ശ്രീനഗര്‍: ജമ്മുവില്‍ നിന്ന് അമര്‍നാഥിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര റദ്ദാക്കി. കൂടാതെ കാശ്മീര്‍ താഴ്വരയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനവും റദ്ദാക്കി. ബുര്‍ഹാന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ആക്രമണമുണ്ടാകുമെന്ന സാധ്യത മുന്‍നിര്‍ത്തിയാണ് സുരക്ഷ നടപടികള്‍. പടിഞ്ഞാറൻ കശ്മീരിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നു. കുപ് വാരയിൽ പൊലീസിന്റെയും സൈന്യത്തിന്റെയും സുരക്ഷാ ചെക്ക് പോസ്റ്റുകൾക്ക് നേരെ തദ്ദേശീയരുടെ ആക്രമണമുണ്ടായി.
അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവെച്ചു. ജമ്മു വഴിയുള്ള തീർത്ഥാടകരെ അമർനാഥിലേക്ക് പോകാന്‍ അനുവദിക്കുന്നില്ല. സംസ്ഥാനത്ത് ഇന്ന് നടക്കാനിരുന്ന സ്കൂൾ പരീക്ഷകൾ മാറ്റിവെച്ചിട്ടുണ്ട്. വിവിധ ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപെടുത്തി. ശ്രീനഗർ- ജമ്മു ദേശീയപാത അധികൃതർ അടച്ചിട്ടുണ്ട്.
കാശ്മീരിലെ പുതിയ തലമുറ ഭീകരരില്‍ ഏറ്റവും ശക്തനായ ആളെന്നാണ് 21കാരനായ ബുര്‍ഹന്‍ വാനിയെന്ന് കരുതപ്പെടുന്നത്. 2010ല്‍ ഹിസ്ബുളില്‍ ചേര്‍ന്ന ഇയാള്‍ സംഘടനയുടെ നവമാധ്യമങ്ങളിലെ മുഖമായിരുന്നു. സമ്പന്ന കുടുംബത്തില്‍ ഒരു സ്കൂള്‍ പ്രിന്‍സിപ്പലിന് ന്റെ മകനായ വാനി പതിനഞ്ചാം വയസിലാണ് ഭീകര സംഘടനയില്‍ അംഗമാകുന്നത്. വാനിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അധികൃതര്‍ 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.സാമൂഹിക മാധ്യമങ്ങളിലൂടെ സായുധഗ്രൂപ്പുകളില്‍ ചേരാന്‍ ആഹ്വാനം ചെയ്ത് കുപ്രസിദ്ധനായ ബുര്‍ഹാന്‍ വാനിയെ സൈന്യം ഇന്നലെയാണ് വധിച്ചത്.