താക്കോൽ ആൻറണിക്ക് കൊടുത്തു; ലാൽ സാറിനെ പൊന്ന് പോലെ നോക്കണെ എന്ന് മാത്രം പറഞ്ഞു

ഒരിക്കൽ ലാൽ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയതും അറിയാതെ തൻ്റെ മടിയിൽ തലചായ്ച്ച് കിടന്നുറങ്ങിയതുമൊക്കെ ഓർത്തെടുക്കുമ്പോൾ സുഗന്ധം

Written by - Abhijith Jayan | Edited by - M Arun | Last Updated : Jul 25, 2022, 10:38 PM IST
  • ആരോഗ്യം വല്ലാതെ പ്രശ്നമായതോടെ തന്റെ ഉത്തരവാദിത്വം മോഹനൻ നായർ തന്നെയാണ് ആന്റണി പെരുമ്പാവൂരിനെ ഏൽപ്പിക്കുന്നത്
  • ഒരിക്കൽ ലാൽ ഷൂട്ടിംഗ് കഴിഞ്ഞ് എത്തി തൻ്റെ മടിയിൽ തലചായ്ച്ച് കിടന്നുറങ്ങിയതുമൊക്കെ നല്ല ഒാർമകൾ
  • കൃത്യം 28 വർഷം മുമ്പാണ് ലാലിൻ്റെ മുടവൻമുകളിലെ വസതിയിലെത്തുന്നത്
താക്കോൽ ആൻറണിക്ക് കൊടുത്തു; ലാൽ സാറിനെ പൊന്ന് പോലെ നോക്കണെ എന്ന് മാത്രം പറഞ്ഞു

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായരുടെ ഡ്രൈവറായിരുന്ന മോഹനൻനായർ തലസ്ഥാനത്ത് വിശ്രമജീവിതത്തിലാണ്. ഒരുകാലത്ത് ലാലിൻ്റെ സിനിമയാത്രകളുടെ നെടുംന്തൂണായിരുന്ന മോഹനൻ ആരോഗ്യ അവശതകളെ തുടർന്ന് വീട്ടിൽ തന്നെ കഴിയുകയാണ്. ലാലിനൊപ്പം ഉണ്ടായിരുന്നപ്പോൾ മുടവൻമുഗളിലായിരുന്നു താമസം. പ്രായത്തിൻ്റെ അവശതകളിൽ ജീവിതം തള്ളിനീക്കുന്ന അദ്ദേഹം പഴയകാല അനുഭവങ്ങളും ഓർമ്മകളും സീ മലയാളം ന്യൂസിനോട് പങ്കുവയ്ക്കുന്നു.

മൂന്ന് പതിറ്റാണ്ടോളം ലാലിൻ്റെ കുടുംബത്തിൻ്റെ സഹചാരിയായിരുന്നു മോഹനൻ നായർ എന്ന ഈ 83 കാരൻ. നിരവധി രോഗങ്ങൾ അലട്ടുന്ന ഇദ്ദേഹം വീട്ടിൽ തന്നെ ഒതുങ്ങി കഴിയുകയാണ്. മോഹൻലാലിൻ്റെ അച്ഛൻ വിശ്വനാഥൻ നായരുടെ ഉറ്റ സാരഥിയായിരുന്ന ഇദ്ദേഹം ദീർഘനാൾ ആ കുടുംബത്തോടൊപ്പം അവിടെയൊരു അംഗമായി തന്നെ തുടരുകയായിരുന്നു. 

ALSO READ : ദേശീയ അവാർഡിന് പിന്നാലെ തിങ്കാളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ സെന്നാ ഹെഗ്ഡെ

കൃത്യം 28 വർഷം മുമ്പാണ് ലാലിൻ്റെ മുടവൻമുകളിലെ വസതിയിലെത്തുന്നത്. ഡ്രൈവറായി എത്തിയ മോഹനൻ പിന്നെ അദ്ദേഹത്തിൻ്റെ സിനിമ യാത്രകളുടെ ഭാഗമായി മാറുകയായിരുന്നു. ഒരു ഷൂട്ടിംഗ് സെറ്റിൽ നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കുന്നതും തിരികെ വീട്ടിലെത്തിക്കുന്നതുമൊക്കെ മോഹനൻ നായർ തന്നെ ആയിരുന്നു. 

