എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും. മോഹൻലാൽ ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. നടൻ ശ്രീകാന്ത് മുരളിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അവസാനത്തെ ഷോട്ടും എടുത്ത് പ്രിയദർശൻ പാക്കപ്പ് പറയുന്നതിന്റെ വീഡിയോ പങ്കുവച്ച് കൊണ്ടാണ് ശ്രീകാന്ത് ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചിരിക്കുന്നത്.
എംടിയുടെ തിരക്കഥയിൽ 1970ൽ പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ റീമേക്ക് ആണ് പ്രിയദർശൻ ഒരുക്കുന്നത്. മധു ആയിരുന്നു 1970ലെ ഓളവും തീരവും സിനിമയിൽ നായകൻ. ഇന്ന് ആ ചിത്രത്തിൽ മോഹൻലാൽ നായകനാകുന്നു. തൊടുപുഴയിലാണ് ചിത്രീകരണം നടന്നത്. സന്തോഷ് ശിവൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.
Also Read: M.T Vasudevan Nair: സിനിമ ലൊക്കേഷനിൽ മലയാളത്തിന്‍റെ എം.ടിക്ക് പിറന്നാൾ
അടുത്തിടെ ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയുള്ള മോഹൻലാലന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. തൊടുപുഴ തൊമ്മൻകുത്ത് പുഴയിലെ കുത്തൊഴുക്ക് വകവെയ്ക്കാതെ മോഹൻലാൽ ചങ്ങാടം തുഴയുന്ന വീഡിയോ ആണ് വൈറലായത്. ലുങ്കിയും ഷർട്ടുമിട്ട് തലയിൽ കെട്ടുംകെട്ടി ഒറ്റയ്ക്ക് ചങ്ങാടം തുഴയുന്ന മോഹൻലാലിനെ ആണ് വീഡിയോയിൽ കണ്ടത്. ആരാധകർ പകർത്തിയ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. മോഹൻലാലിന്റെ നരൻ എന്ന ചിത്രത്തിലെ 'ഓമൽ കൺമണി' എന്നു തുടങ്ങുന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ പ്രചരിച്ചത്.
കൂടാതെ ജൂലൈ 15ന് എംടിയുടെ പിറന്നാൾ ആയിരുന്നു. ഓളവും തീരവും ലൊക്കേഷനിൽ വച്ചാണ് മലയാളത്തിന്‍റെ ഇതിഹാസം എം.ടി.വാസുദേവൻ നായരുടെ 89-ാം പിറന്നാൾ ആഘോഷിച്ചത്. ആരോഗ്യം അത്ര അനുവദിക്കാതിരുന്നിട്ടും മകള്‍ അശ്വതിക്കൊപ്പം കോഴിക്കോട് നിന്ന് യാത്ര ചെയ്ത് എംടി, ചിത്രീകരണം നടക്കുന്ന തൊടുപുഴ കുടയത്തൂരിലെ സെറ്റിലെത്തി. നടൻ മോഹൻലാൽ, സംവിധായകൻ പ്രിയദർശൻ, ഛായാഗ്രാഹകന്‍ സന്തോഷ് ശിവന്‍ എന്നിവർ ആഘോഷത്തിൽ പങ്കു ചേർന്നു.
ആന്തോളജിയുടെ ഭാഗമായാണ് പ്രിയദര്‍ശൻ ഓളവും തീരവും എന്ന ചിത്രം ഒരുക്കുന്നത്. എം ടി വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്സിന് വേണ്ടി ഒരുക്കുന്നതാണ് ഈ ആന്തോളജി. എം.ടിയുടെ 10 കഥകളാണ് ആന്തോളജിയിൽ സിനിമയാകുന്നത്. ഓളവും തീരവും കൂടാതെ ഒരു ചിത്രം കൂടി ഈ ആന്തോളജിയിൽ പ്രിയദർശൻ സംവിധാനം ചെയ്യുന്നുണ്ട്. 'ശിലാലിഖിതം' എന്ന ചിത്രമാണത്. ഇതിൽ ബിജു മേനോന്‍ ആണ് നായകന്‍.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...