തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾ കൂടി ചെള്ളുപനിയെ തുടർന്ന് മരണപ്പെട്ടു. പാറശാല സ്വദേശിനി സുബിതയാണ് മരണപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ചെള്ളുപനിയെ തുടർന്ന് മരണപ്പെട്ടവരുടെ എണ്ണം ആകെ 2 ആയി. ദിവസങ്ങൾക്ക് മുമ്പ് വർക്കലയിൽ പതിനഞ്ചുക്കാരി ചെള്ളുപനിയെ തുടർന്ന് മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷമാണ് ചെള്ളുപനി ബാധിച്ചുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചിരിക്കുന്നത്. എലി, പൂച്ച ഉള്‍പ്പെടെയുള്ള മൃഗങ്ങളിലുണ്ടാകുന്ന ചെള്ളുകളാണ് സാധാരണയായി ചെള്ളുപനിക്ക് കാരണമാകാറുള്ളത്.
ചെള്ളുപനി ബാധിക്കുന്നത് എങ്ങനെ?
ചെള്ള്, ജീവികളിലുണ്ടാകുന്ന പേന്‍, മാന്‍ചെള്ള്, നായുണ്ണി എന്നീ ജീവികള്‍ കടിച്ചാല്‍ ചെള്ള് പനി ഉണ്ടാകും. റിക്കെറ്റ്‌സിയേസി ടൈഫി കുടുംബത്തില്‍പ്പെട്ട ബാക്ടീരിയയായ ഒറെന്‍ഷി സുസുഗാമുഷിയാണ് ചെള്ള് പനി എന്ന രോഗത്തിന് കാരണമാകുന്നത്. ഈ ചെള്ള് മനുഷ്യനെ കടിക്കുമ്പോഴാണ് പനിക്ക് കാരണമാകുന്ന ബാക്ടീരിയ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. ചെള്ളിന്റെ കടിയേറ്റ സ്ഥലത്തുകൂടി ബാക്ടീരിയ രക്തധമനികളിലൂടെ ശരീരത്തിലേക്ക് എത്തും.
ALSO READ: എന്താണ് ചെളള് പനി? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
ശരീരത്തിനുള്ളിൽ എത്തുന്ന ബാക്ടീരിയ ശരീരത്തില്‍ വളരുകയും തുടർന്ന് പനിക്ക് കാരണമാകുകയും ചെയ്യും. ചെള്ളിന്റെ കടിയേല്‍ക്കുന്ന ശരീര ഭാഗത്ത് ചെറിയ വലുപ്പത്തിലുള്ള കറുപ്പുനിറം ഉണ്ടാകും. ചെള്ളിന്റെ കടിയേറ്റ് പത്ത് ദിവസം മുതല്‍ രണ്ടാഴ്ചയ്ക്കകമാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്. നിങ്ങൾക്ക് ചെള്ളിന്റെ കടിയേൽക്കുകയോ, അല്ലെങ്കിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുകയോ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധരെ സമീപിക്കണം.
ചെള്ളുപനിയുടെ ലക്ഷണങ്ങൾ എന്തൊക്കെ?
1) പനി, തലവേദന, ചുമ, പേശി വേദന, ദഹന പ്രശ്‌നങ്ങള്‍, ശരീരം വിറയല്‍ എന്നിവയാണ് സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങള്‍.
2) രോഗത്തിന്റെ ആദ്യഘട്ടത്തില്‍ ല്യൂക്കോപീനിയയും (വെളുത്ത രക്താണുക്കളുടെ കുറവ്), അസാധാരണമായ കരള്‍ പ്രവര്‍ത്തനങ്ങളും കാണപ്പെടുന്നു.
3) ചെള്ള് കടിച്ചാല്‍ ന്യൂമോണിറ്റിസ്, എന്‍സെഫലൈറ്റിസ്, മയോകാര്‍ഡിറ്റിസ് എന്നിവ രോഗത്തിന്റെ അവസാനഘട്ടത്തിൽ ഉണ്ടാകും.
ചെള്ളുപനിയുടെ പ്രതിരോധ മാർഗങ്ങൾ
1) രോഗം കണ്ടെത്തി തുടക്കത്തില്‍ തന്നെ ചികിത്സ ഉറപ്പാക്കുക എന്നതാണ് ചെള്ളുപനി മൂലമുള്ള മരണമില്ലാതാക്കാനുള്ള വഴി.
2) വളര്‍ത്തുമൃഗങ്ങളില്‍ ചെള്ളുണ്ടെങ്കില്‍ ഒഴിവാക്കുക.
3) എലികളില്‍ നിന്നുള്‍പ്പെടെ ചെള്ള് കടിയേല്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക
4) രോഗം തടയാന്‍ വാക്‌സിനുകള്‍ ലഭ്യമല്ല.
5) ചെള്ള് ധാരാളമായി കാണപ്പെടുന്ന കുറ്റിക്കാടുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക.
6) ശരീരം മൂടുന്ന വസ്ത്രങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ഉപയോഗിക്കുക
ചെള്ളുപനിയുടെ ചികിത്സാ രീതികൾ
1) ഡോക്‌സിസൈക്ലിന്‍ ആന്റിബയോട്ടികിലൂടെ ചെള്ള് പനി ചികിത്സിക്കാം. ഏത് പ്രായത്തിലുള്ളവര്‍ക്കും ഈ ആന്റിബയോട്ടിക് ഉപയോഗിക്കാവുന്നതാണ്.
2) രോഗലക്ഷണങ്ങള്‍ ആരംഭിച്ചയുടനെ മരുന്ന് നല്‍കുന്നതാണ് ഏറ്റവും ഉചിതം
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...