Malayalam Cinema Financial Crisis: മലയാള സിനിമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് സംയുക്ത സിനിമാ സംഘടനകൾ പ്രസ്താവന നടത്തിയിരുന്നു. റിലീസ് ചെയ്യുന്നവയിൽ ചുരുക്കം ചില സിനിമകൾ മാത്രമാണ് സാമ്പത്തികപരമായി വിജയമുണ്ടാക്കുന്നത്.
ഇപ്പോഴിതാ ജനുവരിയിൽ റിലീസ് ചെയ്ത സിനിമകളുടെ ബജറ്റും അവയുടെ തിയറ്റർ ഷെയറും പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളുടെ സംഘടന.
28 സിനിമകളാണ് 2025 ജനുവരിയിൽ റിലീസ് ചെയ്തത്. ഇവയുടെ മുതൽ മുടക്കും കേരള തിയേറ്ററുകളിൽ ഇവ നേടിയ ഷെയറുമാണ് സംഘടന പുറത്തുവിട്ടിരിക്കുന്നത്.
ജനുവരി റിലീസിൽ ഏറ്റവും കുറവ് ഷെയർ ലഭിച്ചത് 4 സീസൺസ് എന്ന ചിത്രത്തിനാണ്. 2 കോടി മുടക്കി ഇറക്കിയ ചിത്രത്തിന് ലഭിച്ചത് വെറും 10,000 രൂപയാണ്. തൊട്ടുപിന്നാലെ തന്നെ എമറാൾഡ് എന്ന ചിത്രവും പരാജയത്തിന് കയ്പറിഞ്ഞിരിക്കുകയാണ്. 20 ലക്ഷത്തിന്റെ ബജറ്റിൽ ഒരുങ്ങിയ ചിത്രം നേടിയത് 20,000 രൂപയാണ്. 40,000 രൂപ നേടിയ ദേശക്കാരൻ എന്ന ചിത്രത്തിന്റെ ബജറ്റ് 90 ലക്ഷമാണ്.
ജനുവരി റിലീസുകളിളെ ഒരേയൊരു ഹിറ്റ് ആസിഫ് അലി നായകനായ രേഖാചിത്രമാണ്. 8.56 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് നേടിയത് 12.5 കോടി രൂപയാണ്. ടൊവിനോ ചിത്രം ഐഡന്റിറ്റി 30 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രമാണ്. എന്നാൽ വെറും മൂന്നര കോടിയാണ് ചിത്രത്തിന്റെ തിയേറ്റർ ഷെയർ.
മമ്മൂട്ടി ചിത്രമായ ‘ഡൊമിനിക് ആൻഡ് ദ് ലേഡീസ് പഴ്സ്’ 19 കോടി രൂപയുടെ ബജറ്റിൽ എത്തിയതാണ്. 4025 കോടിയാണ് ചിത്രത്തിന് നേടാൻ സാധിച്ചത്. 8.9 കോടിയിൽ ഒരുങ്ങിയ ബേസിൽ ജോസഫിന്റെ ‘പൊൻമാൻ’ നേടിയത് രണ്ടര കോടി രൂപയാണ്. വിനീത് ശ്രീനിവാസന്റെ ‘ഒരു ജാതി ജാതകം’ 5 കോടി ബജറ്റിലെത്തിയ ചിത്രമാണ്. ഈ മൂന്ന് സിനിമകളും തിയറ്റർ ഷെയർ കൂടാതെ മറ്റ് ബിസിനിസുകളിൽ നിന്നും ലാഭമുണ്ടാക്കിയ ചിത്രങ്ങളാണെന്ന് നിർമാതാക്കളുടെ സംഘടന പറയുന്നു.
ഇന്ദ്രന്‍സ്, ജാഫർ ഇടുക്കി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ‘ഒരുമ്പെട്ടവൻ’ എന്ന ചിത്രം നേടിയത് മൂന്ന് ലക്ഷം രൂപയാണ്. രണ്ടര കോടിയായിരുന്നു ഈ ചിത്രത്തിന്റെ ബജറ്റ്. എന്ന് സ്വന്തം പുണ്യാളന്റെ ബജറ്റ്: 8.7 കോടി ആണ്. ചിത്രത്തിന്റെ ഷെയർ 1 കോടി 20 ലക്ഷം രൂപയും. പ്രാവിൻകൂട് ഷാപ്പ്, ബജറ്റ്: 18 കോടി, ഷെയർ: 4കോടി, അൻപോട് കൺമണിയുടെ ബജറ്റ്: 3 കോടി, ഷെയർ: 25 ലക്ഷം, ബെസ്റ്റി, ബജറ്റ്: 4.81 കോടി, ഷെയർ: 20 ലക്ഷം.
