ലളിത ചേച്ചി..ലളിതാമ്മ..എന്നൊക്കെ എല്ലാവരും വിളിച്ചിരുന്നെങ്കിലും സത്യത്തിൽ മലയാള സിനിമയ്ക്ക് ഒരു അമ്മയെ തന്നെയാണ് നഷ്ടമായിരിക്കുന്നത്. അഭിനയത്തിലെ സ്ത്രീക്കരുത്ത് തന്നെയായിരുന്നു കെപിഎസി ലളിത. ഏറ്റെടുക്കുന്ന ഏതൊരു കഥാപാത്രവും സാധാരണത്വം തോന്നിക്കും വിധം അഭിനയിച്ചു ഫലിപ്പിക്കാൻ കഴിയുന്ന നടി. ലളിതയ്ക്ക് വേണ്ടി എഴുതിയ പോലെ പല കഥാപാത്രങ്ങളും മലയാള സിനിമയിലുണ്ടായി. ലളിത അഭിനയിച്ച അമ്മ വേഷങ്ങൾ തന്നെ ഉദാഹരണങ്ങളാണ്.
സ്ഫടികത്തിലെ ആടുതോമയുടെ അമ്മയായി, വടക്കുനോക്കിയെന്ത്രത്തിലെ അമ്മ, വീണ്ടും ചില വീട്ടുകാര്യങ്ങൾ, സന്മനസുള്ളവർക്ക് സമാധാനം തുടങ്ങി കെപിഎസി ലളിതയെ അല്ലാതെ മറ്റാരെയും നമുക്ക് ചിന്തിക്കാൻ കഴിയാത്ത പല സിനിമകളും സംവിധായകരും തിരക്കഥാകൃത്തുക്കളും ഒരുക്കിയിട്ടുണ്ട്. തന്റെ പത്താം വയസിൽ നാടകത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലളിത പിന്നീടങ്ങോട്ട് മലയാളിക്ക് സമ്മാനിച്ച മറക്കാനാവാത്ത ഒരുപിടി നല്ല കഥാപാത്രങ്ങളെയാണ്.
ജീവിതം കുറെയേറെ സങ്കടങ്ങൾ നൽകിയെങ്കിലും അതെല്ലാം ലളിത മറന്നത് ക്യാമറയ്ക്ക് മുന്നിലെത്തിയപ്പോഴാണ്. ഹ്യൂമർ, സീരിയസ്, തുടങ്ങി ഏതൊരു റോളും ഈ അഭിനയ നക്ഷത്രത്തിന് വഴങ്ങുമായിരുന്നു. 1969ൽ കെഎസ് സേതുമാധവൻ കൂട്ടുകുടുംബം എന്ന നാടകം, സിനിമയാക്കിയപ്പോൾ അവിടെ നിന്നാണ് ലളിത തന്റെ സിനിമ ജീവിതം ആരംഭിക്കുന്നത്. അഞ്ച് പതിറ്റാണ്ടിലേറെയായി കെപിഎസി ലളിത നമുക്കൊപ്പമുണ്ടായിരുന്നു. അമ്മയായും കാമുകിയായും അമ്മൂമ്മയായും അമ്മായിയമ്മയായും എല്ലാം അത്ഭുതപ്പെടുത്തിയ എത്രയോ സ്ത്രീ വേഷങ്ങൾ. അഭിനയത്തികവ് കാണിക്കാൻ നായികയാകണമെന്ന് നിർബന്ധമില്ലെന്ന് തെളിയിച്ച നടിയാണ് അവർ.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.