Cancer Grid: കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്ത് ആദ്യമായി കാന്‍സര്‍ ഗ്രിഡ്

Cancer Diagnosis And Treatment: സംസ്ഥാനത്തെ വിവിധ കാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണല്‍ കാന്‍സര്‍ സെന്ററുകളുടേയും ഒരു ശൃംഖലയാണ് കാന്‍സര്‍ ഗ്രിഡ്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2025, 05:30 PM IST
  • സംസ്ഥാനത്തെമ്പാടും ഒരേ തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള കാന്‍സര്‍ പരിചരണം ലഭ്യമാക്കുകയാണ് കാൻസർ ​ഗ്രിഡിന്റെ ലക്ഷ്യം
  • കാന്‍സര്‍ വിദഗ്ദ്ധര്‍ക്കിടയില്‍ സഹകരണം എളുപ്പമാക്കുകയും അതുവഴി അവര്‍ക്ക് അറിവും വൈദഗ്ധ്യവും പങ്കിടാനും കഴിയുന്നു
Cancer Grid: കാന്‍സര്‍ രോഗ നിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സംസ്ഥാനത്ത് ആദ്യമായി കാന്‍സര്‍ ഗ്രിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ രോഗനിര്‍ണയവും ചികിത്സയും കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കാന്‍സര്‍ ഗ്രിഡ് ഏറെ സഹായകരമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് കാന്‍സര്‍ ഗ്രിഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

താഴെത്തട്ട് മുതലുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തുന്നവരില്‍ കാന്‍സര്‍ രോഗസാധ്യതയുള്ളവര്‍ക്ക് മറ്റിടങ്ങളില്‍ അലയാതെ കൃത്യമായ പരിശോധനയും ചികിത്സയും ലഭ്യമാക്കുന്നു. സംസ്ഥാനത്തെ വിവിധ കാന്‍സര്‍ പരിശോധനാ കേന്ദ്രങ്ങളുടേയും ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടേയും പരിശോധനാ കേന്ദ്രങ്ങളുടേയും റീജിയണല്‍ കാന്‍സര്‍ സെന്ററുകളുടേയും ഒരു ശൃംഖലയാണിത്.

സംസ്ഥാനത്തെമ്പാടും ഒരേ തരത്തില്‍ ഉയര്‍ന്ന നിലവാരമുള്ള കാന്‍സര്‍ പരിചരണം ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. 
കാന്‍സര്‍ ഗ്രിഡിലൂടെ രോഗികള്‍ക്ക് എവിടെയാണെങ്കിലും സമാനമായ ഗുണനിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാകുന്നു. കാന്‍സര്‍ പരിചരണത്തിനായി ഏകീകൃത ചികിത്സാ പ്രോട്ടോക്കോളുകളും മാര്‍ഗനിര്‍ദ്ദേശങ്ങളും സാധ്യമാക്കാനും ഇതിലൂടെ കഴിയുന്നു.

കാന്‍സര്‍ വിദഗ്ദ്ധര്‍ക്കിടയില്‍ സഹകരണം എളുപ്പമാക്കുകയും അതുവഴി അവര്‍ക്ക് അറിവും വൈദഗ്ധ്യവും പങ്കിടാനും കഴിയുന്നു. കൂടാതെ കാന്‍സര്‍ ചികിത്സയിലും പ്രതിരോധത്തിലുമുള്ള ഗവേഷണത്തേയും ഇന്നൊവേഷനേയും പ്രോത്സാഹിപ്പിക്കുന്നു. എവിടെയെല്ലാം കാന്‍സര്‍ സ്‌ക്രീനിംഗ് സൗകര്യം ലഭ്യമാണ്, അവിടെ കാന്‍സര്‍ സംശയിച്ചാല്‍ എവിടെ റഫര്‍ ചെയ്യണം, അവിടെ എന്തെല്ലാം സേവനങ്ങള്‍ വേണം തുടങ്ങി കാന്‍സറിന്റെ ഓരോ ഘട്ടത്തിലും എവിടെയെല്ലാം പരിശോധനയും ചികിത്സയും ലഭ്യമാകുന്നു എന്ന് കൃത്യമായി മാപ്പ് ചെയ്യുന്ന സംവിധാനമാണ് കാന്‍സര്‍ ഗ്രിഡ്.

ALSO READ: വിലകൂടിയ കാന്‍സര്‍ മരുന്നുകള്‍ 'സീറോ പ്രോഫിറ്റായി' കമ്പനി വിലയ്ക്ക് ലഭ്യമാക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോ‍ർജ്

ഒരു സ്ഥാപനത്തില്‍ കാന്‍സര്‍ കണ്ടെത്തിയാല്‍ തുടര്‍സേവനങ്ങള്‍ എവിടെ ലഭ്യമാണെന്ന് കൃത്യമായി നിശ്ചയിച്ചിട്ടുണ്ട്. രോഗി എത്തുന്ന ആരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്ത് ആവശ്യമായ വിദഗ്ധ പരിശോധനയും ചികിത്സയും ലഭ്യമാകുന്ന സ്ഥലത്താണ് അയയ്ക്കുന്നത്. ആ കേന്ദ്രത്തെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. സാമ്പിളുകള്‍ നല്‍കിയ ശേഷം രോഗിയ്ക്ക് വീട്ടില്‍ പോകാം. പരിശോധനാ ഫലം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രം വഴി അറിയിക്കുന്നു.

ആവശ്യമെങ്കില്‍ തുടര്‍ സേവനങ്ങള്‍ക്കായി റഫറല്‍ കേന്ദ്രത്തിലേക്ക് എത്തിക്കുന്നു. ചികിത്സയ്ക്ക് ശേഷം ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വഴി തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുന്നു. ആശുപത്രികളിലെ ഗ്യാപ്പ് അനാലിസിസ് നടത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചാണ് കാന്‍സര്‍ ഗ്രിഡ് സ്ഥാപിച്ചത്. 
സംസ്ഥാനത്ത് കാന്‍സര്‍ രോഗികള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രാരംഭ രോഗ നിര്‍ണയത്തിനും പരിചരണത്തിനും പ്രത്യേക പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.

കാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജനകീയ കാന്‍സര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണ്. സ്‌ക്രീനിംഗില്‍ രോഗ സാധ്യത കണ്ടെത്തുന്നവര്‍ക്ക് വിദഗ്ധ പരിശോധനയും ചികിത്സയും ഉറപ്പാക്കുന്നു. ഈ പ്രവര്‍ത്തനങ്ങള്‍ക്കും കാന്‍സര്‍ ഗ്രിഡ് ഏറെ സഹായിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News