തിരുവനന്തപുരം: അന്നദാനം മഹാദാനമാണെന്ന ആപ്തവാക്യം അന്വർഥമാക്കും വിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്ന ഒരു മനുഷ്യനുണ്ട് തിരുവനന്തപുരത്ത്. പേര് എസ്.വിനയചന്ദ്രൻ നായർ. തിരുവനന്തപുരം പൂജപ്പുര സ്വദേശി.
ദിവസവും 100 പേർക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് വിനയചന്ദ്രൻ്റെ നേതൃത്വത്തിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനടുത്തുവച്ച് വിതരണം ചെയ്യുന്നത്. 25 വർഷത്തോളമായി ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന വിനയൻ അറിയപ്പെടുന്ന നല്ലൊരു ഗായകൻ കൂടിയാണ്. സ്വരമാധുരി എന്ന പേരിൽ കഴിഞ്ഞ അഞ്ച് വർഷത്തോളമായി തലസ്ഥാനത്ത് ഒരു ഗാനമേള ട്രൂപ്പും ഇദ്ദേഹത്തിന് സ്വന്തമായിട്ടുണ്ട്.
കൊവിഡ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ തുടങ്ങിയതാണ് വിനയചന്ദ്രൻ്റെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണം. ദിവസവും നൂറു പേർക്കുള്ള ഒരു നേരത്തെ ഭക്ഷണമാണ് പദ്മനാഭസ്വാമിക്ഷേത്രത്തിനടുത്ത് വച്ച് വിതരണം ചെയ്യുന്നത്. ഉച്ചയ്ക്ക് 12:30 ഓടെയാണ് ഭക്ഷണ വിതരണം ആരംഭിക്കുന്നത്. ഓട്ടോയിൽ കൊണ്ടുവരുന്ന ഭക്ഷണപ്പൊതികൾ അവസാനിക്കും വരെയും വിതരണം ചെയ്യും.
നേമത്തെ ജനകീയ ഹോട്ടലിൽ ഭക്ഷണം തയ്യാറാക്കി തിരുവനന്തപുരത്തെത്തിക്കും. നാല് കറികളടക്കമുള്ള ഊണ് വിശന്നു വലഞ്ഞു വരുന്നവർക്ക് വിഭവസമൃദ്ധമാണ്. ഞായറാഴ്ച ഒഴികെ ഇത് മുടങ്ങാതെ നൽകാൻ കഴിയുന്നുണ്ടെന്ന് വിനയചന്ദ്രൻ പറയുന്നു.
രണ്ട് കൊല്ലം മുൻപ് ലോക്ഡൗൺ തുടങ്ങിയ കാലത്ത് ചെറിയ തട്ടുകടകൾക്കും ഹോട്ടലുകൾക്കും ഉൾപ്പെടെ പൂട്ട് വീണതോടെ കിഴക്കേകോട്ടയിലും തമ്പാനൂരിലെയും പരിസരപ്രദേശങ്ങളിലുമുള്ള ആളുകൾ ഭക്ഷണം കിട്ടാതെ വലയുന്ന സാഹചര്യം പ്രകടമായിരുന്നു. കൂടാതെ, തലസ്ഥാനത്ത് വഴിയരികിൽ താമസിക്കുന്ന അന്തേവാസികളും പാവപ്പെട്ട മനുഷ്യരും ഇതിൻ്റെ ഇരകളായി തീരുകയും ചെയ്തു.
ഇത് വിനയചന്ദ്രൻ്റെ ശ്രദ്ധയിൽപ്പെടുകയും പിന്നീട് ഞായറാഴ്ചകളിലൊഴികെ ഒരു ദിവസം പോലും മുടങ്ങാതെ ഒരുനേരമെങ്കിലും വിഭവസമൃദ്ധമായ ഭക്ഷണമെത്തിക്കാൻ മുന്നിട്ടിറങ്ങുകയും ആയിരുന്നു. സഹായത്തിന് ചില സുഹൃത്തുക്കളും ഒപ്പം കൂടി. അന്നദാനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് വേണ്ടി ദുബായിലെ കൺസ്ട്രക്ഷൻ മേഖലയിൽ നിന്നുള്ള മോഹനൻപിള്ളയുടെ പിന്തുണയും വിനയന് ലഭിച്ചു.
