ഡഗ്ലസ്‌വില്ലെ: ജോർജിയയിൽ ഹൗസ് പാർട്ടിക്കിടെ വെടിവയ്പ്. രണ്ട് പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ശനിയാഴ്ച നടന്ന ഒരു പാർട്ടിയിൽ ഒത്തുകൂടിയ നൂറിലധികം കൗമാരക്കാർക്കിടയിലേക്കാണ് വെടിവയ്പുണ്ടായത്. ഡഗ്ലസ്‌വില്ലെയിലെ പാർട്ടി നടന്ന വീട്ടിൽ എന്താണ് സംഭവിച്ചതെന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. ആക്രമണത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഒന്നിലധികം ആളുകൾ വെടിവയ്പ് നടത്തിയിട്ടുണ്ടോയെന്നും വ്യക്തമല്ല. ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
ശനിയാഴ്ച രാത്രി പത്തരയ്ക്കും പതിനൊന്നരയ്ക്കും ഇടയിലാണ് ഇടയിലാണ് വെടിവയ്പുണ്ടായതെന്ന് ഡഗ്ലസ് കൗണ്ടി ഷെരീഫിന്റെ ഓഫീസ് ക്യാപ്റ്റൻ ട്രെന്റ് വിൽസൺ ദി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. വെടിവയ്പ് എങ്ങനെയാണ് ആരംഭിച്ചതെന്നും ആരാണ് ഉത്തരവാദികൾ എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ നൽകാൻ സാധ്യതയുള്ള സാക്ഷികളോട് ഹാജരാകാൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
“ഒരു വീട്ടിൽ നൂറിലധികം കൗമാരക്കാർ പങ്കെടുത്ത പാർട്ടി നടന്നതായി വിവരം ലഭിച്ചു. ഏറ്റുമുട്ടലിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു ”ഡഗ്ലസ് കൗണ്ടി ഷെരീഫ് ഓഫീസ് ഞായറാഴ്ച രാവിലെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. മരിച്ച രണ്ടുപേരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. എന്നാൽ അവർ 18 വയസ്സിന് താഴെയുള്ളവരാണെന്ന് അദ്ദേഹം പറഞ്ഞു. ജോർജിയയുടെ തലസ്ഥാന നഗരമായ അറ്റ്ലാന്റയിൽ നിന്ന് 20 മൈൽ (32 കിലോമീറ്റർ) പടിഞ്ഞാറാണ് ഡഗ്ലസ്‌വില്ലെ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...