കമ്യുണിസ്റ്റ് പച്ചയുടെ ബജറ്റ് 2 കോടിയും ഷെയർ 1,25,000 രൂപയുമാണ്. ഐഡി ദ് ഫേക്ക് എന്ന ചിത്രത്തിന്റെ ബജറ്റ് 2 കോടി 47 ലക്ഷവും ഷെയർ 1,50,000 രൂപയുമാണ്. 50 ലക്ഷം ബജറ്റിലൊരുങ്ങിയ ദ് മലബാർ ടെയ്ൽസിന്റെ ഷെയർ രണ്ടര ലക്ഷമാണ്. ആദച്ചായി എന്ന ചിത്രത്തിന്റെ ബജറ്റ് 50 ലക്ഷമാണ്. ഇതിന്റെ തിയേറ്റർ ഷെയർ ലഭ്യമല്ല. ഓഫ് റോഡ്. ബജറ്റ്: 1 കോടി, ഷെയർ: 63,000, 1098 എന്ന ചിത്രത്തിന്റെ ബജറ്റ്: 40 ലക്ഷം, ഷെയർ: ലഭ്യമല്ല.
അം അഃ സിനിമയുടെ ബജറ്റ്: 3 കോടി 50 ലക്ഷം, ഷെയർ: 30 ലക്ഷം, അവിരാച്ചന്റെ സ്വന്തം ഇണങ്ങത്തിയുടെ ബജറ്റ് 45 ലക്ഷവും ഷെയർ ഒന്നര ലക്ഷവുമാണ്. എന്റെ പ്രിയതമന് എന്ന ചിത്രം 2.25 കോടിയിലാണ് ഒരുങ്ങിയത്. ഇതിന്റെ ഷെയർ: ലഭ്യമല്ല, സീക്രട്ട് ഓഫ് വുമൻ, ബജറ്റ്: 60 ലക്ഷം, ഷെയർ: രണ്ട് ലക്ഷം, ഒരു കഥ ഒരു നല്ല കഥ, ബജറ്റ്: ഒരു കോടി, ഷെയർ: ഒരു ലക്ഷം, പറന്നു പറന്നു പറന്നു ചെല്ലാൻ, ബജറ്റ്: മൂന്ന് കോടി, ഷെയർ: മൂന്നര ലക്ഷം, എമറാൾഡ്, ബജറ്റ്:20 ലക്ഷം, ഷെയർ: 20,000, സൂപ്പർ ജിംനി, ബജറ്റ്: രണ്ട് കോടി, ഷെയർ: 15 ലക്ഷം, എൻ വഴി തനി വഴി, ബജറ്റ്: ഒരു ലക്ഷം, ഷെയർ: ലഭ്യമല്ല, മിസ്റ്റർ ബംഗാളി ദ് റിയൽ ഹീറോ, ബജറ്റും ഷെയർ വിവരങ്ങളും ലഭ്യമല്ല.
താരങ്ങളുടെയും സാങ്കേതിക പ്രവർത്തകരുടെയും പ്രതിഫലമാണ് സിനിമകളിലെ ബജറ്റിന്റെ അറുപത് ശതമാനത്തോളം തുക. സാമ്പത്തിക നഷ്ടത്തിന് ആക്കം കൂട്ടുന്നത് ഇതാണെന്നാണ് നിർമാതാക്കളുടെ സംഘടന അഭിപ്രായപ്പെടുന്നത്. ജനുവരിയിൽ 28 മലയാള സിനിമകളും ഒരു റീ റിലീസും (ആവനാഴി) 12 അന്യഭാഷ സിനിമകളുമാണ് കേരളത്തിൽ റിലീസ് ചെയ്തത്. 110 കോടിയാണ് ഇതിൽ നിന്ന് മാത്രമുണ്ടായ നഷ്ടം.