കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബങ്കുര ഓന്ത റെയില്‍വേ സ്റ്റേഷനില്‍ ചരക്ക് തീവണ്ടികള്‍ കൂട്ടിയിച്ച് അപകടം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. കൂട്ടിയിടെത്തുടര്ന്ന് 12 ബോഗികള്‍ പാളംതെറ്റി. തീവണ്ടികളില്‍ ചരക്കുകള്‍ ഉണ്ടായിരുന്നില്ല. അപകടത്തില്‍ ഒരു തീവണ്ടിയുടെ ലോക്കോപൈലറ്റിന് നിസാരപരിക്കുണ്ട്.
അപകടത്തെത്തുടര്‍ന്ന് ആദ്ര ഡിവിഷനിലെ തീവണ്ടി ഗതാഗതം തടസപ്പെട്ടു. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇതോടെ ബംഗാളിലെ പടിഞ്ഞാറന്‍ മിഡ്നാപുര്, ബങ്കുര, പുരുലിയ, ബര്‍ദമാന്‍, ഝാര്‍ഖണ്ഡിലെ ധന്‍ബാദ്, ബൊക്കാരോ, സിംഹഭൂമ ജില്ലകളില്‍ ഗതാഗത തടസം നേരിടും.
ALSO READ: ഈ ബാങ്കുകളെല്ലാം സ്ഥിര നിക്ഷേപത്തിന് പലിശ കൂട്ടി, നിങ്ങൾ എവിടെ നിക്ഷേപിക്കണം?
തീവണ്ടി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണെന്ന് സൗത്ത്- ഈസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഒഡിഷയില്‍ 275 പേരുടെ മരണത്തിന് ഇടയാക്കിയ തീവണ്ടി ദുരന്തമുണ്ടായി ഒരുമാസം പൂര്‍ത്തിയാകും മുമ്പാണ് ബംഗാളിലെ അപകടം.