കൊച്ചി : നാളെ കഴിഞ്ഞ് ഒക്ടോബർ 21ന് പുലിമുരുകന് ശേഷം മോഹൻലാൽ-വൈശാഖ് കോംബോയിലെത്തുന്ന മോൺസ്റ്റർ തീയറ്ററുകളിൽ റിലീസാകുകയാണ്. ചിത്രം പ്രഖ്യാപിച്ചത് മുതൽ സിനിമ പുലിമുരകന് മുകളിൽ നിൽക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. മോൺസ്റ്റർ എന്ന പേരും കൂടിയാപ്പോൾ സിനിമ മറ്റേതെങ്കിലും ഴോണറിൽ ഉൾപ്പെട്ടതാകുമെന്നുള്ള സംശയങ്ങളും ആരാധകർക്കിടയിലുണ്ടായിരുന്നു. ചിലർ ഉന്നയിക്കുന്നത് മോഹൻലാൽ ചിത്രം ഒരു സോംബി സിനിമയാണോ എന്നാണ്. എന്നാൽ ആ ചോദ്യങ്ങൾക്കെല്ലാം മറുപടി സംവിധായകൻ വൈശാഖ് നൽകുന്നുണ്ട്.
മോൺസ്റ്റർ ഒരു സോംബി ചിത്രമാണെന്ന്. 21 തീയതി സോംബിയെത്തുന്നു. എട്ട് കോടി ബജറ്റിൽ ഒരു സോംബി ചിത്രം എന്ന് ഒരു ആരാധകൻ വൈശാഖിന്റെ ഫേസ്ബുക്ക് പേജിൽ കമന്റായി രേഖപ്പെടുത്തി. ഇതിന് മറപുടിയായിട്ടാണ് വൈശാഖ് മോൺസ്റ്റർ എന്ത് തരത്തിലുള്ള ചിത്രമാണെന്ന് വ്യക്തമാക്കുന്നത്. കൂടാതെ അനാവശ്യമായി അമിത പ്രതീക്ഷ നൽകി സിനിമയെ നശിപ്പിക്കരുതെന്നും വൈശാഖ് കമന്റിലൂടെ ആവശ്യപ്പെടുകയും ചെയ്തു.
ALSO READ : Monster Movie Update : "തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം"; മോൺസ്റ്ററിലെ ഭാമിനിയെ കുറിച്ച് ഹണി റോസ്
"എന്റെ പേജിൽ വന്ന് 'സോംബി' എന്നൊക്കെ എഴുതാൻ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ... ഇത് 'സോംബി' പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലർ ആണെന്നും ഞാൻ ഇതിനു മുമ്പും പല തവണ പറഞ്ഞതാണ്... പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് കൊടുത്തു നശിപ്പിക്കാൻ ശ്രമിച്ചാലും ഈ സിനിമ നല്ലതാണെങ്കിൽ, അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ പിന്നെയത് വിജയിക്കുക തന്നെ ചെയ്യും... I love u bro..." വൈശാഖ് ആരാധകന്റെ കമന്റിന് മറുപടിയായി പറഞ്ഞു.
ലക്കി സിംഗ് എന്ന കഥാപാത്രമായി ആണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മോണ്‍സ്റ്ററിന്റെ തിരക്കഥയെഴുതുന്നത് 'പുലിമുരുകന്റെ' രചയിതാവായ ഉദയ് കൃഷ്‍ണ തന്നെയാണ്. സതീഷ് കുറുപ്പാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ദീപക് ദേവാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ആക്ഷന് കൂടുതൽ പ്രധാന്യമുള്ള ചിത്രത്തിൽ സ്റ്റണ്ട് സിൽവയാണ് സംഘട്ടനം ഒരുക്കുന്നത്.
പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. നേരത്തെ ഉണ്ണി മുകുന്ദൻ കുഞ്ചാക്കോ ബോബൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മല്ലു സിങ് എന്ന സിനിമ വൈശാഖ് സംവിധാനം ചെയ്തിരുന്നു. ആദ്യമായിട്ടാണ് മോഹൻലാൽ ഒരു പഞ്ചാബി കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ ലോക്പാൽ എന്ന ജോഷി ചിത്രത്തിൽ ഒരു പഞ്ചാബി വേഷത്തിൽ എത്തുന്നുണ്ടെങ്കിലും അത് സിനിമയ്ക്കുള്ളിൽ വേഷപകർച്ച മാത്രമായിരുന്നു.