ആദ്യഘട്ടത്തിൽ സർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗൺ പിൻവലിച്ചെങ്കിലും ഭക്ഷണ വിതരണം അവസാനിപ്പിക്കാൻ ഇദ്ദേഹം തയ്യാറായില്ല. കാര്യങ്ങൾ പഴയ നിലയ്ക്കായതോടെ അടച്ചിടലിൽ നിന്ന് ജനങ്ങൾ മുക്തരായി. എന്നാൽ വീണ്ടും രണ്ടാം തരംഗം ശക്തമായതോടെ കുറച്ചുദിവസം സംസ്ഥാനം സമ്പൂർണ അടച്ചിടലിലേക്ക് വീണ്ടും പോയി.
അപ്പോഴും തൻ്റെ മഹത് പ്രവർത്തനം നിർത്താൻ ഇദ്ദേഹം തയ്യാറായില്ല. ഇതൊരു കാരുണ്യപ്രവർത്തനം പോലെ വിനയചന്ദ്രൻ തുടരുകയായിരുന്നു. ഇപ്പോൾ കൊവിഡ് മൂന്നാം തരംഗം ശക്തമായപ്പോൾ ഉച്ചയ്ക്ക് നൽകുന്ന ഭക്ഷണ വിതരണത്തിന് പുറമേ രാത്രിയിലും ഭക്ഷണം വിതരണം ചെയ്യാൻ തുടങ്ങി. തലസ്ഥാനത്ത് രാത്രിയിൽ എത്തുന്ന പാവപ്പെട്ടവർക്കും ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അത്താഴവും നൽകുന്നുണ്ട്.
കഴിഞ്ഞ മുപ്പത് വർഷത്തോളമായി തിരുവനന്തപുരം സ്റ്റാച്യുവിൽ പ്രവർത്തിക്കുന്ന ശ്രീധരി ആയുർവേദ കേന്ദ്രത്തിൻ്റെ മാനേജർ കൂടിയാണ് എസ്. വിനയചന്ദ്രൻ നായർ. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുപ്പതോളം പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
പിണറായി വിജയൻ, വി എസ് അച്യുതാനന്ദൻ, ഉമ്മൻചാണ്ടി തുടങ്ങിയ മൂന്ന് മുഖ്യമന്ത്രിമാരിൽ നിന്നായി വലുതും ചെറുതുമായ പുരസ്കാരങ്ങൾ ലഭിച്ചത് ഈ മേഖലയിൽ തനിക്ക് കിട്ടിയ അംഗീകാരമാണെന്ന് വിനയൻ പറയുന്നു. നിരവധി സന്നദ്ധ സംഘടനകളും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളും ഞങ്ങളുടെ ടീം ചെയ്യുന്ന കാരുണ്യ പ്രവർത്തനത്തെ അംഗീകരിക്കുന്നതിൽ അഭിമാനമുണ്ടെന്നും വിനയൻ്റെ വാക്കുകൾ.
അന്തേവാസികൾ താമസിക്കുന്ന സ്ഥാപനങ്ങളിലും കഴിയുന്ന പോലെ ഭക്ഷണം എത്തിക്കാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. നല്ലൊരു കലാകാരൻ കൂടിയാണ് വിനയചന്ദ്രൻ. ഗായകനായി തിളങ്ങുന്ന ഇദ്ദേഹം തിരുവനന്തപുരത്ത് 'സ്വരമാധുരി'യെന്ന പേരിൽ അഞ്ച് വർഷത്തോളമായി ഗാനമേള ട്രൂപ്പും നടത്തിവരികയാണ്. വീട്ടമ്മയായ ശ്രീല ഭാര്യയും, മൂന്നാം വർഷ എൻജിനീയറിങ് വിദ്യാർത്ഥിയായ ആദിത്യാ വി. നായർ മകനുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില് വാര്ത്തകള് ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...