തിരുവനന്തപുരം: ഐഎസിന്റെ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ ചലാന്റെ 'ലാംഗ്വേജ് ഓഫ് മൗണ്ടൻ' ഉൾപ്പടെ 38 വനിതകളുടെ ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ മാറ്റുരയ്ക്കും. മത്സര വിഭാഗത്തിലെ പകുതി ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത് വനിതകളാണെന്നുള്ള പ്രത്യേകയും ഇത്തവണത്തെ മേളയ്ക്കുണ്ട്.
ഗ്രീക്ക് സംവിധായിക ജാക്‌ലിൻ ലെൻസു , ബെൽജിയം സംവിധായിക ലോറാ വാൻഡൽ, ദിന ഡ്യുമോ, നടാഷ മെർകുലോവ, ദിനാ അമീറാ എന്നിവരുടെ ചിത്രങ്ങൾ ചലച്ചിത്രമേളയിൽ മാറ്റുരയ്ക്കും. ശ്രീലങ്കൻ സംവിധായിക അശോക ഹന്തഗാമ, ബൊളീവിയൻ സംവിധായിക കാറ്റലിനാ റാസ്സിനി ,സ്പാനിഷ് സംവിധായിക ഇനെസ് മരിയ ബരിയോന്യുവോ എന്നീ പ്രഗത്ഭരായ ലോക പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളും മേളയിൽ വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്.
ത്രീ ഡോട്സ് എന്ന ആദ്യ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ അഫ്‌ഗാൻ സംവിധായിക റോയ സാദത്തിന്റെ ഓസ്ക്കാർ നോമിനേഷൻ ലഭിച്ച ചിത്രം 'ലെറ്റർ ടു ദി പ്രസിഡന്റ്' മേളയിൽ മത്സര വിഭാഗത്തിലുണ്ട്. റോബോട്ടുകൾക്കൊപ്പമുള്ള ആധുനിക ജീവിതം അടയാളപ്പെടുത്തുന്ന മരിയ ഷ്രാഡറുടെ 'ഐ ആം യുവർ മാൻ' മേളയിലെത്തുന്നത് ശ്രദ്ധേയമാകും.
ഇത് കൂടാതെ, ഗർഭിണികളായ മൂന്ന് സ്ത്രീകൾ നേരിടുന്ന വ്യത്യസ്തമായ ജീവിതപ്രതിസന്ധികൾ ചിത്രീകരിക്കുന്ന സഹ്‌റ കരീമിയുടെ ഹവ മറിയം ഐഷ, ബെയ്‌റൂട്ടിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന മൗനിയാ അക്ൽ ചിത്രം കോസ്റ്റാ ബ്രാവ, ലെബനൻ എന്നിവയും രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. മധുജ മുഖർജി, അപർണാ സെൻ, മലയാളി സംവിധായിക താര രാമാനുജൻ എന്നിവരാണ് മേളയിലെ ഇന്ത്യൻ വനിതാ സാന്നിധ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...