വാഷിങ്ടൺ: അഫ്ഗാനിസ്ഥാനിൽ(Afghanistan) നിന്നുള്ള സേന പിൻമാറ്റത്തിൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി യുഎസ് പ്രസിഡന്റ്(US President) ജോ ബൈഡൻ(Joe Biden). തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണന്ന് ബൈഡൻ പ്രതികരിച്ചു. യുഎസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധം അവസാനിപ്പിക്കാൻ തീരുമാനം എടുത്തതിൽ തനിക്ക് ഖേദമില്ലെന്ന് ബൈഡൻ പറഞ്ഞു. പക്ഷേ, രണ്ട് പതിറ്റാണ്ടുകളായി പിന്തുണ നൽകിയിരുന്നിട്ടും സ്വന്തം രാജ്യത്തെ രക്ഷിക്കാൻ കഴിവുള്ള ഒരു ശക്തിയായി അഫ്ഗാൻ സൈന്യത്തെ(Afghan Army) മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
"സ്വന്തം ഭാവി നിര്‍ണ്ണയിക്കാന്‍ നിരവധി അവസരങ്ങൾ അഫ്ഗാന്‍കാര്‍ക്ക് ഞങ്ങൾ നല്‍കിയിരുന്നു. തീവ്രവാദം ഇല്ലാതാക്കാൻ മാത്രമാണ് തങ്ങൾ ശ്രമിച്ചത്. അല്ലാതെ അഫ്ഗാന്‍ രാജ്യം കെട്ടിപ്പടുക്കലല്ല ഞങ്ങളുടെ ലക്ഷ്യം", ബൈഡന്‍ പറഞ്ഞു.
Also Read: Afghanistan-Taliban: കാബൂൾ വിമാനത്താവളം തുറന്നു, ഇന്ത്യൻ അംബാസഡർ അടക്കം 120 പേർ ഡൽഹിയിലേക്ക്
യുഎസ് സൈനികരുടെ പെട്ടെന്നുള്ള പിന്‍മാറ്റത്തിന് ശേഷം അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിൽ ബൈഡനെതിരെ വലിയ വിമര്‍ശനമാണ് ഉയർന്നത്. ഈ പശ്ചാത്തലത്തിലാണ് തങ്ങളുടെ ഭാഗം വിശദീകരിച്ചു കൊണ്ട് ബൈഡന്‍ രംഗത്തെത്തിയത്. അഫ്ഗാന്‍ സേന പോരാടാന്‍ തയാറാകാത്തിടത്ത് യുഎസ് സൈനികരുടെ ജീവന്‍ കളയേണ്ടതില്ലെന്നും ജോ ബൈഡന്‍ പ്രതികരിച്ചു.
"എന്റെ തീരുമാനത്തില്‍ ഞാൻ ഉറച്ചു നില്‍ക്കുന്നു. 20 വര്‍ഷത്തിനുശേഷം, യുഎസ് സേനയെ പിന്‍വലിക്കാന്‍ ഒരിക്കലും ഒരു നല്ല സമയം സംജാതമാവില്ലെന്ന തിരിച്ചറിവില്‍ നിന്നാണ് പൊടുന്നനെയുള്ള സേനയുടെ പിന്‍മാറ്റം" - ബൈഡന്‍ പറഞ്ഞു. അതേസമയം അഫ്ഗാന്‍ സര്‍ക്കാരിന്റെ പതനം തങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തിലായിരുന്നുവെന്നത് ബൈഡന്‍ മറച്ചുവെച്ചില്ല.
"അഫ്ഗാനിസ്ഥാനിലെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് അമേരിക്കന്‍ സുരക്ഷ സംഘവും താനും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അഫ്ഗാന്‍ വേണ്ടി യുഎസ് പദ്ധതികൾ നടപ്പിലാക്കി കൊണ്ടിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അമേരിക്ക് അഫ്ഗാനിസ്ഥാനായി പ്രതികരിച്ചു. എന്നാൽ രാജ്യത്തിന്റെ ഭാവിയ്ക്ക് വേണ്ടി അഫ്ഗാന്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് ഒന്നിച്ച് നില്‍ക്കാനോ ചര്‍ച്ച ചെയ്യാനോ സാധിച്ചില്ല. കഴിഞ്ഞകാലത്തെ തെറ്റുകള്‍ അമേരിക്ക ആവര്‍ത്തിക്കില്ല. ഇനിയും അമേരിക്കന്‍ പൗരന്മാര്‍ക്ക് ജീവന്‍ നഷ്ടമാകരുത്".
തീവ്രവാദത്തിനെതിരായ ചെറുത്ത് നില്‍പ്പായിരിക്കണം നമ്മുടെ ലക്ഷ്യമെന്ന് വര്‍ഷങ്ങളോളമായി താന്‍ വാദിക്കുന്നുണ്ടെന്നും ഇന്ന് തീവ്രവാദം അഫ്ഗാനിസ്ഥാനിനപ്പുറത്തേക്ക് വ്യാപിച്ചിരിക്കുന്നുവെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: Afghan Pictures: സർവ്വതും വിട്ടെറിഞ്ഞ് ജനം തെരുവുകളിലൂടെ,അഫ്ഗാനിലെ കൂട്ടപാലായനം-ചിത്രങ്ങൾ
അതേസമയം, അഫ്ഗാനിലെ താലിബാൻ അധിനിവേശത്തെ പ്രതിരോധിക്കാൻ യുഎസിന് സാധ്യമാകാത്ത സാഹചര്യത്തിൽ ബൈഡൻ രാജി വെക്കുന്നതാണ് നല്ലതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം. അഫ്ഗാനിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ അത്യന്തം അപമാനകരമാണെന്നും ട്രംപ് പറഞ്ഞു. യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണ് അഫ്ഗാനിലെ താലിബാൻ അധിനിവേശമെന്നും ട്രംപ് കുറ്റപ്പെടുത്തി. ബൈഡൻ രാജിവയ്ക്കണമെന്ന് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട ട്രംപ് യു.എസിലെ കോവിഡ് വ്യാപനത്തിലും ആഭ്യന്തര കുടിയേറ്റത്തിലും സാമ്പത്തിക-ഊർജ്ജനയങ്ങളിൽ ബൈഡനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
2021മേയ് മാസത്തോടെയാണ് യുഎസ് സൈന്യത്തെ അഫ്ഗാനിൽ നിന്ന് പിൻവലിച്ചത്. ഇതിന് പിന്നാലെയാണ് അഫ്ഗാനിൽ വീണ്ടും താലിബാൻ അധിനിവേശം തുടങ്ങിയത്. ഞായറാഴ്ചയോടെ അഫ്ഗാൻ തലസ്ഥാനമായ കാബൂളും പിടിച്ചെടുത്തതോടെ രാജ്യത്തിന്റെ അധികാരം മുഴുവൻ താലിബാന് കീഴിലായി. അധികാരം പൂർണമായും പിടിച്ചെടുത്ത താലിബാൻ രാജ്യത്തിന്റെ പേരുമാറ്റി 'ഇസ്‌ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്ഥാൻ' എന്നാക്കി.
തലസ്ഥാന നഗരം താലിബാൻ (Taliban) പിടിച്ചതോടെ പലായനത്തിനായി ഇന്നലെ ആയിരക്കണക്കിന് ജനങ്ങളാണ് വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്. കാബൂൾ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ യുഎസ് സൈന്യത്തിന് ആകാശത്തേക്ക് വെടിവെയ്ക്കേണ്ടി വരികയും വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...