ഐപിഎല്ലിൽ അടുത്തിടെ തന്റെ അതിവേഗ ബൗളിങ്ങിലൂടെ ഏവരെയും അത്ഭുതപ്പെടുത്തിയ താരമാണ് ഉമ്രാൻ മാലിക്. ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളർമാരിൽ മൂന്നാം സ്ഥാനത്താണ് താരം. അടുത്തിടെ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഉമ്രാൻ തന്റെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. ഐപിഎല്ലിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ബൗളറാണ് ഉമ്രാൻ മാലിക്. ഉംറാൻ മാലിക്കിനെ കൂടാതെ ഐപിഎല്ലിൽ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഏറ്റവും പ്രായം കുറഞ്ഞ നാല് ബൗളർമാർ ആരൊക്കെയെന്ന് നോക്കാം.
ഇത്തവണ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ജയദേവ് ഉനദ്കട്ട് 2013ൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഭാഗമായിരുന്നു. ഐപിഎല്ലിൽ ഒരു മത്സരത്തിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഉനദ്കട്ട് സ്വന്തമാക്കിയിട്ടുണ്ട്. 21ാം വയസിൽ ഡൽഹി ഡെയർഡെവിൾസിന് എതിരെയായിരുന്നു ഉനദ്കട്ടിന്റെ ഈ നേട്ടം. പവർപ്ലേയ്ക്കുള്ളിൽ ഓപ്പണർമാരായ മഹേല ജയവർധനയുടെയും വീരേന്ദർ സെവാഗിന്റെയും വിക്കറ്റുകൾ നേടി ഉനദ്കട്ട്. പതിനേഴാം ഓവറിൽ ഉൻമുക്ത് ചന്ദിന്റെ രൂപത്തിലായിരുന്നു അദ്ദേഹത്തിന്റെ അടുത്ത ഇര. അതേ ഓവറിൽ കേദാർ ജാദവിനെ പുറത്താക്കി. കളി അവസാന ഓവറിലേക്ക് നീങ്ങിയപ്പോൾ മോർണി മോർക്കലിനെ ഉനദ്കട്ട് പുറത്താക്കി.
ശ്രീനഗറിൽ നിന്നുള്ള 22 കാരനായ പേസർ തന്റെ അവസാന ഐപിഎൽ മത്സരത്തിനിടെ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ് എടുത്തായിരുന്നു ഉമ്രാന്റെ തുടക്കം. തുടർന്ന് ഹാർദിക് പാണ്ഡ്യ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ, വൃദ്ധിമാൻ സാഹ എന്നിവരുടെ വിക്കറ്റും എടുത്ത് ഉമ്രാൻ ഫൈഫർ നേടി. ഐപിഎല്ലിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ഇന്ത്യൻ ബൗളറാണ് അദ്ദേഹം. 22ാമത്തെ വയസിലാണ് നേട്ടം കൈവരിക്കുന്നത്.
ഐപിഎൽ 2021ൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിംഗ്സിന്റെ ഇടംകൈയ്യൻ മീഡിയം പേസർ അർഷ്ദീപ് സിംഗ് ആദ്യ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. എവിൻ ലൂയിസ്, ലിയാം ലിവിംഗ്സ്റ്റൺ, മഹിപാൽ ലോംറോർ, ചേതൻ സക്കറിയ, കാർത്തിക് ത്യാഗി എന്നിവരുടെ വിക്കറ്റുകൾ അർഷ്ദീപ് വീഴ്ത്തി. നാല് ഓവറിൽ നിന്ന് 5/32 റൺസ് ആണ് വഴങ്ങിയത്. ഐപിഎല്ലിൽ അഞ്ച് വിക്കറ്റ് വീഴ്ത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യൻ ബൗളറായി അർഷ്ദീപ് സിംഗ്. അർഷ്ദീപ് സിംഗിന് 22 വയസുള്ളപ്പോഴാണ് നേട്ടം സ്വന്തമാക്കുന്നത്.
2011 ഏപ്രിൽ 27 ന് കൊച്ചി ടസ്‌ക്കേഴ്‌സ് കേരളയ്‌ക്കെതിരെ ഇഷാന്ത് ശർമ്മ ഒരു ഡ്രീം സ്പെൽ എറിഞ്ഞു, ഇത് ഡെക്കാൻ ചാർജേഴ്‌സിനെ അനായാസ വിജയം കൈവരിക്കാൻ സഹായിച്ചു. ഇഷാന്തിന്റെ ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീഴ്ത്തി തുടങ്ങിയിരുന്നു. പത്തു പന്തുകൾക്കുശേഷം ഇഷാന്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി, 130 റൺസ് പിന്തുടർന്ന കൊച്ചി നാലോവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 11 റൺസ് എന്ന നിലയിൽ വലയുകയായിരുന്നു.