വൃശ്ചിക മാസത്തിലെ ആദ്യ ഏകാദശിയായ ഗുരുവായൂർ ഏകാദശി ഇന്ന്. ഒരു വർഷത്തെ എല്ലാ ഏകാദശിയും അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതെന്നാണ് വിശ്വാസം. ഹൈന്ദവ വിശ്വാസത്തിൽ ഏറ്റവും പ്രധാനപ്പെട്ട വ്രതമാണിത്. സർവ പാപങ്ങളും നീങ്ങാൻ ഈ ദിവസം മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഉത്തമമെന്നാണ് വിശ്വാസം. ഹരിവാസരസമയത്ത് ഭഗവാനെ ഭജിക്കുന്നതാണ് ഏറ്റവും അനുയോജ്യമായ സമയം. ഏകാദശിവ്രതം അവസാനിക്കുന്നതിന് മുമ്പ് ആരംഭിക്കുന്നതാണ് ഹരിവാസര സമയം. ഈ സമയത്ത് വിഷ്ണുസഹസ്രനാമം ജപിച്ചാൽ വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കും. ഭഗവാൻ ഏറ്റവും പ്രസന്നനായി ഇരിക്കുന്ന സമയമാണിത്. രാത്രി 7 മണി 48 മിനിറ്റ് മുതൽ നാളെ, വ്യാഴാഴ്ച രാവിലെ 6 മണി 29 മിനിറ്റ് വരെയാണ് ഹരിവാസര സമയം. ഈ സമയത്ത് ഭഗവാന്റെ നാമജപങ്ങൾ നടത്തുന്നത് സകല ഐശ്വര്യങ്ങളും നൽകും.
ഏകാദശി ദിനത്തിലെ പ്രഭാതസ്നാനം പോലെ തന്നെ പ്രധാനമാണ് ഈ ദിവസത്തെ പ്രഭാതപൂജയും നാമജപവും. മഹാവിഷ്ണുവിന്റെ ചിത്രത്തിന് മുൻപിൽ നെയ്‌വിളക്ക് തെളിയിച്ച് മംഗള ആരതി മൂന്നുതവണ ഉഴിഞ്ഞ ശേഷം വിഷ്ണു ഗായത്രി ജപിക്കണം. ഇത് ജീവിത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങി സർവൈശ്വര്യവും നൽകുമെന്നാണ് വിശ്വാസം. കുറഞ്ഞത് 9 തവണയെങ്കിലും വിഷ്ണുഗായത്രി ജപിക്കണം.108 തവണ ജപിക്കുന്നത് ശ്രേഷ്ഠം. ഭഗവാൻ കൃഷ്ണൻ ഗീതോപദേശം നൽകിയ ദിനം കൂടിയാണിത്. ഭഗവാൻ മഹാവിഷ്ണു ദേവീദേവന്മാരോടൊപ്പം ഗുരുവായൂരിലേക്ക് എഴുന്നള്ളുന്ന ദിനമാണിതെന്നാണ് വിശ്വാസം.
ഏകാദശി വ്രതശുദ്ധിയുടെ നിറവില്‍ ദര്‍ശന പുണ്യം തേടി നിരവധി ഭക്തരാണ് ഇന്ന് ഗുരുവായൂരിൽ എത്തിച്ചേരുന്നത്. പീലി തിരുമുടിയും പൊന്നോടക്കുഴലുമൂതി നില്‍ക്കുന്ന ഗുരുവായൂരപ്പനെ ദര്‍ശിക്കാൻ പതിനായിരങ്ങളാണ് ഗുരുവായൂർ അമ്പലനടയിൽ എത്തുക. വൃശ്ചിക മാസത്തിലെ ഏകാദശി ദിനത്തിലാണ് ഗുരുവായൂരിലെ പ്രതിഷ്ഠാദിനവും, അതിനാൽ ഗുരുവായൂർ ഏകാദശി ഗുരുവായൂർ പ്രതിഷ്ഠാദിനമായും കണക്കാക്കുന്നു.
അതേസമയം ഏകാദശിയോടനുബന്ധിച്ച് ഇന്ന് ചാവക്കാട് താലൂക്കിന് അവധിയാണ്. ചാവക്കാട് താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അവധിയുണ്ടെങ്കിലും നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പൊതു പരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനങ്ങളിലെ നിയമന പരീക്ഷകൾക്കും ഉത്തരവ് ബാധകമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.