കായംകുളം: കെഎസ്ആർടിസി സ്റ്റാൻഡിൽ ബസ് കയറാൻ നിന്ന അതിഥി തൊഴിലാളിയുടെ തലയിൽ കോൺക്രീറ്റ് പാളി ഇളകി വീണു. ഝാർഖണ്ഡ് സ്വദേശി അനിൽ കുമാറിനാണ് പരിക്കേറ്റത്. തിരുവല്ലയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന അനിൽകുമാർ കായംകുളം കൃഷ്ണപുരത്തുള്ള സുഹൃത്തിനെ കാണാൻ എത്തിയശേഷം തൃശ്ശൂർക്ക് പോകാൻ കായംകുളം കെഎസ്ആർടിസി ബസ്സ്റ്റാൻഡിൽ എത്തിയതായിരുന്നു.
എൻക്വയറി ഓഫീസിന് സമീപം നിന്ന അനിൽകുമാറിൻറെ തലയിലേക്ക് മുകളിലെ കോൺക്രീറ്റ് പാളി ഇളകി വീഴുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ അനിലിനെ മറ്റു യാത്രക്കാരും ജീവനക്കാരും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
ഏറെ നാളായി ജീർണ അവസ്ഥയിലുള്ള കെഎസ്ആർടിസി ബസ്സ്റ്റാൻറിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെനാളായി ഉയരുന്നുണ്ട്. എന്നാൽ അധികൃതർ ഇതുവരെ ഇതിന് തയ്യാറായിട്ടില്ല.
മുൻപും നിരവധി തവണ കോൺക്രീറ്റ് പാളി ഇളകി വീണിട്ടുണ്ട്. പലപ്പോഴും യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെടാറുള്ളത്. കായംകുളത്തെ പൊതുപ്രവർത്തകർ എംഎൽഎയോട് അടക്കം പരാതി പറഞ്ഞിട്ടുണ്ടെങ്കിലും കെട്ടിടം പുനർ നിർമ്മിക്കുന്നതിനായി ഫണ്ട് അനുവദിച്ചിട്ടുണ്ട് എന്ന മറുപടിയല്ലാതെ താൽക്കാലികമായി ഇതിന് പരിഹാരം കാണുവാൻ പോലും ഇതുവരെയും കഴിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA