ന്യൂ ഡൽഹി: ചുട്ടുപൊള്ളുകയാണ് ഉത്തരേന്ത്യ. പതിനൊന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ ചൂടാണ് ഇപ്പോൾ ഡൽഹിയിൽ. 2010ന് ശേഷമുള്ള ഏറ്റവും വലിയ ഉഷ്ണതരംഗമാണ് ഉത്തരേന്ത്യയിലേക്ക് എത്തുന്നത്. 2010 ഏപ്രിൽ മാസത്തിൽ 11 തവണയാണ് ഉഷ്ണതരംഗം ഉണ്ടായത്. ഈ വർഷം ഇതുവരെ എട്ട് തവണയാണ് ഇത്തരണത്തിൽ ചൂട് കൂടിയത്. ഏതാനും ദിവസങ്ങളായി 42 ഡിഗ്രി സെൽഷ്യസ് ആയിരുന്ന ചൂട് ഇപ്പോൾ 44-45 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഗുജറാത്ത്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, വെസ്റ്റ് ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളി ഉഷ്ണതരംഗ സാധ്യത പ്രവചിക്കുന്നുണ്ട്. ഇവിടങ്ങളിൽ 40 ഡിഗ്രിക്ക് മുകളിൽ താപനില എത്തും.
കോവിഡ് മൂലമായിരുന്നു ക്ലാസുകൾ ഓൺലൈൻ ആക്കിയതെങ്കിലും ഇപ്പോൾ കടുത്ത ചൂട് മൂലം ഓൺലൈൻസ് ക്ലാസിലേക്ക് മാറിയിരിക്കുകയാണ് കൊൽക്കത്ത. ക്ലാസുകൾ അതിരാവിലെ ആക്കാനും നിർദേശമുണ്ട്. മുഖ്യമന്ത്രി മമത ബാനർജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാനത്തെ സ്ഥിതി വിലയിരുത്തി.
മഹാരാഷ്ട്രയിൽ വിദർഭയിൽ രണ്ട് മാസത്തിനിടെ നാലാമത്തെ ഉഷ്ണതരംഗവും റിപ്പോർട്ട് ചെയ്യപ്പെട്ടു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ചൂട് റിപ്പോർട്ട് ചെയ്തിരിക്കുന്നത് വിദർഭയിലാണ്. ബ്രഹ്മപുരി- 44.7, അകോല-44.5, ചന്ദ്രപൂർ, വധ്ര-44.4, ഗോണ്ടിയ- 43.5, അമരാവതി- 43.2, അഹമ്മദ് നഗർ-42.3, സോളാപൂർ-41.4 എന്നിങ്ങനെയാണ് താപനില. ഇവിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
നിരപ്പായ സ്ഥലങ്ങളിൽ ചൂട് 40 ഡിഗ്രിക്ക് മുകളിലും തീരമേഖലകളിൽ 37 ഡിഗ്രിക്ക് മുകളിലും ഉയർന്ന പ്രദേശങ്ങളിൽ 30 ഡിഗ്രിക്കും മുകളിൽ എത്തുമ്പോളാണ് ഉഷ്ണതരംഗം എന്ന് പറയുന്നത്. ഈ വർഷം മാർച്ച് ആദ്യം മുതൽ രാജ്യത്ത് ഉഷ്ണതരംഗങ്ങൾ വീശിയടിച്ചതായി 'ഡൗൺ ടു എർത്ത്' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. 2022 മാർച്ച് 11 മുതൽ ഏപ്രിൽ 24 വരെ ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ താപ തരംഗത്തിന് സമാനമായ സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്.
1971 മുതൽ 2019 വരെയുള്ള കണക്കുകൾ പ്രകാരം 17,000 പേരാണ് സൂര്യതപമേറ്റ് മരിച്ചത്. കൃഷിപാടങ്ങളെയും ബാധിച്ചു. പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിളെ ഗോതമ്പ് കൃഷിയെയും കൂടിയ താപനില ബാധിച്ചിട്ടുണ്ട്. 20-60 ശതമാനം വരെ വിളനാശമാണ് ഈ സംസ്ഥാനങ്ങളിൽ ഉണ്ടായിട്ടുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...