മലയാളികൾക്ക് അഭിമാന നേട്ടവുമായി വയനാട്ടിൽ നിന്നുള്ള വനിത ക്രിക്കറ്റ് താരം മിന്നു മണി. തന്റെ അരങ്ങേറ്റ മത്സരത്തിൽ മിന്നു കന്നി വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ബംഗ്ലദേശിനെതിരെയുള്ള ട്വന്റി അരങ്ങേറ്റ മത്സരത്തിലാണ് മിന്നു തന്റെ കന്നി അന്തരാഷ്ട്ര വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ചു.
മത്സരത്തിലെ ആദ്യ വിക്കറ്റ് വീഴ്ത്തികൊണ്ടാണ് വയനാടൻ താരം തന്റെ രാജ്യാന്തര നേട്ടത്തിന് തുടക്കമിട്ടത്. വലംകൈ സ്പിന്നറായ മിന്നു ബംഗ്ലാദേശിന്റെ ഓപ്പണർ ഷമീമ സുൽത്താനയുടെ വിക്കറ്റാണ് സ്വന്തമാക്കിയത്. മിന്നുവിന്റെ ആദ്യ ഓവറിലെ നാലാം പന്തിൽ ലോങ് ഓണിലേക്ക് ബംഗ്ലാദേശ് താരം ഉയർത്തിയെങ്കിലും പന്ത് ജമീമ റോഡ്രിഗസിന്റെ കൈകളിൽ എത്തിച്ചേരുകയായിരുന്നു. 13 പന്തിൽ 17 റൺസെന്ന നിലയിൽ ശക്തമായ നിലയിൽ നിന്ന ബംഗ്ലാദേശ് താരത്തിന്റെ വിക്കറ്റാണ് മിന്നു നേടിയത്. മത്സരത്തിൽ മൂന്ന് ഓവർ ഏറിഞ്ഞ താരം 21 റൺസ് മാത്രം വിട്ട് നൽകി ഒരു വിക്കറ്റും നേടിയ മിന്നു തന്റെ അരങ്ങേറ്റം അഭിമാനകരമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഇന്ത്യക്കെതിരെ 115 റൺസ് വിജയലക്ഷ്യം ഒരുക്കുകയായിരുന്നു. മിന്നുവിന് പുറമെ ഇന്ത്യക്കായി പൂജ വസ്ത്രാക്കറും ഷെഫാലി വർമ്മയും മത്സരത്തിൽ ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൌറിന്റെ അർധ സെഞ്ചുറി ഇന്നിങ്സിന്റെ മികവിലാണ് ജയം സ്വന്തമാക്കിയത്. ക്യാപ്റ്റൻ തന്നെയായിരുന്നു മത്സരത്തിലെ താരവും. ഓപ്പണർ സ്മൃതി മന്ദാന 38 റൺസെടുത്ത് നിർണായക ഇന്നിങ്സ് കാഴ്ചവെക്കുകയും ചെയ്തു.
ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 0-1ത്തിന് ഇന്ത്യ മുന്നിലെത്തി. ജൂലൈ 11, 13 തീയതികളിലായിട്ടാണ് ധാക്കയിൽ വെച്ച് പരമ്പരയിലെ ബാക്കി രണ്ട് മത്സരങ്ങൾ നടക്കുക. ബാക്കി രണ്ട് മത്സരങ്ങളിലും മിന്നു ഇന്ത്യക്കായി പന്തെറിയുമെന്നാണ് പ്രതീക്ഷ. ടി20യെ തുടർന്ന് ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയും ആരംഭിക്കും. അതേസമയം ഏകദിന സ്ക്വാഡിലേക്ക് മിന്നുവിന് വിളി ലഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...