കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് പുതിയ ആദായ നികുതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കും. നികുതി നിയമങ്ങൾ ലളിതമാക്കുക, കാലഹരണപ്പെട്ട വ്യവസ്ഥകൾ ഇല്ലാതാക്കുക എന്നിവയാണ് ബിൽ ലക്ഷ്യം വയ്ക്കുന്നത്. ബിൽ അംഗീകരിക്കപ്പെട്ടാൽ 1961ലെ ആദായ നികുതി നിയമത്തിന് പകരമായി 2026 ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. പുതിയ ആദായ നികുതി ബില്ലിൽ വരുത്തിയ മാറ്റങ്ങൾ എന്തെല്ലാമാണെന്നും എന്തെല്ലാം കാര്യങ്ങളാണ് നിലനിർത്തുന്നതെന്നും അറിയാം.
നികുതി വർഷം: പുതിയ ആദായനികുതി ബില്ലിൽ നികുതി വർഷം എന്ന ആശയം അവതരിപ്പിച്ചേക്കും. ഇപ്പോഴത്തെ അസസ്‌മെന്റ് വർഷവും മുൻ വർഷവും കാരണം നികുതിദായകർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. നികുതി ഇടാക്കുമ്പോഴും നികുതി റിട്ടേൺ സമർപ്പിക്കുമ്പോഴും അസസ്‌മെന്റ് വർഷവും സാമ്പത്തിക വർഷവും (മുൻ വർഷം) നികുതിദായകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കാറുണ്ട്. നികുതി വർഷമെന്ന ആശയത്തിലൂടെ ഇത് പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സാമ്പത്തിക വർഷം: പുതിയ നികുതി ബില്ലിലും സാമ്പത്തിക വർഷം മാറ്റമില്ലാതെ തുടരും. സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31ന് അവസാനിക്കുന്ന വിധത്തിൽ തന്നെ തുടരും.
ALSO READ: ബജറ്റിൽ വൻ പ്രഖ്യാപനം, ആദായ നികുതിദായകർക്ക് നേട്ടം; മൂന്ന് ലക്ഷം രൂപ വരെ നികുതിയില്ല
സെക്ഷൻ മാറ്റം: പുതിയ നികുതി നിയമത്തിൽ പഴയ നികുതി നിയമത്തിലെ പല സെക്ഷനുകളും മാറുമെന്നാണ് സൂചന. ഉദാഹരണത്തിന്, നിലവിലെ ആദായനികുതി നിയമപ്രകാരം, സെക്ഷൻ 139 പ്രകാരമാണ് ആദായനികുതി റിട്ടേൺ ഫയലിംഗ് വിശദീകരിക്കുന്നത്. പുതിയ നികുതി ബില്ലിൽ സെക്ഷൻ 115BACയാണ് ഇക്കാര്യം വിശദമാക്കുന്നത്.
റെസിഡൻസി നിയമത്തിൽ മാറ്റമില്ല: റെസിഡൻസി നിയമങ്ങളിൽ പുതിയ ആദായനികുതി ബിൽ മാറ്റം വരുത്തില്ല. നിലവിലെ നിയമം അനുസരിച്ച് സാധാരണ താമസക്കാരായ വ്യക്തികൾ, സാധാരണ താമസക്കാരല്ലാത്ത വ്യക്തികൾ, പ്രവാസി വ്യക്തികൾ എന്നിങ്ങനെയാണ് റെസിഡൻസ് സംബന്ധിച്ച് തരംതിരിക്കുന്നത്. റെസിഡൻസി സംബന്ധിച്ച ചട്ടത്തിൽ നികുതി വിദഗ്ധർ ആവശ്യപ്പെടുന്നെങ്കിലും മാറ്റമുണ്ടാകില്ലെന്നാണ് വിവരം.
കൂടുതൽ ലളിതം: പുതിയ ആദായ നികുതി ബിൽ 23 അധ്യായങ്ങളും 536 സെക്ഷനുകളും 16 ഷെഡ്യൂളുകളുമായാണ് തരംതിരിച്ചിരിക്കുന്നത്. ഇതിന് 600ൽ അധികം പേജുകൾ ഉണ്ട്. നിലവിലെ നികുതി നിയമത്തിൽ 298 സെക്ഷനുകളും 14 ഷെഡ്യൂളുകളുമാണ് ഉള്ളത്. കൂടുതൽ സമഗ്രവും ലളിതവുമാക്കുന്നതിനാണ് നികുതി ബില്ലിൽ സെക്ഷനുകൾ കൂട്ടിച്ചേർത്തത്.
എളുപ്പത്തിൽ വ്യാഖ്യാനിക്കാം: എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി വിശദീകരണങ്ങളും വ്യവസ്ഥകളും നീക്കിയിട്ടുണ്ട്. സ്റ്റാൻഡേർഡ് ഡിഡക്ഷൻ, ഗ്രാറ്റുവിറ്റി, ലീവ് എൻക്യാഷ്‌മെന്റ് മുതലായ ശമ്പളത്തിൽ നിന്നുള്ള കിഴിവുകൾ വ്യത്യസ്ത വിഭാഗങ്ങളിലും ചട്ടങ്ങളിലും ചിതറിക്കിടന്നിരുന്നത് ഒരു വിഭാഗമാക്കി മാറ്റി.
ALSO READ: ടാക്സ് അടക്കാതിരുന്നാൽ പിഴ എത്ര? ചിലപ്പോൾ ജയിലിൽ വരെ പോകാം
ടിഡിഎസ് എളുപ്പം: എളുപ്പത്തിൽ മനസ്സിലാക്കുന്നതിനായി ടിഡിഎസുമായി ബന്ധപ്പെട്ട എല്ലാ സെക്ഷനുകളും ലളിതമായ പട്ടികകളുള്ള ഒരൊറ്റ ക്ലോസിന് കീഴിൽ കൊണ്ടുവരും.
റിട്ടേൺ ഫയലിംഗിൽ മാറ്റമില്ല: ഐടിആർ ഫയലിംഗ് സമയപരിധികൾ, ആദായ നികുതി സ്ലാബുകൾ, മൂലധന നേട്ടങ്ങൾ എന്നിവയിൽ പുതിയ ആദായനികുതി ബില്ലിലും മാറ്റമില്ല.
പുതിയ ആദായ നികുതി ബിൽ 2026 ഏപ്രിൽ ഒന്ന് മുതലാണ് (2026-27 സാമ്പത്തിക വർഷം) പ്രാബല്യത്തിൽ വരിക. അതായത് 2025 ഏപ്രിൽ ഒന്ന് മുതൽ 2026 മാർച്ച് 31 വരെയുള്ള അടുത്ത സാമ്പത്തിക വർഷത്തെ നികുതി നിലവിലെ ആദായ നികുതി നിയമത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും കൈകാര്യം ചെയ്യേണ്ടത്.
പുതിയ നികുതി വ്യവസ്ഥയ്ക്ക് കീഴിലുള്ള പുതുക്കിയ നികുതി സ്ലാബുകൾ
4 ലക്ഷം രൂപ വരെ വരുമാനം– നികുതിയില്ല.
4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെ വരുമാനം– 5 ശതമാനം
8 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെ വരുമാനം– 10 ശതമാനം
12 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെ വരുമാനം– 15 ശതമാനം
16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെ വരുമാനം– 20 ശതമാനം
20 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വരുമാനം– 25 ശതമാനം
24 ലക്ഷത്തിന് മുകളിലുള്ള വരുമാനം– 30 ശതമാനം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.