണ്ട്. ലിവിങ് വിത്ത് പി എംഎസ് ക്യാംപയിൻ ഈ അവസരത്തിൽ എന്തിനാണ്? എന്താണ് ഉദ്ദേശലക്ഷ്യം? ഇതിന് കൃത്യമായ ഉത്തരമുണ്ട് ചിനാർ ഗ്ലോബൽ അക്കാദമിക്ക്.
ക്യാംപയിന്റെ തുടക്കം-
എല്ലാമാസവും വന്നുപോകുന്ന ആർത്തവ പ്രശ്നങ്ങളെ തികച്ചും സ്വാഭാവികമായ ശാരീരിക പ്രക്രിയായി ലഘൂകരിക്കാൻ എല്ലാവർക്കും സാധിക്കണമെന്നില്ല. അത് അനുഭവിക്കാത്തവർക്ക് പറയാൻ വളരെ ഈസിയാണ്. ചിലപ്പോൾ കരയും ചിലപ്പോൾ ചിരിക്കും, പെട്ടെന്ന് ദേഷ്യപ്പെടും അങ്ങനെ മൂഡ് മാറിമാറിവരും. പലരിലും പല അളവിൽ. ഇത്തരം പ്രശ്നങ്ങളുമായി ഒരു ഡോക്ടറെ സമീപിച്ചാൽ പോലും ഇതൊക്കെ സാധാരണ എല്ലാവർക്കും ഉള്ളതല്ലേ എന്ന മറുപടിയായിരിക്കും ലഭിക്കുക. അങ്ങനെ തിരിച്ചറിയപ്പെടാതെ, കുടുബങ്ങളിലും ബന്ധങ്ങളിലും വിള്ളൽ വീഴ്ത്തുന്ന രീതിയിലേക്ക് വരെ കാര്യങ്ങൾ എത്തും. 30 വയസിന് മുകളിലുള്ളവരിലാണ് പിഎംഎസ് പ്രശ്നങ്ങൾ കൂടുതലായി കാണുന്നത്. കാലങ്ങളായി ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടും പിഎംഎസിനെക്കുറിച്ച് പൊതുധാരണ കുറവാണെന്ന് മനസിലാക്കിയാണ് #LivingWithPMS ക്യാംപയിൻ ആരംഭിക്കുന്നത്.
പിഎംഎസ് സമയങ്ങൾ മിക്കവർക്കും കടുത്ത നെഗറ്റിവിറ്റി നൽകുന്നതായിരിക്കും. എന്നാൽ ചിലർക്കാകട്ടെ വളരെ ക്രിയാത്മകമായി ചിന്തിക്കുകയും പോസിറ്റീവ് ആവുകയും ചെയ്യുന്ന സമയം കൂടിയാണിത്. അങ്ങനെ ഒരു പിഎംഎസ് ദിനങ്ങളിലാണ് ലിവിങ് വിത്ത് പിഎംഎസ് ക്യാംപയിനെക്കുറിച്ച് നിഷ ചിന്തിക്കുന്നത് പോലും. ഇത്തരം പ്രശ്നങ്ങളെ ചൂണ്ടിക്കാട്ടി എനിക്ക് വിശ്രമം വേണമെന്നോ ആവശ്യപ്പെടാനോ ജോലിയിൽ നിന്ന് അവധി നേടാനോ അല്ല,. ഇത്തരം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത് എന്ന് ആദ്യം സ്ത്രീകൾ തന്നെ തിരിച്ചറിയണം. എങ്കിൽ മാത്രമേ ആ സമയത്തെ മാനസിക , ശാരീരിക പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയൂ. ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടണമെങ്കിൽ പോലും സ്വയം തിരിച്ചറിയലാണ് ആദ്യം വേണ്ടത്. ഒപ്പം പിഎംഎസിനെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കുക കൂടി വേണം.
ക്യാംപയിന് ലഭിച്ച പ്രതികരണം?
സുഹൃത്ത് പങ്കുവച്ചൊരു ജീവിതാനുഭവം ഉൾപ്പെടുത്തിയാണ് സാനിറ്ററി പാഡിലെ ചുവന്ന അക്ഷരങ്ങൾ സംസാരിച്ചുതുടങ്ങിയത്. തിരഞ്ഞെടുക്കപ്പെട്ട പലമേഖലകളിൽപ്പെട്ട സ്ത്രീകളും പുരുഷൻമാരും അടങ്ങുന്നവർ സോഷ്യൽമീഡിയയിൽ കുറിപ്പുകൾക്കൊപ്പം ഹാഷ്ടാഗുകൾ സൃഷ്ടിച്ചു. ഓരോരുത്തരും അവരുടെ സുഹൃത്തുകളെയും പങ്കാളികളാക്കി. സെലിബ്രിറ്റികളും പ്രൊഫൈലുകളിൽ #LivingWithPMS എന്നെഴുതി. വളരെ വേഗം തന്നെ സോഷ്യൽമീഡിയയിൽ കൂടുതൽ കൂടുതൽ ഹാഷ്ടാഗുകൾ എത്തിത്തുടങ്ങി. പുരുഷൻമാരും അവർ അടുത്തറിയുന്ന സ്ത്രീകളെക്കുറിച്ച് എഴുതി.
