മൊബൈൽ ഫോണിന്റെയും കംപ്യൂട്ടറിന്റെയും അമിത ഉപയോഗം കണ്ണിന് പലതരത്തിലുള്ള ദോഷങ്ങളും വരുത്തുന്നുണ്ട്.
കണ്ണുകളിൽ ഇടയ്ക്കിടെ കൈകൾ കൊണ്ട് സ്പർശിക്കുന്നത് ഒഴിവാക്കണം. ഇത് കണ്ണിൽ അണുബാധയുണ്ടാകുന്നതിന് കാരണമാകും.
ഇലക്ട്രോണിക് ഉപകരണങ്ങൾ ദീർഘനേരം ഉപയോഗിക്കുന്നത് കണ്ണുകൾക്ക് ദോഷം ചെയ്യും. തുടർച്ചയായി ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഇടവേളകൾ എടുത്ത് കുറഞ്ഞത് 20 സെക്കന്റ് സമയമെങ്കിലും മറ്റ് വസ്തുക്കളിൽ നോക്കി കണ്ണുകൾക്ക് വിശ്രമം നൽകണം. കുറഞ്ഞത് 20 അടിയെങ്കിലും ദൂരത്തിലുള്ള വസ്തുക്കളിലേക്ക് അൽപ്പസമയം നോക്കാം.
കണ്ണിനുള്ളിൽ ചൊറിച്ചിൽ, ചുവപ്പ് നിറം എന്നിവ ഉണ്ടായാൽ ഉടൻ ചികിത്സ തേടുക. ഡോക്ടറുടെ നിർദേശ പ്രകാരം ഐ ഡ്രോപ്പുകൾ ഉപയോഗിക്കാം.
കണ്ണിന് അണുബാധയുള്ള സമയങ്ങളിൽ മേക്കപ്പ് ഒഴിവാക്കണം. ചില ഐ മേക്കപ്പ് ഉൽപ്പന്നങ്ങൾ അണുബാധ കൂടുന്നതിന് കാരണമാകും. ഇത്തരം സാഹചര്യങ്ങളിൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ഐ മേക്കപ്പുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
സൺഗ്ലാസുകളുടെ ഉപയോഗം കണ്ണുകളുടെ സംരക്ഷണത്തിന് സഹായകമാണ്. സൂര്യപ്രകാശം കൂടുതലായി കണ്ണിന് ഏൽക്കുന്നത് ദോഷമാണ്. അതിനാൽ സൺഗ്ലാസുകൾ ഉപയോഗിക്കുന്നത് നല്ലതാണ്. കണ്ണട ധരിക്കുമ്പോൾ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം വയ്ക്കാൻ ശ്രദ്ധിക്കുക.
വർഷത്തിലൊരിക്കൽ കണ്ണിന്റെ പ്രാഥമിക പരിശോധനകൾ നടത്തേണ്ടത് പ്രധാനമാണ്. മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. ഇരുണ്ട മുറിയിൽ ഉറങ്ങാൻ ശ്രദ്ധിക്കുക. ഉറങ്ങുന്നതിന് മുൻപും ഉണർന്നതിന് ശേഷവും കണ്ണുകൾ ശുദ്ധജലത്തിൽ കഴുകുക.