തിരുവനന്തപുരം: കെഎസ്ആർടിസി (KSRTC), ദീർഘദൂര ലോ ഫ്ലോർ ബസുകളിലും ബാംഗ്ലൂരിലേക്കുള്ള വോൾവോ, സ്കാനിയ ബസുകളിലും ഇ-ബൈക്ക്, ഇ-സ്കൂട്ടർ, സൈക്കിൾ തുടങ്ങിയ ഇരുചക്ര വാഹനങ്ങൾ യാത്രക്കാരുടെ കൂടെ കൊണ്ടുപോകാൻ സൗകര്യമൊരുക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഒരു നിശ്ചിത തുക ഈടാക്കിയാണ് വാഹനങ്ങൾ കൊണ്ടുപോകാൻ അനുവദിക്കുകയെന്നും മന്ത്രി (Minister) പറഞ്ഞു.
ദീർഘദൂരയാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് നടപടി. നഗരത്തിലെത്തുന്ന യാത്രക്കാർക്ക് കൂടെ കൊണ്ടുവരുന്ന ഇരുചക്ര വാഹനത്തിൽ ബസ് യാത്രയ്ക്ക് ശേഷം തുടർ യാത്ര സാധിക്കും. നവംബർ ഒന്നു മുതൽ ഇതിനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.
അന്തരീക്ഷമലിനീകരണമില്ലാത്ത ആരോഗ്യപ്രദമായ യാത്രക്ക് പ്രേരിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ലോകമെങ്ങും സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്ന ഈ കാലഘട്ടത്തിൽ കേരളവും അതിനൊപ്പമുണ്ട് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
അടുത്തമാസം ഒന്നുമുതൽ കെഎസ്ആർടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി വ്യക്തമാക്കിയിരുന്നു. കൊവിഡിന് മുൻപുള്ള നിരക്കിലേക്കാണ് മാറ്റുക. ബസ് ചാർജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്റെ ശുപാർശ സർക്കാർ ചർച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...