വാഷിംഗ്ടൺ: നാഷ്‌വില്ലെയിലെ സ്‌കൂൾ വെടിവെപ്പിനെ അപലപിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ആറ് പേരാണ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേർ വിദ്യാർഥികളാണ്. ഹൃദയഭേദകമായ സംഭവമെന്നായിരുന്നു ബൈഡന്റെ പ്രതികരണം. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ ആത്മാവിനെ കീറിമുറിക്കുകയാണെന്ന് ജോ ബൈഡൻ പറഞ്ഞു. ആയുധ നിരോധന നിയമം ഉടൻ പാസാക്കുമെന്നും ബൈഡൻ വ്യക്തമാക്കി.
ആക്രമണ ആയുധ നിരോധനം പാസാക്കണമെന്ന് ജോ ബൈഡൻ കോൺഗ്രസിനോട് ആവശ്യപ്പെടുകയും നാഷ്‌വില്ലെയിലെ അക്രമിയുടെ പക്കൽ രണ്ട് ആക്രമണ ആയുധങ്ങളും ഒരു പിസ്റ്റളും ഉണ്ടായിരുന്നെന്ന് വ്യക്തമാക്കുകയും ചെയ്തു. തിങ്കളാഴ്ച ടെന്നസിയിലെ നാഷ്‌വില്ലെയിലെ സ്വകാര്യ ക്രിസ്ത്യൻ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് വിദ്യാർഥികളും മൂന്ന് ജീവനക്കാരും കൊല്ലപ്പെട്ടിരുന്നു.
ബർട്ടൺ ഹില്ലിലെ പ്രെസ്ബിറ്റീരിയൻ ചർച്ചിനോട് ചേർന്ന് പ്രവർത്തിക്കുന്ന കവനന്റ് സ്കൂളിലാണ് വെടിവെപ്പുണ്ടായത്. അക്രമിയെ വെടിവച്ച് കൊലപ്പെടുത്തിയതായും നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. നാഷ്‌വില്ലെയിലെ കവനന്റ് സ്‌കൂളിൽ തിങ്കളാഴ്ച ആറുപേരെ കൊലപ്പെടുത്തിയ അക്രമി ഓഡ്രി ഹെയ്‌ൽ എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് മെട്രോപൊളിറ്റൻ നാഷ്‌വില്ലെ പോലീസ് ചീഫ് ജോൺ ഡ്രേക്ക് പറഞ്ഞു.
ഹെയ്ൽ 28 വയസ്സുള്ള നാഷ്‌വില്ലെ നിവാസിയാണെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ഇവർ ഇതേ സ്കൂളിലെ പൂർവ വിദ്യാർഥിയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൊല്ലപ്പെട്ട ആറ് പേരിൽ ഒമ്പത് വയസ്സുള്ള മൂന്ന് വിദ്യാർഥികളും ഉൾപ്പെടുന്നുവെന്ന് മെട്രോ നാഷ്‌വില്ലെ പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വീറ്റിൽ പറഞ്ഞു. കവനന്റ് സ്‌കൂളിലെ വെടിവെപ്പിൽ കൊല്ലപ്പെട്ടവവർ എവ്‌ലിൻ ഡീക്‌ഹോസ് (9), ഹാലി സ്‌ക്രഗ്‌സ് (9), വില്യം കിന്നി (9), സിന്തിയ പീക്ക് (61), കാതറിൻ കൂൺസ് (60), മൈക്ക് ഹിൽ (61) എന്നിവരാണെന്ന് പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...