ശ്രീനഗര്‍: ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി (22) സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ ഉടലെടുത്ത സംഘര്‍ഷത്തിന് അയവില്ല.പൊലീസുകാരനുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 21 ആയി. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 200 ലധികം പേര്‍ക്കു പരുക്കേറ്റു. ജമ്മു കശ്മീരില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ പിന്‍വലിച്ചിട്ടില്ല.സംഘര്‍ഷത്തിന്‍െറ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച അമര്‍നാഥ് യാത്ര കഴിഞ്ഞദിവസം പുനരാരംഭിച്ചിട്ടുണ്ട്.. സംഘര്‍ഷം തുടരുന്ന താഴ്വരയില് ഞായറാഴ്ച മാത്രം കൊല്ലപ്പെട്ടത് ആറുപേരാണ്.
ക്രമസമാധാന പ്രശ്നം പരിഗണിച്ച് താഴ്വരയില് കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. 15 പേര് സുരക്ഷാസേനയുടെ വെടിയേറ്റും മറ്റുള്ളവര്‍ സംഘര്‍ഷത്തിനിടെയുണ്ടായ അപകടത്തിലുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അനന്ത്നാഗ് ഭാഗത്ത് പ്രക്ഷോഭകര്‍ക്കിടയില്‍പെട്ട പൊലീസുകാരനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ വാഹനമടക്കം ജനക്കൂട്ടം ഝലം നദിയിലേക്ക് മറിച്ചിടുകയായിരുന്നു.
കശ്മീരില്‍ കനത്ത സുരക്ഷാ സന്നാഹങ്ങള്‍ തുടരുകയാണ്. പ്രധാനമായും തെക്കന്‍ കശ്മീരിലെ പല്വാമ, അനന്ത്നാഗ്, കുല്‍ഗാം ജില്ലകളിലാണ് പ്രക്ഷോഭം രൂക്ഷം. ഇവിടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് നിരോധവും തുടരുകയാണ്. ശനിയാഴ്ച കാണാതായ മൂന്ന് പൊലീസുകാരില്‍ രണ്ടുപേരെ കഴിഞ്ഞദിവസം കണ്ടത്തെി.തിങ്കളാഴ്ചയും ബന്ദിന് വിഘടനവാദി സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. വിഘടനവാദി നേതാക്കളായ അലിഷാ ഗീലാനിയും മിര്‍വായിസ് ഉമര്‍ ഫാറൂഖും വീട്ടുതടങ്കലിലും യാസീന്‍ മാലിക് കരുതല്‍ തടങ്കലിലുമാണ്.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത് 20 അഡീഷനല്‍ പാരാമിലിട്ടറി സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ്, കുല്‍ഗാം, പുല്‍വാമ, ഷോപിയന്‍ മേഖലകളിലാണ് വ്യാപക സംഘര്‍ഷമുണ്ടായത്. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന് കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അഭ്യര്‍ഥിച്ചു. പൊലീസ് നടപടിയില്‍ യുവാക്കള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി ദുഃഖം രേഖപ്പെടുത്തി. പ്രതിഷേധക്കാരെ നേരിടുന്നതില്‍ പൊലീസ് നടപടിക്രമം പാലിച്ചില്ലെന്ന് മെഹബൂബ മുഫ്തി കുറ്റപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശ്രീനഗറില്‍ നിന്ന് 85 കിലോമീറ്റര്‍ ദൂരെയുള്ള ബുംദൂര ഗ്രാമത്തില്‍ വാനി അടക്കം മൂന്നു പേര് സുരക്ഷാസേനയുടെ വെടിയേറ്റ് മരിച്ചത്. ഒളിത്താവളം വളഞ്ഞ സേനയ്ക്കുനേരെ തീവ്രവാദികള്‍ വെടിവച്ചതുകൊണ്ടാണു ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറെ വെടിവച്ചു കൊന്നതെന്ന് എഡിജി (സിഐഡി) എസ്.എം.സഹായ് പറഞ്ഞു.
അതേസമയം, വാനിയുടെ മരണം കൂടുതല്‍ യുവാക്കളെ ഭീകരവാദത്തിലേക്ക് ആകര്‍ഷിച്ചേക്കാമെന്ന ഭയം സുരക്ഷാ ഏജന്‍സികള്‍ക്കുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നാല്പതിനായിരം പേരാണ് വാനിയുടെ കബറടക്കത്തിനെത്തിയത്.