താരസംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം രാജിവെയ്ക്കുന്നുവെന്ന് നടൻ ഉണ്ണി മുകുന്ദൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ജോലി സമ്മർദ്ദം കൂടിയത് മാനസികാരോഗ്യത്തെ ബാധിച്ചതിനാലാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് താരം വ്യക്തമാക്കി. ഇനി കുറച്ചു നാൾ സ്വന്തം ആരോഗ്യം നോക്കുന്നതിനും കുടുംബത്തിന് വേണ്ടിയും മാറ്റിവയ്ക്കുകയാണെന്ന് ഉണ്ണി മുകുന്ദൻ കൂട്ടിച്ചേർത്തു. 2024 ജൂണിൽ ആണ് ഉണ്ണി മുകുന്ദൻ അമ്മ ട്രഷറർ സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ ആളെ തിരഞ്ഞെടുക്കുന്നത് വരെ താൻ ഈ പദവിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുമെന്നും ഉണ്ണി മുകുന്ദൻ കുറിച്ചു.
''ഏറെ ആലോചിച്ച ശേഷമാണ് ട്രഷറർ (അമ്മ) എന്ന നിലയിലുള്ള എൻ്റെ റോളിൽ നിന്ന് ഒഴിയാനുള്ള വളരെ ബുദ്ധിമുട്ടുള്ള തീരുമാനമെടുത്തത്. ഈ പദവിയിലുണ്ടായിരുന്ന സമയം ഒരുപാട് ആസ്വദിച്ചിരുന്നു. എന്നാൽ സമീപ കാലത്ത് ജോലിയുടെ സമ്മർദ്ദം കൂടിയത് എന്റെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചു. അതിനാൽ ട്രഷറർ സ്ഥാനത്തിന്റെ ഉത്തരവാദിത്തങ്ങളും പ്രൊഫഷണൽ ജീവിതവും ബാലൻസ് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.
ട്രഷറർ സ്ഥാനം നിർവഹിക്കുന്നതിൽ എപ്പോഴും എൻ്റെ ഏറ്റവും മികച്ചത് നൽകിയിട്ടുണ്ടെങ്കിലും, തുടർന്ന് എനിക്ക് എൻ്റെ ചുമതലകൾ ഫലപ്രദമായി നിറവേറ്റാൻ കഴിയില്ലെന്ന് ഞാൻ തിരിച്ചറിയുന്നു. ഹൃദയഭാരത്തോടെയാണ് ഞാൻ രാജി സമർപ്പിക്കുന്നത്. എന്നാൽ, ഒരു പുതിയ അംഗത്തെ നിയമിക്കുന്നതുവരെ ഞാൻ ഈ പദവിയിൽ തുടരും.
ഞാൻ ഈ പദവിയിലിരിന്നപ്പോൾ എനിക് ലഭിച്ച വിശ്വാസത്തിനും പിന്തുണയ്ക്കും അങ്ങേയറ്റം നന്ദി രേഖപ്പെടുത്തുന്നു, കൂടാതെ ഈ റോളിൻ്റെ ഉത്തരവാദിത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ എൻ്റെ പിൻഗാമിക്ക് എല്ലാ വിജയങ്ങളും നേരുന്നു.''
ഉണ്ണി മുകുന്ദൻ നായകനായി പുറത്തിറങ്ങിയ മാർക്കോ ആഗോളതലത്തിൽ വമ്പൻ വിജയം സ്വന്തമാക്കി കഴിഞ്ഞിരിക്കുകയാണ്. ചിത്രം 100 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ സോളോ 100 കോടി ബോക്സ് ഓഫീസ് കൂടിയാണ് ‘മാർക്കോ’. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്. ‘ബാഹുബലി’ക്ക് ശേഷം കൊറിയയിൽ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യൻ ചിത്രമെന്ന നേട്ടവും ചിത്രം നേടിക്കഴിഞ്ഞു.
ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ്, സിദ്ദീഖ്, അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, വിപിൻ കുമാർ.വി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.