അബുദാബി: യുഎഇയിലെ പ്രമുഖ ആരോഗ്യ ദാതാവായ ബുർജീൽ ഹോൾഡിങ്‌സ് പ്രാരംഭ പബ്ലിക് ഓഫറിലൂടെ അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എഡിഎക്സ്) ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി ഓഫർ വിലയും ഓഹരികൾക്കായി അപേക്ഷിക്കാനുള്ള സമയപരിധിയും പ്രഖ്യാപിച്ചു.
ഇന്ന് മുതൽ (സെപ്തംബർ 30) അടുത്ത ചൊവ്വാഴ്ച വരെ (ഒക്‌ടോബർ 4) യുഎഇയിലെ വ്യക്തിഗത നിക്ഷേപകർക്കും സ്ഥാപനങ്ങൾക്കും ഓഹരിക്കായി അപേക്ഷിക്കാം. ഓഫറിന്റെ വില പരിധി ഒരു ഷെയറിന് 2 ദിർഹം മുതൽ 2.45 ദിർഹം വരെ യാണ് നിശ്ചയിച്ചിരിക്കുന്നത്. 2.7 ബില്യൺ മുതൽ 3.3 ബില്യൺ ഡോളർ വരെയാകും ഇക്വിറ്റി മൂല്യം. അന്തിമ ഓഫർ വില ബുധനാഴ്ച പ്രഖ്യാപിക്കും. ആദ്യഘട്ട വരിക്കാർക്കുള്ള അലോട്ട്‌മെന്റ് അറിയിപ്പ് 2022 ഒക്ടോബർ 8-ന് അയയ്‌ക്കും. മിച്ച നിക്ഷേപങ്ങളുടെ റീഫണ്ട് ഒക്ടോബർ 10 മുതൽ ആരംഭിക്കും. ഒക്ടാബർ 10നാണ് എഡിഎക്‌സിൽ ബുർജീൽ ഹോൾഡിങ്‌സ് ലിസ്റ്റ് ചെയ്ത് വ്യാപാരം തുടങ്ങുക.
മികച്ച സാമ്പത്തിക വളർച്ചാ നിരക്കാണ് കമ്പനി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. യുഎഇയിലെ ഏറ്റവും മൂല്യമുള്ള ലിസ്റ്റഡ് കമ്പനിയായ ഇന്റർനാഷണൽ ഹോൾഡിങ് കമ്പനി അടുത്തിടെ ബുർജീൽ ഹോൾഡിങ്‌സിന്റെ 15% ഓഹരികൾ ഏറ്റെടുത്തിരുന്നു. ജെ.പി. മോർഗനാണ് ഐപിഒയിൽ ബുർജീൽ ഹോൾഡിങിന്റെ മൂലധന വിപണി ഉപദേഷ്ടാവ്.
ഐപിഒ സംബന്ധമായ വിശദാംശങ്ങളും പ്രോസ്പെക്ടസും https://burjeelholdings.com/ipo/ വെബ്‌സൈറ്റിൽ ലഭ്യമാണ്.
11 ശതമാനം ഓഹരികളാണ് ബുർജീൽ ഹോൽഡിങ്സ് എഡിഎക്സിൽ ലിസ്റ്റ് ചെയ്യുന്നത്. മിഡിൽ ഈസ്റ്റ് നോർത്ത് ആഫ്രിക്ക മേഖലയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിംഗ്‌സിന്റെ ഭാഗമാകാൻ നിക്ഷേപകർക്ക് അവസരം നൽകിക്കൊണ്ടാണ് കമ്പനിയുടെ ആസൂത്രിത ലിസ്റ്റിങ്. ഒക്ടോബർ 10 തിങ്കളാഴ്ചയാണ് കമ്പനി എഡിഎക്‌സിൽ ലിസ്റ്റ് ചെയ്യുക. 200,397,665 പുതിയ ഓഹരികളും വിപിഎസ് ഹെൽത്ത്‌കെയറിന്റെ ഉടമസ്ഥതയിലുള്ള 350,331,555 ഓഹരികളുമാണ് നിക്ഷേപകർക്കായി ലഭ്യമാക്കുക. കമ്പനി പുറത്തിറക്കിയ പ്രോസ്പെക്ടസ് പ്രകാരം ഓഫർ ചെയ്ത മൊത്തം ഓഹരികളിൽ ആദ്യ വിഹിതത്തിൽ 10 ശതമാനം രണ്ടാം വിഹിതത്തിൽ 90 ശതമാനം എന്നിങ്ങനെയാണ് വിഭജിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...