ഒരിക്കൽ ലാൽ ഷൂട്ടിംഗ് കഴിഞ്ഞ് ക്ഷീണിതനായി വീട്ടിലെത്തിയതും അറിയാതെ തൻ്റെ മടിയിൽ തലചായ്ച്ച് കിടന്നുറങ്ങിയതുമൊക്കെ ഓർത്തെടുക്കുമ്പോൾ ആ ഓർമ്മകൾക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലാലിൻ്റെ ഉറ്റ സുഹൃത്തുക്കളായ ഗായകൻ എം ജി ശ്രീകുമാറും സംവിധായകൻ പ്രിയദർശനും സിനിമാതാരം ജഗദീഷും നിർമ്മാതാവ് സുരേഷ് കുമാറുമൊക്കെ വീട്ടിലെത്തി സൗഹൃദം പങ്കിട്ടിരുന്നതും മോഹനൻ നായർ ഓർത്തെടുത്തു. 

ശാരീരിക അസ്വാസ്ഥ്യങ്ങൾക്കൊപ്പം ടൈഫോയിഡും പക്ഷാഘാതവും വന്നതോടെ 'സാരഥി' എന്ന ഉത്തരവാദിത്വത്തിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞു മാറി.കാറിൽ എ സി ഇട്ട് ദീർഘദൂരം സഞ്ചരിക്കുമ്പോൾ ഉണ്ടായിരുന്ന ആരോഗ്യപ്രശ്നം തന്നെ വല്ലാതെ അലട്ടിയിരുന്നുവെന്ന് മോഹനൻ നായർ പറയുന്നു.

ALSO READ : ചിരിക്കുന്നില്ല എന്ന പരാതി തീർത്ത് കൊടുത്ത് നിമിഷ സജയൻ; ഒരു തെക്കൻ തല്ലു കേസിൽ നല്ല അസ്സലായിട്ട് ചിരിച്ചിട്ടുണ്ട്

കളരി പഠിക്കണമെന്ന ആഗ്രഹം ലാൽ മുന്നോട്ടുവച്ചപ്പോൾ പള്ളിച്ചലിലുള്ള പരമ്പര്യ കളരികേന്ദ്രത്തിൽ എത്തിച്ച് കളരിമുറകൾ അഭ്യസിപ്പിച്ചതും മോഹനൻനായരുടെ മനസ്സിലുണ്ട്. എട്ടുവീട്ടിൽ പിള്ളമാരുടെ കുടുംബമായ മോഹനൻനായരുടെ പിതാവ് ഇലങ്കത്ത് വീട്ടിൽ പരമേശ്വരൻ പിള്ളയും മാതാവും മരിച്ചപ്പോൾ മോഹൻലാൽ എത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ആരോഗ്യം വല്ലാതെ പ്രശ്നമായതോടെ തന്റെ ഉത്തരവാദിത്വം മോഹനൻ നായർ തന്നെയാണ് ആന്റണി പെരുമ്പാവൂരിനെ ഏൽപ്പിക്കുന്നത്. പഴയ അംബാസിഡർ കാറിൻ്റെ താക്കോൽക്കൂട്ടം ആൻ്റണിയെ ഏൽപ്പിച്ച ശേഷം സാറിനെയും കുടുംബത്തെയും പൊന്നുപോലെ നോക്കി കൊള്ളണെ എന്നാണ് താൻ പറഞ്ഞതന്നും മങ്ങിയ ഓർമ്മകളിലൂടെ അദ്ദേഹം ഓർത്തെടുക്കുന്നു. 

'പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനായി തൊട്ടപ്പുറത്തുള്ള വെടിവെച്ചാൻകോവിലിലെ ഭഗവതിനടയിലുള്ള ബംഗ്ലാവിൽ ലാൽ എത്തിയിട്ടുണ്ടെന്ന് വിവരം അറിഞ്ഞിരുന്നുവെങ്കിലും ആരോഗ്യപ്രശ്നം കാരണം എത്താനും കഴിഞ്ഞില്ല. അതിനെക്കുറിച്ച് ഓർക്കുമ്പോൾ എപ്പോഴും വല്ലാതെ വിഷമം തോന്നും. എവിടെയായാലും സർ സുഖമായിരിക്കും.

ALSO READ : Nanpakal Nerathu Mayakkam : മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കത്തിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

തിരക്കൊഴിയുമ്പോൾ എപ്പോഴെങ്കിലും എന്നെ കാണാൻ എത്തും. ഇതുവഴി കടന്നു പോയാൽ സർ എത്തുമെന്ന് പ്രതീക്ഷയുണ്ട്. എന്നെയും എന്റെ കുടുംബാംഗങ്ങളെയും സാറിന് നന്നായി അറിയാം. അങ്ങനെയങ്ങ് മറക്കാൻ കഴിയില്ലല്ലോ.... - മോഹൻനായർ പറഞ്ഞുനിർത്തി. മൂന്ന് പെൺമക്കളുടെയും മകൻ്റെയും വിവാഹം കഴിഞ്ഞ് ഭാര്യ വിജയകുമാരിയോടൊപ്പം വീട്ടിൽ വിശ്രമം നയിക്കുകയാണ് ഇദ്ദേഹം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News