കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന യുവം പരിപാടിയുടെ വേദിക്കു സമീപം പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ പരിഹസിച്ച് കെ സുരേന്ദ്രൻ. മാനസികരോഗമുള്ള രാഷ്ട്രീയക്കാരാണ് ഇത്തരത്തിൽ പ്രതിഷേധിക്കുകയെന്നാണ് സുരേന്ദ്രൻ പ്രതികരിച്ചത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം പരിപാടി നടക്കുന്ന സേക്രട്ട് ഹാർട്ട് കോളജിനു മുന്നിൽ ‘മോദി, ഗോബാക്ക്’ വിളികളുമായി പ്രതിഷേധിച്ച ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് സുരേന്ദ്രൻ പരിഹാസവുമായി എത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം മറികടന്നുകൊണ്ടാണ്
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ബിജെപി പ്രവർത്തകരും ഇയാൾക്കെതിരെ പ്രതിഷേധിച്ചു. രംഗം കൂടുതൽ വഷളാകും മുന്നേ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് അവിടെ നിന്നും മാറ്റുകയായിരുന്നു.
ALSO READ : യുവം വേദിക്ക് സമീപം മോദിക്കെതിരെ പ്രതിഷേധം; യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കസ്റ്റഡിയിൽ
തിങ്കളാഴ്ച വൈകീട്ട് 6 മണിക്കാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം 2023 പരിപാടി. തേവര സേക്രഡ് ഹാർട്ട് കോളേജാണ് വേദി. മധ്യപ്രദേശിൽ നിന്ന് പ്രത്യേക വിമാനത്തിൽ കൊച്ചി നാവികസേന വിമാനത്താവളത്തിലാണ് നരേന്ദ്ര മോദി എത്തുന്നത്. ശേഷം 5.30ന് നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും. അതിനു ശേഷമാണ് അദ്ദേഹം തേവര സേക്രഡ് ഹാർട്സ് കോളേജിൽ 'യുവം' കോൺക്ലേവിൽ പങ്കെടുക്കുക. ബിജെപിയുടെ നേതൃത്വത്തിൽ യുവജന സംഘടനകളാണ് ഈ പരിപാടി നടത്തുന്നത്.
രാത്രി 7.45ന് താജ് മലബാർ ഹോട്ടലിലേയ്ക്ക് മടങ്ങുന്ന പ്രധാനമന്ത്രി തിങ്കളാഴ്ച അവിടെ താമസിക്കും. ചൊവ്വാഴ്ച രാവിലെ 10.30നാണ് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് എക്സ്പ്രസിൻറെ ഫ്ലാഗ് ഓഫ് നടക്കുക. കന്നി യാത്രയിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം പങ്കെടുക്കില്ലെന്ന് സ്ഥിരീകരണം ലഭിച്ചു.