കൊല്‍ക്കത്ത: ഐ എസ് എല്ലിന്റെ അഞ്ചാം സീസണ് ഇന്ന് തുടക്ക൦. കേരളാ ബ്ലാസ്റ്റേഴ്സും എടികെ കൊല്‍ക്കത്തയും തമ്മിലാണ് ആദ്യ മത്സരം. കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് ആദ്യമത്സരം നടക്കുന്നത്.
കേരളത്തിന്റെ മഞ്ഞപ്പട യുവത്വത്തിന്റെ പ്രസരിപ്പോടെയെത്തുമ്പോള് മുന്‍ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ സ്റ്റീവ് കോപ്പലിന്റെ പരിശീലന മികവിലാണ് കൊല്‍ക്കത്ത കളത്തിലിറങ്ങുക.
കഴിഞ്ഞ സീസണുകളില്‍ വേണ്ടത്ര ശോഭിക്കാനാകാതെ പോയ ടീമിനെ ഡേവിഡ് ജെയിംസ് പുതിയ രീതിയില്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. വമ്പന്‍ പേരുകള്‍ക്കല്ല ടീമിനോട് ചേര്‍ന്ന് കളിക്കാന്‍ കഴിവുള്ള താരങ്ങള്‍ക്കാണ് ഡേവിഡ് ജെയിംസ് ഇത്തവണ മുന്‍തൂക്കം കൊടുത്തത്. ജെയിംസിന്റെ കീഴില്‍ ഇത്തവണ സ്ഥിരതയാര്‍ന്ന് പ്രകടനം കാഴ്ചവെക്കാമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്സ്. മലയാളികളുടെ കോപ്പലാശാന് പരിശീലിപ്പിക്കുന്ന കൊല്‍ക്കത്തയും പ്രതീക്ഷയിലാണ്.
രണ്ട് തവണ ചാമ്പ്യന്മാരായ എടികെ ഇന്ന് സ്വന്തം മൈതാനത്ത് കളിക്കുന്നതിന്റെ ആത്മവിശ്വാസത്തിലാണ്. റോബി കീന്‍, ടോം തോര്‍പ്, ലാന്സറോട്ട, കാലു ഉച്ച, കോമള്‍ തട്ടല്‍ തുടങ്ങി ഒട്ടേറെ കരുത്തുറ്റ താരങ്ങള്‍ കൊല്‍ക്കത്ത ടീമില്‍ ഇടം നേടിയിട്ടുണ്ട്.
ഐ എസ് എല്‍ കിക്കോഫ് രാത്രി 7.30ന് കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍. ജയത്തോടെ തുടങ്ങാനുറച്ച് ഇരുടീമുകളും കളത്തിലിറങ്ങുമ്പോള്‍ കാണികള്‍ക്ക് വാശിയേറിയ ഒരു പോരാട്ടം കാണാനുള്ള ഭാഗ്യമാണ് ലഭിക്കുക.
എന്നും കേരള ബ്ലാസ്റ്റേഴ്സിന്റെ വില്ലന്മാരായ എടികെയെ തോല്‍പ്പിച്ച് കൊണ്ട് തുടങ്ങിയാല്‍ അത് ബ്ലാസ്റ്റേഴ്സ് ആരാധകര്‍ക്ക് ഇരട്ടി മധുരമാകും. രണ്ട് ഫൈനലുകളില്‍ എടികെയോട് പരാജയപ്പെട്ടായിരുന്നു കേരളം കിരീടം കൈവിട്ടത്.
ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം ഏഷ്യാനെറ്റ് മൂവീസിലും സ്റ്റാര്‍ സ്പോര്‍ട്സിലും തത്സമയം കാണാം.