Mumbai: കോവിഡിനും കോളറയ്ക്കും പിന്നാലെ ഇപ്പോള്‍ മഹാരാഷ്ട്രയില്‍ പന്നിപ്പനിയും വ്യാപകമാവുന്നു. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളില്‍ ഇപ്പോള്‍ പന്നിപ്പനി വ്യാപിക്കുകയാണ്.
റിപ്പോര്‍ട്ട് അനുസരിച്ച്, പന്നിപ്പനി ബാധിച്ച് നിലവില്‍ 4 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്. ഈ വർഷാരംഭം മുതൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 142 പന്നിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ, H1N1 ബാധിച്ച് ഇതുവരെ 7 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. പൂനെയിൽ 2, കോലാപ്പൂരിൽ 3, താനെയിൽ 2 പേരുമാണ് മരണമടഞ്ഞത്.
മുംബൈയിൽ മാത്രം നിലവില്‍ 43 എച്ച്1എൻ1 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൂനെ 23, പാൽഘർ 22,, നാസിക്ക് 17 എന്നിങ്ങനെയാണ് കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ജാഗ്രത വർദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിച്ചിരിയ്ക്കുകയാണ്. പ്രതിരോധവും നിയന്ത്രണ നടപടികളും നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍, പന്നിപ്പനി വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നില്ല എങ്കിലും രോഗാവസ്ഥയുള്ളവർ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
പനി, ചുമ, തൊണ്ടവേദന, വിറയൽ, ബലഹീനത, ശരീരവേദന എന്നിവയാണ് പന്നിപ്പനി അല്ലെങ്കില്‍ H1N1ന്‍റെ ലക്ഷണങ്ങൾ
ലോകാരോഗ്യ സംഘടന (WHO) 2009 ജൂൺ മുതൽ 2010 ഓഗസ്റ്റ് വരെ പന്നിപ്പനി പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും ഇത് ലോകമെമ്പാടും ഒരു സീസണൽ വൈറസായി പ്രചരിക്കുന്നത് ഇപ്പോഴും തുടരുന്നു.
അതേസമയം, മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ക്കും കുറവ് കാണുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍ 2,015 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 6 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
അതുകൂടാതെ, കഴിഞ്ഞയാഴ്ചയാണ് മഹാരാഷ്ട്രയില്‍ കോളറ വ്യാപനം തീവ്രമായത്. അമരാവതി ജില്ലയിലായിരുന്നു കോളറ വ്യാപനം രൂക്ഷമായത്. ജില്ലയില്‍ കോളറ ബാധിച്ച് 5 ല്‍ അധികം പേര്‍ മരിയ്ക്കുകയുണ്ടായി. കൂടാതെ, 200 -ല്‍ അധികം പേര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...