തകര: 1979ൽ ഭരതൻ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് തകര. തകര എന്ന ടൈറ്റിൽ കഥാപാത്രമായിരുന്നു പ്രതാപ് പോത്തൻ. മാനസികവളർച്ചയില്ലാത്ത ഒരു കഥാപാത്രമായിരുന്നു തകര. സുഭാഷിണി എന്ന പെൺകുട്ടിയുമായി തകര അടുപ്പത്തിലാകുന്നു. സുരേഖയാണ് സുഭാഷിണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. സുഭാഷിണിയുമായുള്ള തകരയുടെ അടുപ്പം അറിഞ്ഞ് സുഭാഷിണിയുടെ അച്ഛൻ അവനെ മർദ്ദിച്ചു. വൈരാഗ്യം മൂത്ത തകര അവിടെനിന്ന് ഓടിപ്പോകുകയും കുറച്ചു കാശുണ്ടാക്കി ഒരു കത്തി വാങ്ങി വന്ന് മൂപ്പനെ കൊല്ലുന്നു. അച്ഛനെ കൊന്ന തകരയുടെ വിവാഹഭ്യർത്ഥന സുഭാഷിണി നിരസിക്കുകയും രക്ഷപ്പെടാൻ മാർഗ്ഗവുമില്ലാതെ ഒടുവിൽ ട്രെയിനിന് മുന്നിൽ ചാടി തകര ആത്മഹത്യ ചെയ്യുന്നതുമാണ് കഥ. തകരയാണ് പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രം.
ചാമരം: ഭരതൻ തന്നെ സംവിധാനം ചെയ്ത ചിത്രമാണ് ചാമരം. 1980ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ വിനോദ് എന്ന കഥാപാത്രത്തെയാണ് പ്രതാപ് പോത്തൻ അവതരിപ്പിച്ചത്. കോളേജ് അധ്യാപികയോട് പ്രണയം തോന്നിയ വിദ്യാർഥിയായിട്ടായിരുന്നു പ്രതാപിന്റെ വേഷം. അധ്യാപികയുമായി പ്രണയത്തിലായ വിനോദ് ഒടുവിൽ ഒരപകടത്തിൽ മരിക്കും. ചിത്രത്തിലെ നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ എന്ന ഗാനം ഇന്നും മലയാളികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു ഗാനമാണ്.
22 ഫീമെയിൽ കോട്ടയം: 2012ൽ പുറത്തിറങ്ങിയ ചിത്രമാണ് 22 ഫീമെയിൽ കോട്ടയം. ആഷിക്ക് അബു ആണ് ചിത്രത്തിന്റെ സംവിധായകൻ. ഫഹദ് ഫാസിൽ, റിമ കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ പ്രതാപ് പോത്തനും മുഖ്യ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ഹെഗ്ഡെ എന്ന വില്ലൻ കഥാപാത്രത്തെയാണ് അദ്ദേഹം ഈ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വഴിത്തിരിവായ ചിത്രമായിരുന്നു 22എഫ്കെ. പിന്നീട് അങ്ങോട്ട് നിരവദി മികച്ച കഥാപാത്രങ്ങൾ മലയാളത്തിൽ പ്രതാപ് പോത്തനെ തേടിയെത്തി.
അയാളും ഞാനും തമ്മിൽ: 2012ൽ തന്നെയാണ് ലാൽ ജോസിന്റെ അയാളും ഞാനും തമ്മിൽ എന്ന ചിത്രവും പുറത്തിറങ്ങുന്നത്. ഡോ. സാമുവൽ എന്ന കഥാപാത്രത്തെയാണ് പ്രതാപ് പോത്തൻ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ അവതരിപ്പിച്ചത്. 22 ഫീമെയിൽ കോട്ടയത്തിലെ വില്ലൻ കഥാപാത്രത്തിൽ നിന്ന്, സൗമ്യനായ, സ്നേഹം നിറഞ്ഞ ഒരു ഡോക്ടറുടെ കഥാപാത്രത്തിലേക്ക് എത്താൻ പ്രതാപ് പോത്തന് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വളരെ തന്മയത്വത്തോടെയാണ് പ്രതാപ് പോത്തൻ എന്ന നടൻ ഡോ. സാമുവൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. അയാളും ഞാനും തമ്മിൽ എന്ന് കേൾക്കുമ്പോൾ ചിലപ്പോൾ മനസിലേക്ക് ആദ്യം എത്തുന്ന ഡോ. സാമുവലിന്റെ മുഖം തന്നെയാവും.
ഇടുക്കി ഗോൾഡ്: 2013ൽ ആഷിക്ക് അബുവിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഇടുക്കി ഗോൾഡ്. ചെറുതോണിയിലെ ഹൈസ്കൂളിൽ ഒരുമിച്ച് പഠിച്ച അഞ്ച് സുഹൃത്തുക്കളുടെ കഥയാണ് ഈ ചിത്രം. വർഷങ്ങൾക്ക് ശേഷം ഇവർ ഒരുമിച്ച് കൂടുന്നതും പഴയതു പോലെ ഇടുക്കി ഗോൾഡ് എന്നറിയപ്പെടുന്ന നീലച്ചടയൻ വലിക്കാൻ പോകുന്നതുമാണ് സിനിമയുടെ പ്രമേയം. മൈക്കിൾ എന്ന കഥാപാത്രത്തെയാണ് പ്രതാപ് പോത്തൻ അവതരിപ്പിച്ചിരിക്കുന്നത്.