തമിഴ്നാട്: കേരളത്തില്‍ നിന്നും നാടുകടത്തിയ അരികൊമ്പന്‍ തമിഴ്‌നാടിനും തലവേദനയായി മാറുന്നു. ജനവാസമേഖലയില്‍ സ്ഥിരമായി ഇറങ്ങി നാട്ടുകാര്‍ക്ക് ഭീഷണി മുഴക്കിയ അരിക്കൊമ്പനെ ദിവസങ്ങളുടെ ശ്രമത്തിന്റെ ഫലമായാണ് ചിന്നക്കനാലില്‍നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയത്.അവിടെ നിന്നും നടന്നു നീങ്ങിയ അരിക്കൊമ്പന്‍ തമിഴ്‌നാട് മേഘമലയില്‍ എത്തി കൃഷി ഉള്‍പ്പെടെ നശിപ്പിച്ചു. കൂടാതെ വനം വകുപ്പിന്റെ വാഹനവും തകര്‍ത്തു. ഇതോടെ മേഘമലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു. പ്രദേശത്ത് ഇന്നു രാവിലെ എട്ടു മണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി അരികൊമ്പന്‍ മേഘമലയില്‍ വിഹരിക്കുകയാണ്. പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ട ശേഷം ഇടക്ക് വെച്ച് റേഡിയോകോളറില്‍ നിന്നുള്ള സിഗ്നല്‍ നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് കുറച്ചു മണിക്കൂറുകളിലേക്ക് കൊമ്പനെക്കുറിച്ചുള്ള വിവരം ഒന്നും കിട്ടിയില്ല. ഇടവേളയ്ക്ക് ശേഷം സിഗ്നല്‍ ലഭിക്കുമ്പോള്‍ അരികൊമ്പന്‍ തമിഴ് നാടിനെ ലക്ഷ്യം വെച്ച് നടക്കുകയായിരുന്നു. അവിടെയെത്തി വാഴക്കൃഷി നശിപ്പിക്കാനാണ് ശ്രമിച്ച കൊമ്പനെ വനപാലകര്‍ തുരത്തിയോടിക്കാന്‍ ശ്രമിച്ചു. ഇതോടെ അരിശം മൂത്ത കൊമ്പന്‍ വനംവകുപ്പിന്റെ വാഹനത്തിനു നേരെ തിരിയുകയും തകര്‍ക്കുകയുമായിരുന്നു. നിലവില്‍ വനപാലകരും നാട്ടുകാരും ചേര്‍ന്ന് തമിഴ്‌നാട് വനത്തിലേക്ക് ആനയെ ഓടിച്ചിരിക്കുകയാണ്.
മേഘമലയിലേക്ക് പരിയാര്‍ കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എത്തിച്ചേരുമെന്നാണ് വിവരം. അരികൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തിലേക്കുതന്നെ തിരികെയെത്തിക്കാനാണ് നീക്കം. ഇതിനു വേണ്ടി 120 പേരടങ്ങുന്ന സംഘത്തെ തമിഴ്നാട് വനംവകുപ്പും നിയോഗിച്ചിട്ടുണ്ട്. റേഡിയോകോളര്‍ ഘടിപ്പിച്ചിട്ടും രണ്ടു ദിവസമായി അരിക്കൊമ്പന്‍ തമിഴ്നാട്ടിലെ ജനവാസ മേഘലയില്‍ തമ്പടിച്ചിരിക്കുകയാണ്. എന്നാല്‍ കൊമ്പനെക്കുറിച്ചുള്ള കൃത്യമായ വിവരം തമിഴ്‌നാട് സര്‍ക്കാറിന് കൈമാറാന്‍ കേരളത്തിന് സാധിച്ചിരുന്നില്ല. കാലാവസ്ഥയില്‍ വന്ന മാറ്റത്തെ തുടര്‍ന്ന് റേഡിയോ കോളറില്‍ നിന്നും കൃത്യമായി സിഗ്നല്‍ ലഭിക്കാതായതാണ് ആനയെക്കുറിച്ചുള്ള വിവരം കൈമാറുന്നതിന് വെല്ലുവിളിയായി മാറിയത്. ചില സമയങ്ങളില്‍ റേഡിയോ കോളര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വനംവകുപ്പും സ്ഥിതീകരിച്ചു.
നേരത്തേ മണലൂര്‍ എസ്റ്റേറ്റില്‍നിന്നുള്ള അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട ശേഷം പുറത്തുവന്ന അരിക്കൊമ്പന്റെ ആദ്യ ചിത്രമായിരുന്നു ഇത്. മണലൂര്‍ എസ്റ്റേറ്റില്‍ നിന്നും വെള്ളം കുടിച്ച ശേഷം കൊമ്പന്‍ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്ന ദൃശ്യങ്ങളായിരുന്നു ലഭ്യമായത്. അരികൊമ്പനെ തമിഴ്‌നാട്ടില്‍ കണ്ടെത്തിയ ശേഷം മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നതായി കഴിഞ്ഞ ദിവസം തമിഴ്നാട്ടിലെ പത്രങ്ങള്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥലത്തെ ചില വീടുകള്‍ കയറി ആക്രമിച്ചെന്നും അരിച്ചാക്ക് ഉള്‍പ്പെടെ നശിപ്പിക്കാന്‍ ശ്രമിച്ചതുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ ആക്രമണങ്ങള്‍ സൃഷ്ടിച്ച ആന അരികൊമ്പനാണെന്ന് സ്ഥിതീകരിച്ചിട്ടില്ല. പക്ഷെ അരിരകൊമ്പന്‍ അവിടെയെത്തിയതിന് ശേഷമാണ് ഈ സംഭവം ഉണ്ടായത് എന്നുള്ളതിനാല്‍ ഇത് കൊമ്പന്‍ തന്നെയാണെന്നും പറയപ്പെടുന്നു.
അതേ സമയം അരികൊമ്പന് കാഴ്ച്ചക്കുറവെന്ന് റിപ്പോർട്ട്. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് വനം വകുപ്പ് ഇക്കാര്യം സ്ഥിതീകരിച്ചത്.
വലതുകണ്ണിന് കാഴ്ചക്കുറവുണ്ടെന്നാണ് വ്യക്തമാകുന്നത്. ജിപിഎസ് കോളർ ഘടിപ്പിക്കുന്ന സയമത്താണ് ഇക്കാര്യം മനസ്സിലായതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ ചികിത്സ നൽകേണ്ടതിന്റെ ആവശ്യകത ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. തുമ്പിക്കൈയിൽ ശരീരത്തിലെ മറ്റു ഭാഗങ്ങളിലും ഉണ്ടായ പരിക്കുകൾ പിടികൂടുന്നതിന് രണ്ടു ദിവസം മുൻപ് ഉണ്ടായതാണെന്നും വനംവകുപ്പ് വ്യക്തമാക്കി.ഏപ്രിൽ 30ന് പുലർച്ചെ നാലരയോടെയായിരുന്നു അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പെരിയാർ കടുവ സങ്കേതത്തിലെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...