Tomato Fever In India: രാജ്യത്ത് തക്കാളിപ്പനി കേസുകൾ വർധിക്കുന്നു; നാല് സംസ്ഥാനങ്ങളിലായി ഇതുവരെ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു

Tomato Fever: കേരളത്തിൽ അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Aug 24, 2022, 09:30 AM IST
  • കേരളത്തിൽ തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ജാഗ്രതാ നിർദ്ദേശം നൽകി
  • ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ ഒഡീഷയിൽ 26 കുട്ടികൾ (ഒന്ന് മുതൽ ഒമ്പത് വയസ് വരെയുള്ള കുട്ടികൾ) രോഗബാധിതരാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
  • കേരളം, തമിഴ്‌നാട്, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളൊഴികെ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല
Tomato Fever In India: രാജ്യത്ത് തക്കാളിപ്പനി കേസുകൾ വർധിക്കുന്നു; നാല് സംസ്ഥാനങ്ങളിലായി ഇതുവരെ നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: തക്കാളിപ്പനി എന്നറിയപ്പെടുന്ന ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി) രാജ്യത്ത് വ്യാപിക്കുന്നു. ഇതുവരെ നൂറിലധംക കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കേരളം, തമിഴ്‌നാട്, ഒഡീഷ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തത്. തക്കാളിപ്പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രത പുലർത്തണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മെയ് ആറിന് കേരളത്തിലെ കൊല്ലം ജില്ലയിലാണ് തക്കാളിപ്പനി ആദ്യമായി തിരിച്ചറിഞ്ഞത്. ജൂലൈ 26 വരെ, അഞ്ച് വയസ്സിന് താഴെയുള്ള 82 കുട്ടികളിൽ അണുബാധ കണ്ടെത്തിയതായി പ്രാദേശിക സർക്കാർ ആശുപത്രികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ അഞ്ചൽ, ആര്യങ്കാവ്, നെടുവത്തൂർ എന്നീ സ്ഥലങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

കേരളത്തിൽ തക്കാളിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ അയൽ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കർണാടകയിലും ജാഗ്രതാ നിർദ്ദേശം നൽകി. ഭുവനേശ്വറിലെ റീജിയണൽ മെഡിക്കൽ റിസർച്ച് സെന്റർ ഒഡീഷയിൽ 26 കുട്ടികൾ (ഒന്ന് മുതൽ ഒമ്പത് വയസ് വരെയുള്ള കുട്ടികൾ) രോഗബാധിതരാണെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളം, തമിഴ്‌നാട്, ഹരിയാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളൊഴികെ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ കേസുകളൊന്നും തന്നെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

ALSO READ: Tomato Fever In India: രാജ്യത്ത് തക്കാളിപ്പനി പടരുന്നു; രോ​ഗബാധിതരിൽ അധികവും ഒമ്പത് വയസിന് താഴെയുള്ള കുട്ടികൾ

എന്താണ് തക്കാളിപ്പനി?
തക്കാളിയുടെ ആകൃതിയിലുള്ളതും നിറമുള്ളതുമായ കുമിളകൾ രോഗിയുടെ ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നതിനാലാണ് ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്. എന്ററോവൈറസ് മൂലമാണ് ഈ പനി ഉണ്ടാകുന്നത്. എന്നാൽ, കുട്ടികളിൽ ചിക്കുൻഗുനിയ അല്ലെങ്കിൽ ഡെങ്കിപ്പനി എന്നിവയുടെ അനന്തരഫലമായും തക്കാളിപ്പനി ഉണ്ടാകുമെന്നാണ് ചില ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്.

തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ്?
ലാൻസെറ്റിന്റെ റിപ്പോർട്ട് പ്രകാരം തക്കാളിപ്പനിയിൽ ശരീരത്തിലെ കുമിളകൾ മങ്കിപോക്സിന് സമാനമായ കുമിളകളാണ്. കൂടാതെ, പ്രതിരോധശേഷി കുറഞ്ഞ കുട്ടികളിൽ തക്കാളിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. കടുത്ത പനി, പേശീ വേദന, ക്ഷീണം, ഹൃദയമിടിപ്പ്, സന്ധി വേദന, ചൊറിച്ചിൽ, ഛർദ്ദി, നിർജ്ജലീകരണം, വയറിളക്കം തുടങ്ങിയവയാണ് തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ

