ഉപയോക്താക്കളെ ആകർഷിക്കാനായി എന്നും പുതിയ പരീക്ഷണങ്ങൾ ഒരുക്കാറുണ്ട് വാട്ട്സ്ആപ്പ്. ഇപ്പോഴിതാ വീണ്ടും പുതിയ ഓഫറുമായി എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ് സേവനത്തിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് ക്യാഷ് ബാക്ക് ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. വാട്ട്സ്ആപ്പ് യുപിഐ വഴി പണം അയക്കുന്നവർക്ക് 11 രൂപ ക്യാഷ് ബാക്ക് നൽകുന്ന ഓഫർ നിലവിൽ വന്നതായി കമ്പനി അറിയിച്ചു.
ഒരു ഉപയോക്താവിന് മൂന്നു തവണ ക്യാഷ് ബാക്ക് ഓഫറിൽ പണം ലഭിക്കും. മൂന്ന് വ്യത്യസ്ത നമ്പരുകളിലേക്കായിരിക്കണം പണം അയക്കേണ്ടത്. ഇന്ത്യയിൽ ചുവടുറപ്പിക്കുന്നതിന് ഗൂഗിൾ പേയും പിന്നീട് PAYTMഉം ഇത്തരത്തിൽ ക്യാഷ് ബാക്ക് ഓഫർ നൽകിയിരുന്നു. ഇതേ വഴിയിലൂടെ തന്നെയാണ് വാട്ട്സ്ആപ്പിന്റെയും നീക്കം.
ഓഫറിന് അർഹരായവരുടെ വാട്ട്സ്ആപ്പ് ബാനറിൽ ഗിഫ്റ്റ് ഐക്കൺ ഉണ്ടാവും. ഇതു കണ്ടാൽ ഓഫറിൽ പണം ലഭിക്കും. വാട്ട്സ്ആപ്പ് യുപിഐ നമ്പറിലേക്കായിരിക്കണം പണം അയക്കേണ്ടത്. ക്യൂ ആർ കോഡ് സ്കാൻ ചെയ്തോ യുപിഐ ഐഡി നൽകിയോ ഉള്ള ട്രാൻസാക്ഷനുകൾക്ക് ഓഫർ ബാധകമല്ല.
ഒറ്റ ഗ്രൂപ്പ് വോയിസ് കോളില്‍ 32 പേരെ വരെ ചേർക്കാനാകുന്ന പുതിയ ഫീച്ചറും കഴിഞ്ഞദിവസം വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു. ഇതുവരെ എട്ട് പേർക്കാണ് ഒരു വോയിസ് കോളിൽ ജോയിൻ ചെയ്യാൻ സാധിച്ചിരുന്നത്. പുതിയ അപ്ഡേറ്റോടെ ഇതിൽ മാറ്റം വരും . വോയിസ് കോളിൽ മാത്രമാണ് പുതിയ അപ്ഡേറ്റ് ഏർപ്പെടുത്തിയിരിക്കുന്നത്.
വീഡിയോ കോളിൽ എട്ട് പേർ എന്നത് തുടരും. 2ജിബി വരെയുള്ള ഫയലുകൾ ഷെയർ ചെയ്യാനുള്ള സംവിധാനവും വ്യക്തിഗത മെസ്സേജുകൾക്ക് റിയാക്ഷൻ നൽകാനുള്ള സംവിധാനവും വാട്ട്സ്ആപ്പ് ഒരുക്കുന്നുണ്ട്. ഗ്രൂപ്പ് കോളുകളിൽ 32 പേരെ വരെ ചേർക്കാമെന്നത് അപ്ഡേറ്റ് വിവരണത്തിൽ കാണാനാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...