തിരുവനന്തപുരം: ബ്രെയിൻ ട്യൂമറിനോട് പൊരുതി അതിജീവനത്തിന്റെ പ്രതീകമായ നടി ശരണ്യ ശശി (35) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡും (Covid) ന്യുമോണിയയും പിടികൂടിയ ശരണ്യയുടെ സ്ഥിതി അതീവഗുരുതരമായിരുന്നു.
ഏറെ നാളായി ട്യൂമർ ബാധിതയായി ചികിത്സയിലായിരുന്നു ശരണ്യ. പതിനൊന്നോളം തവണ സർജറിക്ക് വിധേയയായി. ഇതിനിടെ കൊവിഡ് ബാധിതയായതോടെ ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊവിഡ് നെഗറ്റീവായെങ്കിലും ന്യൂമോണിയ ബാധിച്ചു. ന്യൂമോണിയ ഭേദമായി വീട്ടിൽ തിരിച്ചെത്തിയെങ്കിലും രക്തത്തിൽ സോഡിയത്തിന്റെ അളവ് കുറഞ്ഞതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ശരണ്യ അഭിനയിച്ചിട്ടുണ്ട്.
2012ൽ ആണ് ശരണ്യയ്ക്ക് തലച്ചോറിൽ ട്യൂമർ ബാധിച്ചത്. ഷൂട്ടിങ് സെറ്റിൽ കുഴഞ്ഞുവീണതിനെ തുടർന്ന് സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ശരണ്യയ്ക്ക് ബ്രെയിൻ ട്യൂമർ (Tumour) ആണെന്ന് കണ്ടെത്തിയത്. പലപ്പോഴും ശസ്ത്രക്രിയ ചെയ്യാൻ പണമില്ലാതെ പ്രതിസന്ധിയിലായിരുന്നു ശരണ്യ. നടി സീമ ജി നായരാണ് ശരണ്യയുടെ ചികിത്സയ്ക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നത്. ചാക്കോ രണ്ടാമൻ എന്ന ചിത്രത്തിലൂടെയാണ് ശരണ്യ അഭിനയരംഗത്തേക്ക് എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...