തക്കാളിപ്പനി എങ്ങനെയാണ് പകരുന്നത്?
മേയ് ആറിന് കേരളത്തിലെ കൊല്ലത്താണ് രാജ്യത്ത് തക്കാളിപ്പനിയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. അതിനുശേഷം, ഒന്ന് മുതൽ അഞ്ച് വയസ്സുവരെയുള്ള നിരവധി കുട്ടികളിൽ പനിയുടെ ലക്ഷണങ്ങൾ കണ്ടു. അതായത്, നിലവിൽ കുട്ടികളിൽ മാത്രമാണ് തക്കാളിപ്പനി പടരുന്നത്. വൃത്തിഹീനമായ സ്ഥലങ്ങളിൽ താമസിക്കുന്നത്, വൃത്തിഹീനമായ വസ്തുക്കളിൽ സ്പർശിക്കുന്നത് എന്നിങ്ങനെ തക്കാളിപ്പനി പടരുന്നതിന് പല കാരണങ്ങളുണ്ടാകാമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കുന്നത്. കളിപ്പാട്ടങ്ങൾ, ഭക്ഷണം, വസ്ത്രങ്ങൾ തുടങ്ങി അണുബാധ പടരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്ന പല കാര്യങ്ങളും കുട്ടികൾ പങ്കുവെക്കുന്നു. ഇതിനർത്ഥം മറ്റ് വൈറൽ അണുബാധകളെപ്പോലെ ഇത് അടുത്ത സമ്പർക്കത്തിലൂടെയും പടരുന്നു എന്നാണ്.

ALSO READ: Tomato Fever: രാജ്യത്ത് 82 തക്കാളിപ്പനി കേസുകൾ; കേരളത്തിൽ അതീവ ജാ​ഗ്രത

തക്കാളിപ്പനി പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതൽ എന്തൊക്കെ?
മറ്റ് കുട്ടികളിലേക്കോ മുതിർന്നവരിലേക്കോ അണുബാധ പടരാതിരിക്കാൻ രോഗലക്ഷണങ്ങളുടെ ആരംഭം മുതൽ അഞ്ച് മുതൽ ഏഴ് ദിവസത്തേക്ക് ഐസൊലേഷനിൽ പ്രവേശിക്കണം. ശരിയായ ശുചിത്വം പാലിക്കുകയും ചുറ്റുമുള്ള അവശ്യവസ്തുക്കളും പരിസരവും ശുചീകരിക്കുകയും ചെയ്യുക. അതുപോലെ രോഗബാധിതനായ കുട്ടിയെ രോഗബാധിതരല്ലാത്ത കുട്ടികളുമായി കളിപ്പാട്ടങ്ങൾ, വസ്ത്രങ്ങൾ, ഭക്ഷണം, മറ്റ് വസ്തുക്കൾ എന്നിവ പങ്കിടാൻ അനുവദിക്കരുത്.

തക്കാളിപ്പനി സ്ഥിരീകരിക്കുന്നതെങ്ങനെ?
ശരീരസ്രവങ്ങൾ പരിശോധിച്ചാണ് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രണ്ട് മുതൽ നാല് ആഴ്ച വരെയാണ് ഇതിന് ആവശ്യമായി വരുന്നത്. തക്കാളിപ്പനിയുടെ ലക്ഷണങ്ങൾ പ്രകടമായി 48 മണിക്കൂറിനുള്ളിൽ തൊണ്ട അല്ലെങ്കിൽ നാസോഫോറിൻജിയൽ സാമ്പിളുകൾ ശേഖരിക്കാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

തക്കാളിപ്പനിയുടെ ചികിത്സാരീതി എങ്ങനെയാണ്?
ഇതുവരെ, തക്കാളിപ്പനിയുടെ ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ ആൻറിവൈറൽ മരുന്നുകളോ വാക്‌സിനുകളോ ലഭ്യമല്ല. ഇക്കാര്യത്തിൽ കൂടുതൽ നിരീക്ഷണങ്ങൾ തുടരുകയാണ്. വായിലെ വ്രണത്തിന് കാരണമാകുന്ന നിരവധി അണുബാധകളിൽ ഒന്നാണ് ഹാൻഡ് ഫൂട്ട് ആൻഡ് മൗത്ത് ഡിസീസ് (എച്ച്എഫ്എംഡി). ഭൂരിഭാ​ഗം കേസുകളിലും ഇത് ​ഗുരുതരമാകുന്നില്ലെന്നാണ് റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News