ഇന്ന് ഭൂരിഭാഗം പേരും അഭിമുഖീകരിക്കുന്ന ആരോഗ്യപ്രശ്നമാണ് ജീവിതശൈലീ രോഗങ്ങൾ. ചെറുപ്പക്കാർക്കിടയിലും ഇപ്പോൾ ജീവിതശൈലീ രോഗങ്ങൾ പിടിമുറുക്കിയിരിക്കുകയാണ്. വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവയിലൂടെ ജീവിതശൈലീ രോഗങ്ങൾ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിക്കും.
ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന പ്രത്യേക ഡയറ്റുകളുണ്ട്. ഇത്തരത്തിൽ ജീവിതശൈലീ രോഗങ്ങളുള്ളവർക്ക് സഹായകമാകുന്ന ഡയറ്റാണ് ഡാഷ് ഡയറ്റ്. ഡാഷ് ഡയറ്റ് പ്രധാനമായും ബിപി കുറയ്ക്കുന്നതിനാണ് സഹായിക്കുന്നത്. ഡയറ്ററി അപ്രോച്ച് ടു സ്റ്റോപ്പ് ഹൈപ്പർ ടെൻഷൻ എന്നാണ് ഡാഷ് ഡയറ്റിന്റെ പൂർണ രൂപം. ഡാഷ് ഡയറ്റിൽ ധാരാളം പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുന്നു. ഇതുവഴി ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നിവ ശരീരത്തിന് ലഭിക്കുന്നു.
ഡാഷ് ഡയറ്റ് പിന്തുടരുന്നവർ ഉപ്പിന്റെ അളവ് കുറയ്ക്കണം. ദിവസവും ഉപയോഗിക്കുന്ന ഉപ്പിന്റെ അളവ് 2.3 ഗ്രാമിനുള്ളിൽ ക്രമപ്പെടുത്തണം. പ്രാതലിന് രണ്ട് ചപ്പാത്തിയോ ദോശയോ പുട്ട്, ഇഡ്ലി, ഓട്സ് എന്നിവയോ കഴിക്കാം. തേങ്ങ ചേർക്കാത്ത വെജിറ്റബിൾ കറികൾ കഴിക്കണം. പുഴുങ്ങിയ മുട്ട ഒന്ന് വീതം ആഴ്ചയിൽ 2,3 തവണ കഴിക്കാം. പാലും തൈരും ആഴ്ചയിൽ 2,3 തവണ ഒരു കപ്പിൽ കവിയാതെ കഴിക്കാം.
ഉച്ചഭക്ഷണത്തിന് ചപ്പാത്തി, ബ്രൗൺ റൈസ്, ഗോതമ്പ് ചോറ് എന്നിവ കഴിക്കാം. ഇറച്ചി, മീൻ എന്നിവ കഴിക്കാം. എന്നാൽ ഇവ 4,5 കഷണത്തിൽ അധികം കഴിക്കരുത്. പച്ചക്കറികൾ ഇലക്കറികൾ എന്നിവ അടങ്ങിയ സാലഡ് കഴിക്കാം. മത്സ്യ-മാംസാദികൾ കഴിക്കാത്തവർ പയർ, പരിപ്പ് എന്നിവയും ഒരു കപ്പ് തൈരും കഴിക്കണം.
രാത്രി ഭക്ഷണത്തിനും ചപ്പാത്തിയോ ബ്രൗൺ റൈസോ ഉപയോഗിക്കണം. പച്ചക്കറി സാലഡ്, മീൻകറി എന്നിവയും കഴിക്കാം. ചിക്കൻ, മട്ടൺ എന്നിവ രണ്ട് മുതൽ നാല് കഷണം വരെയേ കഴിക്കാവൂ. പയർ, കടല എന്നിവയും കഴിക്കാം. പാചകത്തിന് ഒലീവ് ഓയിൽ, സൺഫ്ലവർ ഓയിൽ എന്നിവ ഉപയോഗിക്കണം. ഇത് ദിവസവും 2,3 ടീസ്പൂണിൽ അധികമാകരുത്. ഉണങ്ങിയ പഴങ്ങൾ കഴിക്കാം. സംസ്കരിച്ച ധാന്യങ്ങൾ, മൈദ, ബേക്കറി ഭക്ഷണങ്ങൾ, ബ്രഡ്, ന്യൂഡിൽസ് എന്നിവ ഒഴിവാക്കണം. എണ്ണയിൽ വറുത്ത പച്ചക്കറികളും മത്സ്യം, മാംസം എന്നിവയും കഴിക്കരുത്. അരിച്ചെടുത്ത പഴച്ചാറുകൾ, പായ്ക്കറ്റ് ജ്യൂസ് എന്നിവയും ഒഴിവാക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...