കൊച്ചി : നിവിൻ പോളി കേന്ദ്രകഥാപാത്രമാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം സിനിമയുടെ ട്രെയിലർ പുറത്ത്. ചിത്രം ജൂൺ 3 ന് തീയറ്ററുകളിൽ റിലീസിനെത്തും. നേരത്തെ തുറമുഖം ജനുവരി 20 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പിന്നീട് കോവിഡ് രോഗബാധ വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ ചിത്രത്തിൻറെ റിലീസ് മാറ്റി വെക്കുകയായിരുന്നു.
പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
ALSO READ : Theru Teaser : ആക്ഷൻ ത്രില്ലർ ചിത്രവുമായി അമിത് ചക്കാലക്കൽ; തേര് ടീസറെത്തി
ഇയ്യോബിന്റെ പുസ്തകത്തിന് ശേഷം ഗോപൻ ചിദംബരം തിരക്കഥയെഴുതുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്. ഗോപൻ ചിദംബരത്തിന്റെ അച്ഛൻ രചിച്ച നാടകത്തെ ആസ്ഥാനമാക്കിയുള്ള സിനിമയാണ് തുറമുഖം. നിവിനെ കൂടാതെ ഇന്ദ്രജിത്ത് ദർശന രാജേന്ദ്രൻ, പൂർണിമ ഇന്ദ്രജിത്ത്, നിമിഷ സജയൻ, ജോജു ജോർജ്, അർജുൻ അശോകൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കെപ്പാട്ടാണ് സിനിമ നിർമിക്കുന്നത്.
ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് സംവിധായകൻ രാജീവ് രവി തന്നെയാണ്. അൻവർ അലിയുടെ വരികൾക്ക് കെയും ഷാഹ്ബാസ് അമാനും ചേർന്നാണ് സംഗീതം നൽകിയിരിക്കുന്നത്. ബി അജിത് കുമാറാണ് എഡിറ്റർ. ഗീതു മോഹൻദാസാണ് ടീസറും ട്രെയിലറും ഒരുക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.