മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീടിന് മുന്നിൽ 'ഹനുമാൻ ചാലിസ' ചൊല്ലുമെന്ന് ഭീഷണി മുഴക്കിയ എംപി, എംഎൽഎ ദമ്പതിമാർ അറസ്റ്റിൽ. ഉദ്ദവ് താക്കറെയുടെ കുടുംബ വീടായ മാതോശ്രീക്ക് മുന്നിൽ 'ഹനുമാൻ ചാലിസ' ചൊല്ലുമെന്നായിരുന്നു അമരാവതിയിൽ നിന്നുള്ള സ്വതന്ത്ര എംപി നവനീത് റാണെയെയും ഭർത്താവും എംഎൽഎയുമായ രവി റാണെയും ഭീഷണി മുഴക്കിയത്. സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്ത സാഹചര്യത്തിൽ മുംബൈ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.
ഉദ്ദവ് താക്കറെ ഹിന്ദുത്വത്തെ അടിയറവ് വച്ചെന്നും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉദ്ദവ് താക്കറെ ഹിന്ദുത്വമൂല്യങ്ങൾ വിസ്മരിക്കുകയാണെന്നും അവർ ആരോപിച്ചു. ഹനുമാൻ ജയന്തി ദിവസം മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പരസ്യമായി 'ഹനുമാൻ ചാലിസ' ചൊല്ലി, മഹാരാഷ്ട്രയെ ദുരിതത്തിൽ നിന്ന് കര കയറ്റാൻ തയ്യാറാകണമെന്ന് രവി റാണെ ആവശ്യപ്പെട്ടിരുന്നു. ബാൽ താക്കറെ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും തങ്ങളുടെ ഈ ആവശ്യം അംഗീകരിച്ചേനെ എന്നും ഉദ്ദവ് രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിന്ദുത്വത്തെ മറക്കുകയാണെന്നും ഇവർ ആരോപിച്ചു. ഉദ്ദവ് താക്കറെയുടെ വസതിക്ക് മുന്നിൽ ഹനുമാൻ ചാലിസ ചൊല്ലാനുള്ള പ്രഖ്യാപനം സംസ്ഥാനത്തെ ക്രമസമാധാനനില തകർക്കാൻ വേണ്ടിയുള്ളതാണെന്ന് ആഭ്യന്തര മന്ത്രി ദിലിപ് വൽസെ പാട്ടീൽ വ്യക്തമാക്കി.
പ്രാർത്ഥിക്കാനാണെങ്കിൽ രവി റാണയ്ക്കും നവനീത് റാണയ്ക്കും സ്വന്തം വീട്ടിലിരുന്ന് പ്രാർത്ഥിച്ചാൽപ്പോരേയെന്ന് പാട്ടീൽ ചോദിച്ചു. മാതോശ്രീയ്ക്ക് മുന്നിൽ നിന്ന് പ്രാർത്ഥിക്കുന്നത് ക്രമസമാധാനനില തകർക്കാനും സംസ്ഥാനസർക്കാരിന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്താനുമുള്ള ശ്രമമാണ്. കോവിഡ് പ്രതിസന്ധിയും വിലക്കയറ്റവും മൂലം ജനങ്ങൾ പ്രതിസന്ധിയിലാണ്. അനാവശ്യവിവാദങ്ങളുണ്ടാക്കി അതിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇവരുടെ ശ്രമമെന്നും പാട്ടീൽ പറഞ്ഞു. 'ഹനുമാൻ ചാലിസ' ചൊല്ലുമെന്ന് വ്യക്തമാക്കി ഇവർ ഉദ്ദവ് താക്കറെയുടെ വസതിക്ക് മുന്നിൽ എത്തിയെങ്കിലും വസതിക്ക് മുന്നിലേക്ക് ശിവസേനാ പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ഇതോടെ സ്ഥലത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. ഇതോടെ ഉദ്ദവ് താക്കറെയുടെ വസതിക്ക് മുന്നിൽ 'ഹനുമാൻ ചാലിസ' ചൊല്ലാനുള്ള ശ്രമത്തിൽ നിന്ന് ഇരുവരും പിന്മാറുകയായിരുന്നു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദി ലതാ മങ്കേഷ്കറുടെ പേരിലുള്ള പുരസ്കാരങ്ങൾ സ്വീകരിക്കാൻ എത്തുന്നതിനാൽ സ്ഥലത്ത് ക്രമസമാധാനപ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്നായിരുന്നു പ്രതിഷേധത്തിൽ നിന്ന് പിൻമാറുന്നതിനെ ഇരുവരും വിശദീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...