യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ.വേങ്കോട് ഗോകുലം വീട്ടിൽ രതീഷ് കുമാറി(45)നെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച വട്ടപ്പാറ കരകുളം വേങ്കോട് പ്ലാത്തറ വിഷ്ണു ഭവനിൽ അനിൽകുമാർ(49),വേങ്കോട് പ്ലാത്തറ കൊടൂർ സന്ധ്യാവിലാസത്തിൽ സന്തോഷ് കുമാർ(37),വട്ടപ്പാറ ചായർക്കോണത്ത് അനീഷ് ഭവനിൽ നിന്ന് വേറ്റിനാട് മണ്ഡപം ജംഗ്ഷനിൽ കാരുണ്യ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മോഹനൻ നായർ എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.
പരാതിക്കാരനും ഒന്നും രണ്ടു പ്രതികളും മുമ്പ് സുഹൃത്തുക്കളായിരുന്നു. സെപ്റ്റംബർ ഒന്നിന് വേങ്കോട് ജംഗ്ഷനിൽ വച്ച് രതീഷും ഒന്നാം പ്രതിയുമായി വാക്ക് തർക്കമുണ്ടായി. തന്നെ രതീഷ് മർദ്ദിച്ചതായും അതിന്റെ വിരോധത്തിൽ കൊല്ലാൻ തീരുമാനിച്ചെന്നുമാണ് പ്രതി പറഞ്ഞതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് ഒന്നാം പ്രതി അനിൽകുമാർ സുഹൃത്തായ രണ്ടാം പ്രതി സന്തോഷിനൊപ്പം രതീഷിനെ വേങ്കോട് വിളിച്ചുവരുത്തി ഓട്ടോയിൽ കയറ്റി മോഹനൻ എന്നയാളുടെ താമസസ്ഥലത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് രതീഷിനെ ഒന്നാം പ്രതി അനിൽകുമാർ, സന്തോഷിന്റെയും ബന്ധുവായ മോഹനന്റെയും സഹായത്തോടെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിയും കമ്പി വടികൊണ്ട് അടിച്ചും രതീഷിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
ALSO READ : Crime News: കുന്നംകുളത്ത് തൂങ്ങിമരിച്ച ശിവരാമന്റെ വീട്ടിലെ സെപ്റ്റിക് ടാങ്കിൽ മറ്റൊരു മൃതദേഹം!
രതീഷ് മരിച്ചെന്ന് കരുതി ഒന്നും രണ്ടും പ്രതികൾ കടന്നു കളയുകയും മൂന്നാം പ്രതി മോഹനൻ പഞ്ചായത്ത് മെമ്പറെ വിവരമറിയിക്കുകയുംചെയ്തു. മെമ്പർ വിവരമറിയിച്ചതിനെ തുടർന്ന് വട്ടപ്പാറ പൊലീസാണ് രതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കയച്ചത്. വിവരങ്ങൾ മറച്ചുവെച്ച മൂന്നാം പ്രതി മോഹനൻ സംഭവം കണ്ടില്ലെന്നും താൻ പുറത്തുപോയ സമയത്ത് ആരോ വന്ന് രതീഷിനെ ആക്രമിച്ചു എന്നുമാണ് പൊലീസിനോട് പറഞ്ഞത്. സിസിടിവി ക്യാമറ പരിശോധിച്ചതിൽ നിന്നുമാണ് പ്രതികളെ പറ്റിയുള്ള സൂചന പൊലീസിന് ലഭിച്ചത്.
തുടർന്നാണ് പ്രതികളെ നെടുമങ്ങാട് ബന്ധു വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റും പൊതുപ്രവർത്തകനുമായ രതീഷിനോട് പ്രതികൾക്ക് ശാഖാ പ്രവർത്തനവുമായി ബന്ധപ്പെട്ട തർക്കങ്ങളും മുൻ വൈരാഗ്യവും ഉണ്ടായിരുന്നു.. രതീഷ് ഗുരുതരാവസ്ഥയിൽ ചികിത്സാസയിലാണ്. പ്രതികളെ കോടതിയിൽ 'ഹാജരാക്കി റിമാൻഡ് ചെയ്തു. സി.ഐ ശ്രീജിത്ത്, എസ്.ഐ സുനിൽ ഗോപി, സിപിഒമാരായ അൽ അമീൻ,ഉണ്ണികൃഷ്ണൻ,ശ്രീകാന്ത്.രാജീവ്, ജയകുമാർ, ദിലീപ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...