തിരുവനന്തപുരം: കെ.കെ. രമക്കെതിരെ എം.എം മണി നടത്തിയ വിധി പരാമർശം അദ്ദേഹം പിൻവലിച്ചു, ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. കമ്മ്യൂണിസ്റ്റുകാരനായ താൻ ഇത് പറയാൻ പാടില്ലായിരുന്നു. ഒരു കമ്മ്യൂണിസ്റ്റാകാരനായ താൻ അത്തരത്തിൽ ഒരു പരാമർശം നടത്താൻ പാടില്ലായിരുന്നുവെന്ന് എം.എം.മണി നിയമസഭയിൽ വ്യക്തമാക്കി. പ്രസംഗത്തിൽ അതിന്‍റെ ഉദ്ദേശ ശുദ്ധി വ്യക്തമാക്കാൻ ശ്രമിച്ചെങ്കിലും ബഹളത്തിൽ മുങ്ങിപ്പോയെന്നും എം.എം മണി പറഞ്ഞു. സ്പീക്കറുടെ റൂളിംഗിന് ശേഷമായിരുന്നു പരാമർശം പിൻവലിച്ച് കൊണ്ട് എം.എം മണി സഭയിൽ പ്രസ്താവന നടത്തിയത്.
മണിയുടെ പരാമർശത്തിൽ തെറ്റായ സന്ദേശം അന്തർലീനമെന്ന് സ്പീക്കർ എം.ബി രാജേഷ് പറഞ്ഞു. ജന പ്രതിനിധികൾ കാലത്തിന്‍റെ മാറ്റം ഉൾക്കൊള്ളണം. ലിംഗം, നിറം എന്നിവ കണക്കിലെടുക്കണമെന്നും സ്പീക്കർ പറഞ്ഞു. പഴഞ്ചൊല്ലുകൾ, പഴയ തമാശകൾ എന്നിവ ഇന്ന് സ്വീകാര്യമല്ല. ചില വാക്കുകൾ സമൂഹത്തിനും കാലത്തിനും ഒപ്പിച്ച് മാറുമെന്നും സ്പീക്കർ സഭയിൽ വ്യക്തമാക്കി.
കെ.കെ.രമക്കെതിരെ എം.എം.മണി നടത്തിയ വിവാദ പരാമർശം വൻ വിവാദത്തിന് വഴി വച്ചിരുന്നു. ഇവിടെ ഒരു മഹതി സർക്കാരിനെതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങൾ ആരും ഉത്തരവാദികളല്ല. ഇങ്ങനെയായിരുന്നു മണിയുടെ അധിക്ഷേപ വാക്കുകൾ. മണിക്കെതിരെ നിയമസഭയിൽ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയർത്തിയത്. എന്നാൽ എന്ത് വന്നാലും
പ്രസ്താവന തിരുത്തില്ലെന്നാണ് എം.എം മണിആവർത്തിച്ച് വ്യക്തമാക്കിയത്. മോശമായി താൻ ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും പിന്നെ എന്തിന് മാപ്പു പറയണമെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ ചോദ്യം.
മുഖ്യമന്ത്രി പിണറായി വിജയനാണ് ആദ്യം എം.എം മണിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയത്. എം.എ. മണി പറഞ്ഞതിൽ മോശമായി ഒന്നുമില്ലെന്നും മഹതി എന്നത് തെറ്റായ പ്രയോഗമല്ലെന്നുമായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കിയത്. മുഖ്യമന്ത്രിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...