തൃശൂർ: പോട്ട ഫെഡറൽ ബാങ്ക് കവർച്ചയിൽ പൊലീസിനെ പ്രതിയ്ക്കരികിൽ എത്തിച്ചത് അയൽവാസിയായ സ്ത്രീയുടെ മൊഴി. കേസിൽ നിർണായകമായത് ആ മൊഴിയാണ്. സിസിടിവി ദൃശ്യം കാണിച്ച് ആളെ അറിയുമോ എന്ന് ചോദിച്ചപ്പോൾ വ്യക്തമല്ല എന്നായിരുന്നു അവരുടെ മറുപടി. തുടർന്ന് രൂപസാദൃശ്യമുള്ള ആരെങ്കിലും പ്രദേശത്ത് ഉണ്ടോ എന്നായി പൊലീസിന്റെ ചോദ്യം. ഇതേ ശരീരപ്രകൃതിയുള്ള ഒരാൾ ഇവിടെയുണ്ടെന്നായരുന്നു ഇതിന് സ്ത്രീയുടെ മറുപടി.
വസ്ത്രം 3 തവണ മാറിയെങ്കിലും ഷൂ മാറാതിരുന്നത് കേസിൽ നിർണായക വഴിത്തിരിവായി. പ്രതിയിലേക്ക് എത്തിച്ചേരാൻ സഹായിച്ച ഒരു ഘടകവും ഇതാണ്. അയൽവാസിയായ സ്ത്രീയുടെ മൊഴി അനുസരിച്ച് പൊലീസ് നടത്തിയ പരിശോധനയിൽ പ്രതിയുടെ വീട്ടിൽ നിന്നും സ്‌കൂട്ടറും ഷൂസും കണ്ടെത്തിയിരുന്നു.
ആഢംബര ജീവിതം നയിച്ചിരുന്നതിനാൽ പ്രദേശവാസികൾക്ക് ആർക്കും തന്നെ റിജോയെ സംശയിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. തെളിവുകൾ ഒന്നും ബാക്കിവയ്ക്കാതെയുള്ള കളവ് ആയിരുന്നതിനാൽ താൻ പിടിക്കപ്പെടില്ല എന്ന ഉറച്ച വിശ്വാസം പ്രതിക്കുണ്ടായിരുന്നു. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാമായിരുന്ന റിജോ വെറും മൂന്ന് മിനിറ്റ് കൊണ്ടാണ് കൃത്യം നടത്തി സ്ഥലം വിട്ടത്. നാടുമുഴുവനും പൊലീസ് തപ്പി അലഞ്ഞപ്പോൾ വീട്ടിലിരുന്ന് ഇതെല്ലാം റിജോ വാർത്തയിലൂടെ അറിഞ്ഞിരുന്നു. ബാങ്കിൽ നിന്നും ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള തന്റെ വീട്ടിലേക്ക് ഉൾ റോഡുകൾ കയറിയാണ് ഇയാൾ സഞ്ചരിച്ചത്. അതുകൊണ്ട് തന്നെയാണ് സിസിടിവി ദൃശ്യങ്ങളിൽപെടാതിരുന്നത്. ഇത് പൊലീസിനെ വല്ലാതെ കുഴപ്പിച്ചിരുന്നു. കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി കവർച്ചയ്ക്കിറങ്ങിയത്.
അയൽവാസികൾക്കിടയിലും സുഹൃത്തുക്കൾക്കിടയിലുമൊക്കെ കവർച്ച വിഷ്യം ചർച്ചയായപ്പോൾ അവർക്കൊപ്പം അതിലും റിജോ പങ്കെടുത്തു. ഇന്നലെ കുടുംബസംഗമം നടക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പിടിയിലാകും മുൻപ് കുടുംബസംഗമത്തിൽ കൊള്ള ചർച്ചയായപ്പോൾ, പ്രതിയെ കിട്ടില്ലെന്നും ' അവൻ ഏതെങ്കിലും കാട്ടിൽ ഒളിച്ചിരിപ്പുണ്ടാകും' എന്നുമായിരുന്നു റിജോ ചിരിച്ചു കൊണ്ട് പറഞ്ഞത്. ഇതിന് പിന്നാലെയാണ് പൊലീസ് ഇയാളെ തേടിയെത്തിയത്.
അതേസമയം ബാങ്ക് മാനേജർ മരമണ്ടൻ ആണെന്നായിരുന്നു റിജോ പൊലീസിനോട് പറഞ്ഞത്. കത്തി കാട്ടിയപ്പോൾ തന്നെ മാനേജർ മാറി തന്നുവെന്നും ഇത് കവർച്ച നടത്താൻ കൂടുതൽ എളുപ്പമായെന്നും ഇയാൾ പറഞ്ഞു. ജീവനക്കാർ എതിർത്തിരുന്നുവെങ്കിൽ മോഷണത്തിൽ നിന്നും പിന്മാറുമായിരുന്നുവെന്നും പ്രതി പൊലീസിനോട് വെളിപ്പെടുത്തി. അതിനിടെ പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ റിജോ ആന്റണിയുടെ വീട്ടിൽ നിന്നും 12 ലക്ഷം രൂപ പൊലീസ് കണ്ടെത്തി. കിടപ്പുമുറിയിലെ ഷെൽഫിൽ നിന്നുമാണ് പൊലീസ് പണം കണ്ടെടുത്തത്. ഇയാൾ ഉപയോഗിച്ച കത്തിയും വസ്ത്രവും കണ്ടെത്തിയിട്ടുണ്ട്.
മോഷ്ടിച്ച പണത്തില്‍ നിന്നും 2.90 ലക്ഷം രൂപ സുഹൃത്തിന് കൊടുത്ത് കടം വീട്ടിയെന്നും റിജോ മൊഴി നൽകിയിരുന്നു. എന്നാൽ റിജോ ആണ് പ്രതിയെന്ന് തിരിച്ചറിഞ്ഞ അന്നനാട് സ്വദേശി ഈ പണം പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. കവർച്ച നടത്തിയതിന് 4 ദിവസം മുൻപും മോഷണത്തിന് ശ്രമിച്ചിരുന്നുവെന്നും അത് അതിന് സാധിച്ചില്ലെന്നും റിജോ വെളിപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.