Agasthyarkoodam: അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് എങ്ങനെ? വിശദ വിവരങ്ങള്‍ ഇതാ

Agasthyarkoodam trekking registration: ഒരു ദിവസം പരമാവധി 30 പേര്‍ക്ക് മാത്രമാണ് ഓഫ് ലൈൻ രജിസ്ട്രേഷൻ അനുവദിക്കുക.

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 07:06 PM IST
  • പക്ഷി നിരീക്ഷകര്‍ക്കായി പ്രകൃതി രചിച്ച ഭാവഗീതമാണ് അഗസ്ത്യകൂടം.
  • ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമാണ് ട്രെക്കിംഗ് അനുവദിക്കുക.
  • ഓഫ് ലൈന്‍ ബുക്കിംഗ് ട്രെക്കിംഗ് തീയതിക്ക് ഒരു ദിവസം മുമ്പ് മാത്രമേ നടത്താന്‍ സാധിക്കൂ.
Agasthyarkoodam: അഗസ്ത്യാര്‍കൂടം ട്രെക്കിംഗ്; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് എങ്ങനെ? വിശദ വിവരങ്ങള്‍ ഇതാ

തിരുവനന്തപുരം: അഗസ്ത്യാർകൂടം സീസൺ ട്രക്കിംഗ് ഓൺലൈൻ രജിസ്ട്രേഷൻ കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ജനുവരി 24 തുടങ്ങി ഫെബ്രുവരി രണ്ട് വരെയാണ് ട്രെക്കിംഗ്. ദിവസവും 70 പേർക്കാണ് ഓൺലൈൻ രജിസ്ട്രേഷൻ  അനുവദിക്കുക. വനം വകുപ്പിൻ്റെ www.forest.kerala.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് serviceonline.gov.in/trekking എന്ന ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബുക്ക് ചെയ്യാം. 

ഒരു ദിവസം പരമാവധി 100 പേര്‍ക്ക് മാത്രമാണ് ട്രെക്കിംഗ് അനുവദിക്കുക. പ്രതിദിനം 70 പേര്‍ എന്ന കണക്കിൽ ഓണ്‍ലൈന്‍ രജിസ്ട്രേഷനും  ദിവസം 30 പേരില്‍ കൂടാതെ ഓഫ്‌ലൈന്‍ ബുക്കിംഗുമാണ് അനുവദിച്ചിരിക്കുന്നത്. ഓഫ് ലൈന്‍ ബുക്കിംഗ്, ട്രെക്കിംഗ് തീയതിക്ക് ഒരു ദിവസം മുന്‍പ് മാത്രമേ നടത്താന്‍ സാധിക്കൂ. ഭക്ഷണം ഇല്ലാതെ ഇക്കോ ഡെവലപ്‌മെന്റ് ചാര്‍ജ് അടക്കം 2500 രൂപയാണ് ട്രെക്കിംഗ് ഫീസായി ഈടാക്കുക. 

ALSO READ: മകരവിളക്ക് ഉത്സവത്തിന് ഒരുക്കങ്ങൾ പൂർണം: ദേവസ്വം ബോർഡ് പ്രസിഡന്റ്

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫോട്ടോയും, സര്‍ക്കാര്‍ അംഗീകരിച്ച ഐഡിയും ഓണ്‍ലൈനായി അപ്ലോഡ് ചെയ്യണം. 14 വയസ് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് രക്ഷാകര്‍ത്താവിനോടൊപ്പമോ രക്ഷിതാവിന്റെ അനുമതി പത്രത്തോടൊപ്പമോ മാത്രമേ യാത്ര അനുവദിക്കൂ. ട്രെക്കിംഗ് ആരംഭിക്കുന്നതിന് മുമ്പായി 7 ദിവസത്തിനകം എടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഫസ്റ്റ് എയിഡ് കിറ്റ്, അപകട ഇന്‍ഷൂറന്‍സ് എന്നിവ ട്രെക്കിംഗിന് വരുന്നവര്‍ ഉറപ്പായും കൈയ്യിൽ കരുതണം. പ്രതികൂല കാലാവസ്ഥ, വന്യജീവി ആക്രമണ സാധ്യത എന്നിവയുണ്ടെങ്കില്‍ ഏത് സമയത്തും ട്രെക്കിംഗ് നിര്‍ത്തി വെയ്ക്കുമെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. 

പക്ഷി നിരീക്ഷകര്‍ക്കായി പ്രകൃതി രചിച്ച ഭാവഗീതമാണ് അഗസ്ത്യകൂടം. വിശേഷപ്പെട്ട പക്ഷികളെ ഒരു നോക്കു കാണുന്നതിന് നൂറുകണക്കിന് പക്ഷിനിരീക്ഷകരാണ് അഗസ്ത്യകൂടത്തില്‍ എത്തുന്നത്. നെയ്യാര്‍ അണക്കെട്ടില്‍ നിന്നും ബോണക്കാട് നിന്നും അഗസ്ത്യകൂടം കാണാനാവും. അപൂര്‍വ്വമായ സസ്യ ജന്തു ജാലങ്ങളാണ് അഗസ്ത്യകൂടത്തിന്റെ സവിശേഷത. ഇവിടെ മാത്രം കണ്ടു വരുന്ന ഔഷധ ചെടികളുമുണ്ട്. രണ്ടായിരത്തിലധികം അപൂര്‍വ്വ സസ്യങ്ങളും ഔഷധ ചെടികളും ഓര്‍ക്കിഡുകളും അഗസ്ത്യകൂടത്തില്‍ ഉളളതായി രേഖപ്പെടുത്തിയിരിക്കുന്നു.

പുരാണ കഥാപാത്രമായ അഗസ്ത്യ മുനിയുടെ വാസസ്ഥലം ആയിരുന്നുവത്രെ ഈ പ്രദേശം. അതാണ് അഗസ്ത്യാർകൂടം എന്ന പേരില്‍ ഈ സ്ഥലം വിഖ്യാതമായത്. അഗസ്ത്യമുനിയുടേത് എന്ന് കരുതുന്ന ഒരു ക്ഷേത്രം ഇവിടെയുണ്ട്. വിശ്വാസികള്‍ ഇവിടം സന്ദർശിക്കാറുണ്ട്. അഗസ്ത്യകൂടത്തിലെ അന്തരീക്ഷത്തിനു തന്നെ ഔഷധ ഗുണമുണ്ട് എന്നാണ് വിശ്വാസം. 

അഗസ്ത്യമുടിയുടെ താഴ്വാരമായ ബോണക്കാട് വരെ മാത്രമേ വാഹനയാത്ര സാധ്യമാകൂ. കൊടുമുടിയിലേക്ക് നടന്നു തന്നെ കയറണം. സാഹസിക നടത്തത്തിനു കര്‍ശനമായ നിയന്ത്രണമുണ്ട്. തിരുവനന്തപുരത്തെ വന്യജീവി സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് മുന്‍കൂറായി അനുവാദം വാങ്ങിയാലേ അഗസ്ത്യകൂടത്തിലേക്ക് യാത്ര ചെയ്യാനാകൂ.

വിശദ വിവരങ്ങൾക്ക്
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വനംവകുപ്പ്, പി.ടി.പി. നഗര്‍, തിരുവനന്തപുരം 
ഫോണ്‍ : 91 471 2360762

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ തിരുവനന്തപുരം, ബോണക്കാട് നിന്നും 61 കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്രീയ വിമാനത്താവളം, ബോണക്കാട് നിന്നും 69 കി. മീ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News