തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില തുടരുമെന്ന് റിപ്പോർട്ട്. സാധാരണയെക്കാൾ ഉയർന്ന ചൂട് ഈ ദിവസങ്ങളിൽ അനുഭവപ്പെടാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 6 ജില്ലകളിൽ നിലവിലെ സാഹചര്യം തുടരുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. കഴിഞ്ഞ 7 ദിവസം തുടർച്ചയായി സംസ്ഥാനത്തെ പത്തിലധികം പ്രദേശങ്ങളിൽ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലായിരുന്നു രേഖപ്പെടുത്തിയത്. ഓട്ടോമാറ്റിക് വെതർ സ്റ്റേഷൻ കണക്ക് പ്രകാരം ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട്ടെ എരിമയൂരിലാണ്. ഇതിനിടയിൽ ഏപ്രിൽ 20, 21 തിയതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ വേനൽ മഴ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. .
രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മാത്രമല്ല വ്യാഴ്ചയോടെ മഴ മെച്ചപ്പെട്ടേക്കുമെന്നും റിപ്പോർട്ടുണ്ട്. പാലക്കാട്, കോഴിക്കോട്, കണ്ണൂർ, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നീ 6 ജില്ലകളിൽ താപനില ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. ചൂട് കൂടുതൽ അനുഭവപ്പെടുന്ന പാലക്കാട് ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില തുടർന്നേക്കുമെന്നും തൃശ്ശൂർ, കണ്ണൂർ ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസിനടുത്തെത്തുമെന്നും മറ്റു വടക്കൻ ജില്ലകളിൽ നിലവിലെ സാഹചര്യം തുടരാനാണ് സാധ്യതഎന്നും കോട്ടയം, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാമെന്നുമാണ് റിപ്പോർട്ട്.
മിക്ക ജില്ലകളിലിയും താപനില സാധാരണ നിലയിൽ നിന്നും രണ്ടു മുതൽ നാലു ഡിഗ്രി വരെ കൂടുതലാണ്. അതുകൊണ്ടുതന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വേനൽ മഴ ലഭിച്ചതിലുള്ള കുറവാണ് താപനില ഗണ്യമായി ഉയരാനുള്ള കാരണം എന്നാണ് നിഗമനം. മാർച്ച് മാസം മുതൽ ലഭിക്കേണ്ട വേനൽ മഴയിൽ 42 ശതമാനത്തോളമാണ് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...