കാൻഡി : ക്രിക്കറ്റ് ആരാധകർക്ക് ലങ്കയിൽ നിന്നും നിരാശയുടെ അറിയിപ്പ്. കായിക പ്രേമികൾ ഏറെ പ്രതീക്ഷയോട് കാത്തിരുന്ന ഇന്ത്യ പാകിസ്താൻ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ഇരു ടീമുകളും ഓരോ പോയിന്റുകൾ വീതം പങ്കിട്ടു. മത്സരം ഉപേക്ഷിച്ചതോടെ പാകിസ്താൻ ഏഷ്യ കപ്പിന്റെ സൂപ്പർ ഫോറിൽ പ്രവേശിച്ചു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്സിന് പിന്നാലെ ശ്രീലങ്കയിലെ കാൻഡി വ്യാപക മഴ പെയ്യുകയായിരുന്നു. തുടർന്ന് ഇടയ്ക്ക് മഴ അൽപനേരത്തേക്ക് മാറി നിന്നിരുന്നെങ്കിലും മത്സരം തുടരാനായില്ല. മഴ വീണ്ടും തുടർന്നതോടെ ഇന്ത്യ-പാകിസ്താൻ പോരാട്ടം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 266 റൺസിന് പുറത്തായി. പാക് പേസ് ആക്രമണത്തിൽ പതറി ഇന്ത്യൻ ബാറ്റർമാർ പതറി. വൈസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെയും ഇന്നിങ്സിന്റെ പിൻബലത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ പ്രതിരോധിക്കാവുന്ന സ്കോർ നേടിയത്. പാകിസ്താനായി ഷഹീൻ അഫ്രീദി നാല് വിക്കറ്റ് നേടി. ഇടയ്ക്ക് രണ്ട് തവണ രസംകൊല്ലിയായി മഴയെത്തിയെങ്കിലും ഓവർ വെട്ടിചുരുക്കാതെയാണ് ഇന്ത്യയുടെ ഇന്നിങ്സ് പൂർത്തിയാക്കിയത്.
ALSO READ : India vs Pakistan : പാണ്ഡ്യ-ഇഷാൻ കിഷൻ ഇന്നിങ്സിൽ പിടിച്ച് നിന്ന് ഇന്ത്യ; ഷഹീൻ അഫ്രീദിക്ക് നാല് വിക്കറ്റ്
ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത ഇന്ത്യയുടെ ഇന്നിങ്സ് തകർച്ചയോടെയാണ് ആരംഭിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ ഉൾപ്പെടെ നാല് മുൻനിര ബാറ്റർമാർ ഇന്ത്യൻ സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവനകൾ ഒന്നും നൽകാതെയാണ് പുറത്തായത്. പാകിസ്താൻ പേസ് നിരയുടെ മുന്നിൽ പതറി പോകുകയായിരുന്നു രോഹിത്തും സംഘവും. തുടർന്ന് ഇഷാൻ കിഷനും പാണ്ഡ്യയും ചേർന്ന് ഇന്ത്യയെ വൻ തകർച്ചയിൽ നിന്നും കരകയറ്റുകയായിരുന്നു.
ഇഷാനും പാണ്ഡ്യയും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ഇഷാൻ കിഷൻ 81 പന്തിൽ 82 റൺസെടുത്താണ് പുറത്തായത്. 90 പന്തിൽ 87 റൺസെടുത്ത ഹാർദികാണ് ഇന്ത്യയുടെ ടോപ് സ്കോറർ. അതേസമയം ഇരുവരുടെയും വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യയും ബാറ്റിങ് വീണ്ടും തകർച്ചയിലേക്ക് കൂപ്പുകുത്തി. വാലറ്റത്താരങ്ങൾ പിടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഇന്നിങ്സ് ഒരു ഓവർ ബാക്കി നിൽക്കെ അവസാനിച്ചു.
നാല് വിക്കറ്റെടുത്ത ഷഹീൻ അഫ്രീദിയാണ് ഇന്ത്യയുടെ ബാറ്റിങ് നിരയെ തകർത്തത്. രോഹിത്തിന്റെയും വിരാട് കോലിയുടെ ഉൾപ്പെടെയുള്ള നിർണായക വിക്കറ്റുകളാണ് അഫ്രീദി തെറിപ്പിച്ചത്. അഫ്രീദിക്ക് പുറമെ നസീം ഷായും ഹാരിസ് റൌഫും മൂന്ന് വിക്കറ്റുകൾ വീതം നേടി.
സെപ്റ്റംബർ നാലിന് നേപ്പാളിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഗ്രൂപ്പ് എയിൽ നിന്നും സൂപ്പർ ഫോറിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. നേപ്പാളിനെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച് പാക് ടീം ഇന്ന് ഇന്ത്യക്കെതിരെ ഒരു പോയിന്റ് പങ്കിട്ടതോടെ ടൂർണമെന്റിന്റെ സൂപ്പർ ഫോറിലേക്ക് ഇടം നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...