#AreYouPMSing?
പോസ്റ്റ്പാർട്ടം ഡിപ്രഷൻ എന്നുണ്ട് എന്ന് ആളുകൾ അറിഞ്ഞതുപോലും ഇത്തരം ചില സംവാദങ്ങളിലൂടെയാണ്. പിഎംഎസിനെക്കുറിച്ചും പലരും ചിന്തിക്കുന്നതും തിരിച്ചറിയുന്നതും ഈ ക്യാംപയിനിലൂടെയാണ്. ആർ യു പിഎംഎ സിംഗ് എന്ന് പലരും ചോദിക്കാൻ തുടങ്ങിയതാണ് ക്യാംപയിന്റെ വിജയമെന്ന് നിഷ പറയുന്നു.
ക്യാംപയിന്റെ മുന്നോട്ടുള്ള ലക്ഷ്യങ്ങൾ
സോഷ്യൽമീഡിയ ഹാഷ്ടാഗുകൾ സൃഷ്ടിച്ച് പോകൽ അല്ല ചിനാർ ഗ്ലോബർ അക്കാദമിയുടെ ലക്ഷ്യം. ഇത് ആദ്യഘട്ടം മാത്രമാണ്. കോളജുകളെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനമാണ് അടുത്ത്. നിഷ പഠിച്ച ഗുരുവായൂരപ്പൻ കോളജ് തന്നെ പിന്തുണയുമായി എത്തിയിട്ടുണ്ട്. ഇനിയും കൂടുതൽ പേർ ക്യാംപയിന്റെ ഭാഗമായി വരണം. സർക്കാർ ശ്രദ്ധയിലേക്ക് വിഷയം എത്തിക്കണം. സർക്കാർതലത്തിൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യാനാകും എന്ന് ആലോചിക്കണം. സോഷ്യൽമീഡിയ വഴിയാണ് ഇപ്പോഴത്തെ ക്യാംപയിൻ. അതുകൊണ്ട് തന്നെ സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത, ഗ്രാമങ്ങളിലെ സാധാരണക്കാരായ സ്ത്രീകളിലേക്കും വിഷയം എത്തിക്കണമെങ്കിൽ സർക്കാരിന്റെ കൂടി പിന്തുണ ആവശ്യമുണ്ട്. അങ്ങനെ വ്യക്തമായി പ്ലാൻ ചെയ്തതാണ് ക്യാംപയിൻ.
പിഎംഎസും പിഎംഡിഡിയും
പെട്ടെന്ന് ദേഷ്യം വരിക, സങ്കടം, കരച്ചിൽ, ഉറക്കമില്ലായ്മ, ഡിപ്രഷൻ, ആത്മഹത്യാ പ്രവണത തുടങ്ങിയവാണ് പിഎംഎസിന്റെ പ്രധാന ലക്ഷണങ്ങൾ. ആർത്തവം തുടങ്ങുന്നതിന് മുമ്പായാണ് ഇത്തരം മാറ്റങ്ങൾ കാണപ്പെടുക. പിഎംഎസിന്റെ രൂക്ഷമായ അവസ്ഥയാണ് പിഎംഡിഡി. ഈ ലക്ഷണങ്ങൾ തീവ്രമാകുമ്പോൾ സ്ത്രീയ്ക്ക് കുടുംബത്തിലും സാമൂഹികപരമായും ഒക്കെ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.
ചിനാർ ഗ്ലോബൽ അക്കാദമിയെക്കുറിച്ച്?
പൂർണമായും സ്ത്രീകൾ മാത്രം ഉള്ള സ്ഥാപനം കൂടിയാണിത്. പുറത്ത് പോയി ജോലി ചെയ്യാൻ കഴിയാത്ത എന്നാൽ വിദ്യാസമ്പന്നരായ സ്ത്രീകൾക്ക് അവസരം നൽകുന്ന സംരംഭമാണ് ചിനാർ ഗ്ലോബൽ അക്കാദമി. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള ധാരാളം പ്രവർത്തനങ്ങൾ ചെയ്തുവരുന്നു. സ്പോക്കൺ ഇംഗ്ലീഷ്, IELTS, OET, PTE, കോഴ്സുകളോടൊപ്പം അറബിക്, ഹിന്ദി, മലയാളം, ഫ്രഞ്ച്, ജർമൻ എന്നീ ഭാഷകളിൽ ട്രെയിനിങ് നൽകുന്നുണ്ട്. ഒപ്പം കുട്ടികൾക്ക് എല്ലാ വിഷയങ്ങളിലും ട്യൂഷൻ നൽകുന്നു. ചിനാറിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ വഴി അങ്ങനെ വ്യാപിച്ചുകിടക്കുന്നു.
വയനാട്ട്കാരിയായ നിഷ ഇപ്പോൾ ദുബായിൽ സ്ഥിരതാമസമാക്കായിരിക്കുകയാണ്. തെഹൽക, ഡെക്കാൻ ക്രോണിക്കിൾ എന്നിവിടങ്ങളിൽ പത്രപ്രവർത്തകയായി ജോലി ചെയ്ത നിഷ കൊറോണ കാലത്താണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഈ സംരംഭത്തിന് തുടക്കമിട്ടത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.