കൊച്ചി: ഐടി കയറ്റുമതി രംഗത്ത് ഇൻഫോപാർക്കിന് വൻ നേട്ടം. ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ഐടി കമ്പനികളിൽ നിന്നുള്ള ആകെ കയറ്റുമതി 6,310 കോടി രൂപയായി വർധിച്ചു. മുൻ വർഷം സമാനകാലയളവിൽ ഇത് 5200 കോടി രൂപയായിരുന്നു.
കഴിഞ്ഞ ഡിസംബർ വരെ ലഭ്യമായ കണക്കുകൾ പ്രകാരം, 1,110 കോടിരൂപയാണ് വർധിച്ചിരിക്കുന്നത്. 415 കമ്പനികളാണ് ഇൻഫോപാർക്കിലെ വിവിധ ക്യാമ്പസുകളിലായി പ്രവർത്തിക്കുന്നത്. കൊവിഡ് കാലത്ത് മാത്രം 40ലേറെ കമ്പനികളാണ് ഇൻഫോപാർക്കിൽ പുതുതായി പ്രവർത്തനം ആരംഭിക്കുകയും ഓഫീസ് തുറക്കുകയും ചെയ്തത്.
18 കമ്പനികൾ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുകയും പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തെങ്കിലും ഇതിലേറെ കമ്പനികൾ പ്രവർത്തനം ആരംഭിച്ചു. പുതിയ കമ്പനികൾ പലതും അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതൽ അടിസ്ഥാന സൗകര്യവികസനവും ഇൻഫോപാർക്കിൽ പുരോഗമിക്കുകയാണ്.
കൊവിഡ് പശ്ചാത്തലത്തിൽ സുരക്ഷിത തൊഴിൽ അന്തരീക്ഷം ഒരുക്കുന്നതിന് ഐടി ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഇൻഫോപാർക്കിന്റെ നേതൃത്വത്തിൽ മെഗാ വാക്സിനേഷൻ ക്യാമ്പ് നടത്തിയിരുന്നു. വിവിധ കമ്പനികളുടെ നേതൃത്വത്തിൽ വാക്സിനേഷനുകൾ നടത്തി.
ഇപ്പോൾ ഇൻഫോപാർക്കിൽ എത്തുന്ന ഏകദേശം എല്ലാ ജീവനക്കാർക്കും ഒന്നാംഘട്ട വാക്സിൻ ലഭിച്ചു. ഐടി കമ്പനികൾ തങ്ങളുടെ ജീവനക്കാരിൽ ഏറിയ പങ്കിനേയും താൽക്കാലികമായി വർക്ക് ഫ്രം ഹോം രീതിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിമിത എണ്ണം ജീവനക്കാർ മാത്രമാണ് ഇപ്പോൾ ക്യാമ്പസിൽ എത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA